Skip to main content

സമയക്രമം

നമസ്‌കാരം സമയം നിര്‍ണയിക്കപ്പെട്ട ആരാധനയാണ്. ഓരോ നമസ്‌കാരത്തിനും ആരംഭ സമയവും അവസാന സമയവുമുണ്ട്. ഓരോ നമസ്‌കാരവും അതിന്റെ സമയം അവസാനിക്കുന്നതിനു മുമ്പ് നിര്‍വഹിച്ചാല്‍ സാധുവാകുമെങ്കിലും, അതിന്റെ ആദ്യസമയത്ത് നിര്‍വഹിക്കുന്നതാണ് കുടുതല്‍ പുണ്യകരം. 

ഇബ്‌നുമസ്ഊദ്(റ) പറയുന്നു: ''ഞാന്‍ നബി(സ്വ)യോട് ചോദിച്ചു: 'ഏതു പ്രവര്‍ത്തനമാണ് ഏറ്റവും ശ്രേഷ്ഠമായത്?' അവിടുന്ന് പറഞ്ഞു: 'നമസ്‌കാരം അതിന്റെ ആദ്യസമയത്ത് നിര്‍വഹിക്കുക.' ഞാന്‍ ചോദിച്ചു: 'പിന്നെ ഏതാണ്?' അവിടുന്ന് പറഞ്ഞു: 'മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യുക.' ഞാന്‍ ചോദിച്ചു: 'പിന്നെ ഏതാണ്?' അവിടുന്ന് പറഞ്ഞു: 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മസമരം ചെയ്യുക'' (ബുഖാരി, മുസ്‌ലിം).

കഠിന ചൂട് നിമിത്തം ദ്വുഹ്ര്‍ സംഘനമസ്‌കാരത്തിന് പള്ളിയിലെത്താന്‍ വിഷമമാകുമ്പോള്‍ ദ്വുഹ്ര്‍ നമസ്‌കാരം വൈകിക്കാവുന്നതാണ്.

അബൂഹുറയ്‌റ (റ) പറയുന്നു: നബി(സ്വ) പറഞ്ഞു: ''ചൂടുള്ള ദിവസമായാല്‍ നമസ്‌കാരത്തെ നിങ്ങള്‍ തണുപ്പിക്കുക. കഠിനചൂട് നരകജ്വാലയുടെ ഒരു ഭാഗമാകുന്നു'' (മുസ്‌ലിം).

അസ്വർ നമസ്‌കാരം ഒട്ടും വൈകിക്കാതെയാണ് നബി(സ്വ) നിര്‍വഹിച്ചിരുന്നത്. അനസുബ്‌നു മാലിക്(റ) പറയുന്നു: ''സൂര്യന്‍ ഉയര്‍ന്ന് സജീവമായിരിക്കെ നബി(സ്വ) അസ്വർ നമസ്‌കരിച്ചിരുന്നു. എന്നിട്ട് (മദീനയുടെ) ഉയര്‍ന്ന ഭാഗത്തേക്ക് പോകുന്ന വ്യക്തി അവിടെയെത്തിയാലും സൂര്യന്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്നുണ്ടാകും'' (മുസ്‌ലിം 3: 131).

ഖുബാഇലേക്ക് പോയി തിരിച്ചുവന്നാലും സൂര്യന്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ടാകുമായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. അഹ്‌സാബ് യുദ്ധദിനത്തില്‍ അസ്വർ നമസ്‌കാരം നിര്‍വഹിക്കാന്‍ വൈകിപ്പോയി. അതിനു കാരണക്കാരായ അവിശ്വാസികള്‍ക്കെതിരെ നബി(സ്വ) ഇപ്രകാരം പ്രാര്‍ഥിച്ചു:

''മധ്യമ (അസ്വർ) നമസ്‌കാരം നിര്‍വഹിക്കാന്‍ കഴിയാത്തവിധം അവര്‍ നമ്മെ വ്യാപൃതരാക്കി. സൂര്യന്‍ അസ്തമിച്ചുപോയി. അവരുടെ ഖബ്‌റുകള്‍ അല്ലാഹു അഗ്നികൊണ്ട് നിറയ്ക്കട്ടെ.'' അല്ലെങ്കില്‍ അവരുടെ വീടുകള്‍ എന്നോ വയറുകള്‍ എന്നോ ആണ് നബി(സ്വ) പറഞ്ഞത്. (മുസ്‌ലിം 2: 137) 

മഗ്‌രിബ് ബാങ്ക് വിളിച്ചുകഴിഞ്ഞാല്‍ ഒട്ടും താമസിയാതെത്തന്നെ പ്രവാചകന്‍ നമസ്‌കാരവും നിര്‍വഹിച്ചിരുന്നു. ചിലപ്പോള്‍ രണ്ടു റക്അത്ത് നമസ്‌കരിക്കാനുള്ള സമയംവരെ മാത്രം താമസിപ്പിച്ചിരുന്നു.

