Skip to main content

ഖസ്വ്‌ർ : ദൂരപരിധി


നമസ്‌കാരം, ജംഉം ഖസ്വ്‌റും ആക്കാന്‍ അനുമതിയുള്ള യാത്രയ്ക്ക് ചുരുങ്ങിയത് എത്ര ദൂരം വേണമെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്ക് ഭിന്ന വീക്ഷണങ്ങള്‍ ഉള്ളതായികാണാം. എന്നാല്‍, പ്രവാചകന്‍(സ്വ) ഈ യാത്രയ്ക്ക് പ്രത്യേക ദൂരപരിധി നിജപ്പെടുത്തിയിട്ടില്ല എന്നതാണു വാസ്തവം. ഇവ്വിഷയകമായി നബി(സ്വ)യുടെ സന്തത സഹചാരിയായിരുന്ന അനസുബ്‌നു മാലികില്‍(റ) നിന്ന് ബുഖാരി(റ) ഉദ്ധരിക്കുന്ന ഹദീസ് ഇപ്രകാരമാണ്: ''ഞാന്‍ നബി(സ്വ)യോടൊത്ത് മദീനയില്‍ വെച്ച് ദ്വുഹ്ര്‍ നാലുറക്അത്ത് നമസ്‌കരിച്ചു. ദുല്‍ഹുലൈഫയില്‍ വെച്ച് അസ്വര്‍  രണ്ടു റക്അത്തും നമസ്‌കരിച്ചു'' (മുസ്‌ലിം).

മദീനയില്‍ നിന്നും ദുല്‍ഹുലൈഫയിലേക്ക് ഏതാനും കിലോമീറ്റര്‍ ദൂരമാണുള്ളത്. ഇത് ദൂരപരിധി വിവരിച്ചതല്ല. എങ്കിലും അത്ര ചുരുങ്ങിയ ദൂരം യാത്ര ചെയ്താലും ഖസ്വ്‌റാക്കുന്നതിനു വിരോധമില്ല എന്ന് നമുക്ക് ഇതില്‍ നിന്നു മനസ്സിലാക്കാം.

''റസൂല്‍(സ്വ) മൂന്ന് 'മീലോ' മൂന്ന് 'ഫര്‍സഖോ' ദൂരത്തേക്ക് യാത്ര പുറപ്പെട്ടാല്‍ രണ്ടു റക്അത്തായിരുന്നു നമസ്‌കരിച്ചിരുന്നത്'' (മുസ്‌ലിം). അത്ര കുറഞ്ഞ ദൂരത്തേക്കുള്ള യാത്രയിലും ഖസ്വര്‍  ആക്കാറുണ്ടായിരുന്നു എന്നര്‍ഥം. അന്നത്തെ ഒരു അളവായിരുന്നു 'മീല്‍' എന്നത്. ഇന്നത്തെ 1847 മീറ്ററാണത്രെ. (അനുഷ്ഠാനമുറകള്‍- എ കെ അബ്ദുല്ലത്വീഫ് മൗലവി). ചുരുക്കത്തില്‍ അഞ്ചോ ആറോ കിലോമീറ്റര്‍ ദൂരമാണ് യാത്രയെങ്കിലും ഖസ്വര്‍  ആക്കാമെന്നര്‍ഥം.

'സാദുല്‍ മആദി'ലെ പ്രസ്താവന ഇവിടെ ശ്രദ്ധേയമാണ്: ''(യാത്രയില്‍) നമസ്‌കാരം ചുരുക്കുന്നതിനും നോമ്പു വിടുന്നതിനും നിശ്ചിതമായ ഒരു ദൂരം നബി(സ്വ) തന്റെ അനുയായികള്‍ക്ക് നിര്‍ണയിച്ചു കൊടുത്തിട്ടില്ല. കേവലം യാത്ര എന്ന നിലയില്‍ നിരുപാധികമായി അനുമതി നല്‍കുകയാണ് ചെയ്തത്.''

