Skip to main content

ശ്രദ്ധ

നമസ്‌കാരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഏകാഗ്രമായ മനസ്സോടെയായിരിക്കണം എല്ലാ കാര്യങ്ങളും ചെയ്യേണ്ടത്. ഭയഭക്തി നമസ്‌കാരത്തിലുണ്ടായിരിക്കണം. അതില്ലാത്ത നമസ്‌കാരം അല്ലാഹു സ്വീകരിക്കുകയില്ല. ''തീര്‍ച്ചയായും നമസ്‌കാരത്തില്‍ ഭയഭക്തിയുള്ളവരായ സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു'' (24:1,2).

''എന്നാല്‍ തങ്ങളുടെ നമസ്‌കാരത്തെക്കുറിച്ച് ശ്രദ്ധയില്ലാത്ത നമസ്‌കാരക്കാര്‍ക്ക് നാശം'' (107:4,5).

അതിനാല്‍ നമസ്‌കാരത്തില്‍ അശ്രദ്ധ വരുന്ന കാര്യങ്ങളോ ഭക്തിക്ക് തടസ്സമാകുന്ന ചിന്തകളോ പ്രവര്‍ത്തനങ്ങളോ പാടുള്ളതല്ല. പ്രാര്‍ഥനകള്‍ ചൊല്ലുന്നതും ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും മനസ്സാന്നിധ്യത്തോടും അര്‍ഥബോധത്തോടും കൂടിയായിരിക്കണം.

നമസ്‌കാരത്തിനു നിന്നുകഴിഞ്ഞാല്‍ ദൃഷ്ടി സുജൂദിന്റെ സ്ഥാനത്തായിരിക്കണം. അങ്ങുമിങ്ങും തിരിയുകയോ നമസ്‌കാരവുമായി ബന്ധപ്പെട്ടതല്ലാത്ത ചലനങ്ങള്‍ ഉണ്ടാവുകയോ പാടില്ല. നബി(സ്വ) പറഞ്ഞു: തന്റെ ദാസന്‍ നമസ്‌കാരത്തില്‍ തിരിഞ്ഞു നോക്കാതിരിക്കുന്നേടത്തോളം അല്ലാഹു അവന്റെ നേരെ അഭിമുഖീകരിച്ചു കൊണ്ടിരിക്കും. അവന്‍ തിരിഞ്ഞുനോക്കിയാല്‍ അല്ലാഹു തിരിഞ്ഞു കളയുന്നതാണ്'' (അബൂദാവൂദ്:909).

നമസ്‌കാരത്തില്‍ തിരിഞ്ഞു നോക്കുന്നതിനെക്കുറിച്ച് പ്രവാചകന്‍ പറഞ്ഞതിപ്രകാരമാണ്: ''അടിമയുടെ നമസ്‌കാരത്തില്‍ നിന്ന് പിശാചിന്റെ തട്ടിയെടുക്കലാണത്'' (ബുഖാരി:718).

എന്നാല്‍ അനിവാര്യമായ ഘട്ടത്തില്‍ (ശത്രുവിന്റെ ആഗമനം, സമീപത്ത് ശ്രദ്ധ ക്ഷണിച്ചുകൊണ്ടുള്ള വിളി) തിരിഞ്ഞു നോക്കാവുന്നതാണ്. ഇമാം ശാഫിഈ ഈ അഭിപ്രായത്തെ പിന്താങ്ങുന്നു. അതിന് തെളിവായി ഉദ്ധരിക്കുന്നത് ഒരിക്കല്‍ സ്വുബ്ഹ് ബാങ്ക് വിളിച്ചു കൊണ്ടിരിക്കവേ നമസ്‌കരിക്കുകയായിരുന്ന പ്രവാചകന്‍ ശഅ്ബിലേക്ക് തിരിഞ്ഞു നോക്കി എന്ന ഹദീസാണ്(അബൂദാവൂദ്: 916). അവിടേക്ക് പാറാവുകാരനായി ഒരു കുതിരപ്പടയാളിയെ അയച്ചിട്ടുണ്ടായിരുന്നു.

നമസ്‌കരിച്ചു കൊണ്ടിരിക്കുമ്പോള്‍ മേലോട്ട് നോക്കുകയോ ഊരക്ക് കൈകൊടുത്ത് നില്‍ക്കുകയോ ചെയ്യരുത് (ബുഖാരി, മുസ്‌ലിം).

ഉറക്കം തൂങ്ങിക്കൊണ്ടുള്ള നമസ്‌കാരം നിഷ്ഫലമാണ്. അതിനാല്‍ ഉറക്കം വരുന്നുവെങ്കില്‍ വേഗത്തില്‍ നമസ്‌കരിച്ച് കിടക്കണം. നബി(സ്വ) പറഞ്ഞു: ''നമസ്‌കാരത്തിലായിരിക്കെ നിങ്ങള്‍ ഉറക്കം തൂങ്ങിയാല്‍ വേഗത്തില്‍ കിടക്കുക; ഉറക്കം പോകുന്നതുവരെ. നിങ്ങള്‍ നമസ്‌കരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉറക്കം തൂങ്ങിയാല്‍ ഒരുപക്ഷേ പാപമോചനത്തിന്നര്‍ഥിക്കുമ്പോള്‍ തന്നെത്തന്നെ ശകാരിക്കുകയായിരിക്കും ചെയ്യുക'' (ബുഖാരി, മുസ്‌ലിം).
 

Feedback