സലമ(റ) പറയുന്നു: ''സൂര്യന്‍ അസ്തമിച്ച് മറഞ്ഞുകഴിഞ്ഞാല്‍ നബി(സ്വ) മഗ്‌രിബ് നമസ്‌കരിച്ചിരുന്നു.'' (ബുഖാരി 2:561, മുസ്‌ലിം 3:146, അബൂദാവൂദ് 1:417, തിര്‍മിദി 1: 164, ഇബ്‌നുമാജ 1:688)

റാഫിഉബ്‌നു ഖദീജ് പറയുന്നു: ''നബി(സ്വ)യുടെ കൂടെ ഞങ്ങള്‍ മഗ്‌രിബ് നമസ്‌കരിച്ച് പിരിഞ്ഞു പോകുമ്പോള്‍ അമ്പ് എറിഞ്ഞാല്‍ അത് ചെന്നു വീഴുന്ന സ്ഥലം ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും കാണാമായിരുന്നു'' (മുസ്‌ലിം 3: 146, ബുഖാരി 2: 559, ഇബ്‌നുമാജ 1: 687).

ഇശാ അല്പം വൈകി നമസ്‌കരിക്കലാണ് ഉത്തമം. ജാബിറുബ്‌നു സമുറത്ത്(റ) പറയുന്നു: ''നബി(സ്വ) ഇശാഅ് നമസ്‌കാരം വൈകിക്കാറുണ്ടായിരുന്നു'' (മുസ്‌ലിം 3: 151, നസാഈ 1: 226). ഇശാ നമസ്‌കാരം കഴിഞ്ഞാല്‍ ഉടനെ ഉറങ്ങുകയും പിന്നീട് വര്‍ത്തമാനം പറയുന്നത് ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുക പ്രവാചകന്റെ ചര്യയായിരുന്നു.

സ്വുബ്ഹ് നമസ്‌കാരം ആദ്യ നേരത്ത്തന്നെ നമസ്‌കരിക്കുക പ്രവാചകന്റെ പതിവായിരുന്നു. ആ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍പോലും നേരത്തെ പള്ളിയിലെത്തുമായിരുന്നു.

ആഇശ(റ) പറയുന്നു: ''സത്യവിശ്വാസിനികള്‍ പ്രവാചകനോടൊപ്പം സ്വുബ്ഹ് നമസ്‌കരിച്ചിരുന്നു. എന്നിട്ട് അവര്‍ അവരുടെ വസ്ത്രം പുതച്ചുകൊണ്ട് തിരിച്ചുപോകുമ്പോള്‍ അവരെ ആരും തിരിച്ചറിയുമായിരുന്നില്ല'' (മുസ്‌ലിം 3:154, ഇബ്‌നുമാജ 1:669, നസാഈ-സുനനുല്‍കുബ്‌റാ 1:271).

''നബി(സ്വ) ഇരുട്ടത്ത് നമസ്‌കരിച്ചിരുന്നതിനാല്‍ അവര്‍ മടങ്ങിപ്പോകുമ്പോള്‍ അവരെ ആരും തിരിച്ചറിയുമായിരുന്നില്ല'' എന്ന് മറ്റൊരു റിപ്പോര്‍ട്ടില്‍ കാണാം.

നബി(സ്വ)യുടെ നടപടി സംഗ്രഹിച്ചുകൊണ്ട് ഉദ്ധരിക്കപ്പെട്ട ഈ ഹദീസ് ശ്രദ്ധിക്കുക: ജാബിറുബ്‌നു അബ്ദില്ല(റ) പറയുന്നു: ''നട്ടുച്ച നേരത്ത് നബി(സ്വ) ദ്വുഹ്ര്‍ നമസ്‌കരിക്കുമായിരുന്നു. സൂര്യന്‍ വെട്ടിത്തിളങ്ങിക്കൊണ്ടിരിക്കെ അസ്വ്‌റും സൂര്യന്‍ അസ്തമിച്ച് സമയം എത്തിക്കഴിഞ്ഞാല്‍ മഗ്‌രിബും നമസ്‌കരിക്കുമായിരുന്നു. ഇശാ നമസ്‌കാരത്തെ ചിലപ്പോള്‍ വൈകിക്കുകയും ചിലപ്പോള്‍ വേഗത്തില്‍ നിര്‍വഹിക്കുകയും ചെയ്യുമായിരുന്നു. അതായത് ജനങ്ങള്‍ ഒരുമിച്ചുകൂടിയതായി കണ്ടാല്‍ ധൃതികൂട്ടും. അവര്‍ വൈകുന്നുവെന്ന് കണ്ടാല്‍ താമസിപ്പിക്കും. സ്വുബ്ഹ് ജനങ്ങള്‍ നമസ്‌കരിച്ചിരുന്നത് (അല്ലെങ്കില്‍ പ്രവാചകന്‍ നമസ്‌കരിച്ചിരുന്നത്) ഇരുട്ടത്തായിരുന്നു'' (മുസ്‌ലിം 3:155, ബുഖാരി 2:565, അബൂദാവൂദ് 1:397, നസാഈ 1:264).

പ്രവാചകന്‍ മാതൃക കാണിച്ചുതന്ന ഈ സമയങ്ങളില്‍ തന്നെ നമസ്‌കരിക്കലാണ് ഉത്തമം.
 

Feedback