Skip to main content

ജംഉം ഖസ്വ്‌റും

നമസ്‌കാരവുമായി ബന്ധപ്പെട്ട രണ്ട് സാങ്കേതിക പദങ്ങളാണ് ജംഉം ഖസ്വ്‌റും. സമയ ബന്ധിതമായി നിത്യേന നിര്‍വഹിക്കേണ്ട അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ഇളവാണ് ഇത്. അല്ലാഹു നല്കിയ ഈ ഇളവുകള്‍ ഉപയോഗിക്കുന്നത് തന്നെയാണ് ഉത്തമം. ഇതാണ് സലഫുസ്സ്വാലിഹുകളുടെ മാതൃക.

ജംഅ്: തൊട്ടടുത്തുള്ള രണ്ടു നമസ്‌കാരങ്ങള്‍ ഏതെങ്കിലും ഒരു നമസ്‌കാരത്തിന്റെ സമയത്ത് ഒരുമിച്ച് നമസ്‌കരിക്കുന്നതിനാണ് ജംഅ് എന്നു പറയുന്നത്. ഉദാഹരണത്തിന് ദ്വുഹ്ര്‍, അസ്വര്‍ എന്നിവ ദ്വുഹ്‌റിന്റെ സമയത്തോ അസ്വ്‌റിന്റെ സമയത്തോ നിര്‍വഹിക്കുക. കൃത്യസമയങ്ങളില്‍ നമസ്‌കരിക്കാന്‍ പ്രതിബന്ധങ്ങളുള്ളവര്‍ക്കും യാത്രക്കാര്‍ക്കും അനുവദിച്ച ഇളവാണ് ജംഅ്.

ഖസ്വര്‍: നാലു റക്അത്തുള്ള നമസ്‌കാരങ്ങള്‍ രണ്ടു റക്അത്തായി ചുരുക്കി നമസ്‌കരിക്കുന്നതിനാണ് ഖസ്വര്‍ എന്നു പറയുന്നത്. യാത്രക്കാര്‍ക്ക് നമസ്‌കാരങ്ങളില്‍ അനുവദിച്ച ഇളവാണ് ഇത്. 

ജംഉം ഖസ്വ്‌റും: യാത്രക്കാരായ നമസ്‌കാരക്കാര്‍ക്ക് ഇത് രണ്ടും  ഒരുമിച്ചോ ഒന്നുമാത്രമായോ ഉപയോഗിക്കാം. ഉദാഹരണമായി ഒരാള്‍ക്ക് ദ്വുഹ്‌റും അസ്വ്‌റും രണ്ടു റക്അത്തു വീതം ഏതെങ്കിലും ഒരു നമസ്‌കാരത്തിന്റെ സമയത്ത് (ജംഉം ഖസ്വ്‌റും) ഒരുമിച്ച് നമസ്‌കരിക്കാം. അല്ലെങ്കില്‍ ദ്വുഹ്ര്‍ അതിന്റെ സമയത്ത് രണ്ടു റക്അത്താക്കി ഖസ്വര്‍ ചെയ്തും അസ്വര്‍ അതിന്റെ സമയത്ത് രണ്ടു റക്അത്തായി ഖസ്വര്‍ ചെയ്തും വേറെ വേറെ നമസ്‌കരിക്കാം. 

Feedback