Skip to main content

ഇളവുകള്‍

നമസ്‌കാരത്തിന്റെ സമയനിഷ്ഠയെപ്പറ്റി പറയുമ്പോള്‍ പ്രത്യേകം പരാമര്‍ശിക്കേണ്ട ഒരു കാര്യമാണ് യാത്രകളില്‍ നമസ്‌കാരത്തിന്റെ സമയനിഷ്ഠ എങ്ങനെ പാലിക്കുമെന്നത്. സ്വന്തം നാട്ടിലെയും വീട്ടിലെയും സൗകര്യങ്ങള്‍ പലതും ലഭിക്കാത്ത ഒരവസരമാണല്ലോ യാത്ര. ദീര്‍ഘദൂര യാത്രക്കാരന് റമദാനിലാണെങ്കില്‍ നോമ്പുപേക്ഷിച്ച്, പകരം മറ്റവസരങ്ങളില്‍ നിര്‍വഹിച്ചാല്‍ മതി. എന്നാല്‍ നമസ്‌കാരത്തില്‍ ആ സമ്പ്രദായമില്ല. 

യാത്രക്കാര്‍ക്ക് നമസ്‌കാരത്തിന്റെ സമയം കൃത്യമായി പാലിക്കാന്‍ കഴിയില്ല. സൗകര്യവും കുറവായിരിക്കും. അതിനാല്‍ രണ്ടു നമസ്‌കാരങ്ങള്‍ ഒന്നിച്ച് ഒരു സമയത്ത് നിര്‍വഹിക്കാം. ഇതിനു 'ജംഅ്' അഥവാ കൂട്ടി നമസ്‌കരിക്കല്‍ എന്നു പറയുന്നു. നാലു റക്അത്ത് നമസ്‌കാരം രണ്ടു റക്അത്തായി നമസ്‌കരിച്ചാല്‍ മതി. ഇതിനു 'ഖസ്ർ' അഥവാ ചുരുക്കി നമസ്‌കരിക്കല്‍ എന്നും പറയുന്നു. 

ദ്വുഹ്ര്‍, അസ്വ്‌ർ എന്നീ നമസ്‌കാരങ്ങള്‍ ഏതെങ്കിലും ഒന്നിന്റെ സമയത്ത് - സൗകര്യംപോലെ- നിര്‍വഹിക്കാം. മഗ്‌രിബ്, ഇശാ എന്നിവ അവയിലൊന്നിന്റെ സമയത്ത് നിര്‍വഹിക്കാം. സ്വുബ്ഹ് നമസ്‌കാരത്തിന് ജംഉം ഖസ്വ്‌റും ബാധകമല്ല. ദ്വുഹ്ര്‍, അസ്വ്‌ർ എന്നിവ ദ്വുഹ്‌റിന്റെ സമയത്ത് നിര്‍വഹിക്കുകയാണെങ്കില്‍ 'ജംഉത്തഖ്ദീം' എന്നും അസ്വ്‌റിന്റെ സമയത്താണെങ്കില്‍ 'ജംഉത്തഅ്ഖീര്‍' എന്നും പറയുന്നു. മഗ്‌രിബിന്റെയും ഇശാഇന്റെയും കാര്യത്തിലും ഇങ്ങനെത്തന്നെ പറയാം. മഗ്‌രിബിന് ഖസ്വ്‌ർ ഇല്ല. ജംഉം ഖസ്വ്‌റും ഒരേ സമയത്ത് നിര്‍വഹിക്കാവുന്നതാണ്.

''നിങ്ങള്‍ ഭൂമിയില്‍ യാത്ര ചെയ്യുകയാണെങ്കില്‍ സത്യനിഷേധികള്‍ നിങ്ങള്‍ക്കു നാശം വരുത്തുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം നമസ്‌കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്കു കുറ്റമില്ല'' (4:101).

''നബി(സ്വ) യാത്രചെയ്യുമ്പോള്‍ വേഗം പോകേണ്ടതുണ്ടെങ്കില്‍ മഗ്‌രിബ് നമസ്‌കാരം ഇശായോടു കൂടി നിര്‍വഹിക്കാന്‍ കഴിയുമാറ് പിന്തിക്കുകയാണ് ചെയ്തിരുന്നത്'' (ബുഖാരി). 

''നബി(സ്വ) ധൃതിയായി യാത്ര പുറപ്പെടുമ്പോള്‍ മഗ്‌രിബ് പിന്തിക്കുമായിരുന്നു. പിന്നീട് അത് മൂന്ന് റക്അത്ത് നമസ്‌കരിക്കുകയും സലാം വീട്ടുകയും ചെയ്യും. അല്പനേരം അവിടെ ഇരുന്ന ശേഷം ഇശാ നമസ്‌കാരത്തിന് ഇഖാമത്ത് വിളിക്കുകയും അത് (ഇശാ) രണ്ടു റക്അത്ത് നമസ്‌കരിക്കുകയും ചെയ്യും'' (ജംഉം ഖസ്‌റും ഒരുമിച്ച് ചെയ്തിരുന്നു എന്നര്‍ഥം) (ബുഖാരി).

''സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്നു തെറ്റുന്നതിനു മുമ്പായി റസൂല്‍(സ്വ) യാത്ര പുറപ്പെടുകയാണെങ്കില്‍ ദ്വുഹ്‌റിനെ അസ്വ്‌റിന്റെ സമയത്തേക്ക് പിന്തിക്കുകയും പിന്നെ രണ്ടും ഒന്നിച്ചു നമസ്‌കരിക്കുകയും ചെയ്യുമായിരുന്നു. യാത്രയ്ക്കു മുമ്പായി ഉച്ചതിരിഞ്ഞുവെങ്കില്‍ ദ്വുഹ്ര്‍ നമസ്‌കരിച്ച് യാത്ര പുറപ്പെടുമായിരുന്നു'' (ബുഖാരി, മുസ്‌ലിം). ഇബ്‌നുഉമര്‍(റ) പ്രസ്താവിക്കുന്നു: ''ഞാന്‍ നബി(സ്വ)യുടെ കൂടെ സഹവസിച്ചിട്ടുണ്ട്. അദ്ദേഹം യാത്രയില്‍ രണ്ടു റക്അത്തില്‍ കൂടുതല്‍ നമസ്‌കരിക്കാറുണ്ടായിരുന്നില്ല. അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍(റ) എന്നിവരും അങ്ങനെത്തന്നെ'' (ബുഖാരി, മുസ്‌ലിം).

ഇംറാനുബ്‌നു ഹുസയ്ന്‍ പറയുന്നു: ''മഗ്‌രിബ് അല്ലാത്തതെല്ലാം രണ്ടു റക്അത്തായി നമസ്‌കരിച്ചുകൊണ്ടല്ലാതെ നബി(സ്വ) യാത്രചെയ്തിട്ടില്ല'' (തിര്‍മിദി).

ഈ ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. ജംഉം ഖസ്‌റും വേണമെങ്കില്‍ ചെയ്താല്‍ മതി എന്ന രീതിയിലല്ല പ്രവാചകനും(സ്വ) സ്വഹാബികളും കണ്ടിരുന്നത്. യാത്രചെയ്യുമ്പോള്‍ നമസ്‌കാരം കൂട്ടിയും ചുരുക്കിയും (ജംഉം ഖസ്വ്‌റും) നിര്‍വഹിക്കുകയെന്നതു തന്നെയായിരുന്നു അവരുടെ പതിവ്.

എന്നാല്‍, മുസ്‌ലിം സമുദായത്തിലെ വിവരമില്ലാത്ത വലിയൊരു വിഭാഗം ആളുകള്‍ യാത്രക്കാര്‍ക്ക് അല്ലാഹു അനുവദിച്ച ഈ ആനുകൂല്യവും ഇളവും കണക്കിലെടുക്കാതെ നമസ്‌കാരം വിട്ടുകളയുകയോ ആവശ്യത്തിലധികം വിഷമിച്ചുകൊണ്ട് നിര്‍വഹിക്കുകയോ ചെയ്യുന്നു. യുദ്ധത്തിനു പോകുമ്പോഴും ഹജ്ജുവേളയിലും മാത്രമേ ജംഉം ഖസ്വ്‌റും പാടുള്ളൂ എന്നു കരുതുന്ന ആളുകള്‍ ഏറെയുണ്ട്. ചില കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ യാത്രയുടെ ദൂരപരിധി ചര്‍ച്ചചെയ്ത് തിട്ടപ്പെടുത്തി ഏറെ ദുഷ്‌കരമാക്കുകയും ചെയ്തിരിക്കുന്നു. അതിന്റെ ഫലമെന്തെന്നല്ലേ? യഥാസമയം നമസ്‌കാരം നിര്‍വഹിക്കണമെന്ന ബോധമുള്ളവര്‍ വളരെ ക്ലേശിച്ച് യാത്രയുടെ പല സൗകര്യങ്ങളും നഷ്ടപ്പെടുത്തി നമസ്‌കരിക്കാന്‍ ശ്രമിക്കുന്നു. വേറെ ചിലര്‍ യാത്രകഴിഞ്ഞിട്ട് 'ഖദാ വീട്ടാമല്ലോ' എന്ന ലാഘവത്തോടെ നമസ്‌കാരം ഉപേക്ഷിക്കുകയും യാത്രയ്ക്കു ശേഷം എല്ലാം കൂടി ഒന്നിച്ചു നിര്‍വഹിക്കുകയും ചെയ്യുന്നു. ഇതു രണ്ടും പ്രവാചകചര്യക്കു വിരുദ്ധമാണു താനും.