യാത്രക്കിടയില്‍ മാത്രമല്ല, യാത്രാമധ്യേ തങ്ങുന്ന സ്ഥലത്തുവെച്ചും ഖസ്വര്‍  ആക്കാം. താല്‍ക്കാലികമായി താമസിക്കുകയാണെങ്കിലും ഖസ്വര്‍  ആക്കാം. നാട്ടില്‍ തിരിച്ചെത്തുന്നതുവരെ ഈ ആനുകൂല്യം സ്വീകരിക്കാം.

നബി(സ്വ) 'ഹജ്ജതുല്‍വദാഇ'ന്റെ സന്ദര്‍ഭത്തില്‍ മക്കയിലേക്കു പുറപ്പെട്ട് മദീനയില്‍ തിരിച്ചെത്തുന്നതു വരെ നമസ്‌കാരം ചുരുക്കിയാണ് നിര്‍വഹിച്ചിരുന്നത്. അനസ്(റ) പറഞ്ഞു: ''ഞങ്ങള്‍ റസൂലിന്റെ കൂടെ മദീനയില്‍ നിന്ന് മക്കയിലേക്കു പുറപ്പെട്ടു. നബി(സ്വ) മടങ്ങിവരുന്നതുവരെ നമസ്‌കാരം രണ്ടു റക്അത്ത്‌വീതം നമസ്‌കരിച്ചു. ഞാന്‍ ചോദിച്ചു: 'മക്കയില്‍ എത്ര താമസിച്ചു?' അദ്ദേഹം പറഞ്ഞു: 'പത്തു ദിവസം' (മുസ്‌ലിം).

മക്കാ വിജയത്തിന്റെ വര്‍ഷം പത്തൊന്‍പതു ദിവസം മക്കയില്‍വെച്ചു നബി(സ്വ) നമസ്‌കാരം ചുരുക്കി നിര്‍വഹിച്ചു എന്ന് ബുഖാരി ഉദ്ധരിക്കുന്നു. ഈ അടിസ്ഥാനത്തില്‍ യാത്രയില്‍ ഞങ്ങള്‍ പത്തൊന്‍പതു ദിവസത്തില്‍ കൂടുതല്‍ നമസ്‌കാരം ചുരുക്കാറില്ലായിരുന്നു എന്ന് ഇബ്‌നു അബ്ബാസ്(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. നബി(സ്വ) യാത്ര ചെയ്യുമ്പോള്‍ മദീനയുടെ അതിര്‍ത്തിവിട്ട ശേഷമേ ഖസ്വര്‍  ആക്കാറുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് നാം സ്വന്തം നാടിന്റെ അതിര്‍ത്തിക്കപ്പുറത്തു വെച്ച് മാത്രമേ ഖസ്വര്‍   ആക്കാവൂ എന്നു മനസ്സിലാക്കാം.

പ്രതിബന്ധമുണ്ടെങ്കില്‍ നാട്ടില്‍ വെച്ചും 'ജംഅ്' ആക്കി നമസ്‌കരിക്കാമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാരണം, നബി(സ്വ) മദീനയില്‍വെച്ച് തന്നെ ചിലപ്പോള്‍ 'ജംഅ്' ചെയ്തതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ യാത്രയിലല്ലാതെ ചുരുക്കി നമസ്‌കരിക്കാന്‍ അനുവാദമില്ല. ഇമാം അഹ്മദ്(റ)ന്റെ അഭിപ്രായം രോഗം കാരണം ഖസ്വ്‌റാക്കി നമസ്‌കരിക്കാമെന്നാണ്. എന്നാല്‍ സുന്നത്തിന്റെ (പ്രവാചകാധ്യാപനം) പിന്‍ബലം ഈ അഭിപ്രായത്തിനില്ല.
 

Feedback
  • Tuesday Dec 10, 2024
  • Jumada ath-Thaniya 8 1446