അല്ലാഹു നല്‍കിയ ഈ ഇളവ്, പ്രാവര്‍ത്തികമാക്കുന്നവര്‍ക്ക് വളരെ സൗകര്യമാണു യാത്രയിലെ നമസ്‌കാരം. ദ്വുഹ്ര്‍ ആയ ഉടനെ- സൗകര്യപ്പെടുമെങ്കില്‍-  ദുഹ്ര്‍, അസ്വ്ര്ർ എന്നിവ ഒരുമിച്ച് രണ്ടു റക്അത്ത് നമസ്‌കരിക്കുകയും(ജംഉത്തഖ്ദീം) സന്ധ്യയായാല്‍ മഗ്‌രിബു നമസ്‌കാരം നിര്‍വഹിക്കാതെ പാതിരാത്രിവരെ നീട്ടിക്കൊണ്ടുപോയി മഗ്‌രിബ് ഇശാഅ് എന്നിവ ഒരുമിച്ച് നമസ്‌കരിക്കുകയും ചെയ്താല്‍ (ജംഉത്തഅ്ഖീര്‍) സുദീര്‍ഘമായ പന്ത്രണ്ടു മണിക്കൂറോളം സമയം ആ യാത്രക്കാരന് നമസ്‌കാരങ്ങള്‍ക്കിടയില്‍ ലഭിക്കുന്നു. ഇതൊരു ഉദാഹരണം മാത്രം. യാത്രയുടെ സ്വഭാവമനുസരിച്ച് നമുക്കിത് ക്രമീകരിക്കാം.

അല്ലാഹു മനുഷ്യര്‍ക്കു നല്‍കിയ ഈ വക ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നതാണ് അല്ലാഹുവിന്നിഷ്ടം. യാത്രക്കിടയില്‍ പൂര്‍ത്തിയാക്കി നമസ്‌കരിക്കുക എന്നത് കൂടുതല്‍ പുണ്യമാണെന്ന് ധരിക്കേണ്ടതില്ല. യാത്രയില്‍ നോമ്പെടുക്കല്‍ പുണ്യകരമാണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു പ്രവാചകന്റെ(സ്വ) മറുപടി.

യാത്രയില്‍ ഖസ്ർ ആവാമെന്നല്ലാതെ അത് ഏതെങ്കിലും പ്രത്യേക ആവശ്യത്തിനുള്ള യാത്രയെന്നോ പ്രത്യേക രൂപത്തിലുള്ള യാത്രയെന്നോ ഖുര്‍ആനിലോ ഹദീസിലോ പറഞ്ഞിട്ടില്ല. അതുകൊണ്ട് അനുവദനീയമായ ഏതു യാത്രയും ഇതില്‍ പെടുന്നുവെന്ന് മനസ്സിലാക്കാം.

ഹജ്ജ്, ജിഹാദ് തുടങ്ങിയ ദീനീ ആവശ്യങ്ങള്‍ക്കോ കച്ചവടം, പഠനപര്യടനം, ഉല്ലാസം തുടങ്ങിയ ജീവിതാവശ്യങ്ങള്‍ക്കോ ഏതിന്നായാലും വിരോധമില്ല. യാത്ര കാല്‍നടയായാലും ഒട്ടകം, കുതിര തുടങ്ങിയ മൃഗങ്ങളുടെ പുറത്തായാലും (അത് ഇന്ന് വിരളമാണെങ്കിലും) അങ്ങനെത്തന്നെ. ബസ്, കാര്‍, കപ്പല്‍, വിമാനം തുടങ്ങിയ വാഹനങ്ങളിലായാലും ജംഉം ഖസ്വ്‌റും ബാധകമാണ്.

''യഅ്‌ലബ്‌നു ഉമയ്യ(റ) പറയുന്നു: ഉമറിനോട്(റ) ഞാന്‍ ചോദിച്ചു: 'സത്യനിഷേധികള്‍ നിങ്ങള്‍ക്ക് ശല്യമുണ്ടാക്കുമെന്നു നിങ്ങള്‍ ഭയപ്പെട്ടാല്‍ നമസ്‌കാരത്തില്‍ നിന്നും കുറയ്ക്കുന്നതിനു നിങ്ങള്‍ക്കു തെറ്റില്ല' (എന്നല്ലേ പറഞ്ഞിരിക്കുന്നത്?) എന്നാല്‍ ഇപ്പോള്‍ ജനങ്ങള്‍ നിര്‍ഭയരായിരിക്കുന്നുവല്ലോ. ഉമര്‍(റ) മറുപടിനല്‍കി: 'നിനക്ക് അത്ഭുതം തോന്നിയ ഈ കാര്യത്തെപ്പറ്റി എനിക്കും അത്ഭുതം തോന്നി. അപ്പോള്‍ ഞാന്‍ റസൂലി(സ)നോട് ചോദിച്ചു. അദ്ദേഹം ഇപ്രകാരം മറുപടി പറയുകയുണ്ടായി: 'അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഒരു ഔദാര്യമാണിത്. അതുകൊണ്ട് അവന്റെ ഔദാര്യം നിങ്ങള്‍ സ്വീകരിച്ചുകൊള്ളുക'' (മുസ്‌ലിം).
 

Feedback