Skip to main content

മലയാളത്തിലെ അറബി പദങ്ങള്‍ (6-6)

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിലവില്‍ 1635ല്‍ പരം ഭാഷകള്‍ ആളുകള്‍ സംസാരിക്കുന്നു. ഇവയില്‍ 22 ഭാഷകള്‍ ഔദ്യോഗികമായി അംഗീകരിച്ചവയാണ്. പ്രാചീന ഭാഷയായ സംസ്‌കൃതത്തിന്റെ സ്വാധീനം പല ഭാഷകളിലും കാണാം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷകളില്‍ എട്ടാമത്തേതാണ് മലയാളം. ദ്രാവിഡ ഗോത്രത്തിലെ ദക്ഷിണശാഖയില്‍ പെട്ട സംശ്ലിഷ്ട ഭാഷയാണ് മലയാളം. കേരളവും ലക്ഷദ്വീപുമാണ് പ്രധാന വ്യവഹാരമേഖലകള്‍.

മലയാള ഭാഷ അതിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ അന്യഭാഷകളെ ആശ്രയിച്ചിട്ടുണ്ട്. പൂര്‍വ ഘട്ടങ്ങളില്‍ തമിഴ് ഭാഷയോടും പിന്നീട് സംസ്‌കൃതത്തോടും ചാര്‍ച്ച കൂടി. സാന്ദര്‍ഭികമായി പോര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് തുടങ്ങിയ വിദേശ ഭാഷകളുമായും ബന്ധം പുലര്‍ത്തി. അറബി ഭാഷയുമായുള്ള സുദീര്‍ഘ സമ്പര്‍ക്കം    അറബി മലയാളമെന്ന പ്രബലമായ ഒരു ഭാഷാഭേദത്തിന് പോലും സാഹചര്യമൊരുക്കി. 

മലയാളത്തില്‍ പ്രചാരപ്പെട്ട അന്യഭാഷാപദാവലിയെ ഭാഗികമായെങ്കിലും ആദ്യം വര്‍ഗീകരിച്ചത് ഹെര്‍മണ്‍ ഗുണ്ടര്‍ട്ടാണ്. മലയാളത്തിനന്യമായ പദങ്ങള്‍ തിരിച്ചറിഞ്ഞ് അവ ഏതു ഭാഷയില്‍ നിന്നുള്ളതാണെന്ന് അദ്ദേഹം സ്വന്തം നിഘണ്ടുവില്‍ രേഖപ്പെടുത്തി. ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ളയുടെ ശബ്ദതാരാവലി, മലയാള മഹാനിഘണ്ടു, ശബ്ദ സാഗരം എന്നിവയിലും മലയാളം കടമെടുത്ത അന്യഭാഷാപദങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലെ അന്യഭാഷാപദങ്ങളെക്കുറിച്ച് ശാസ്ത്രീയമായി നിരീക്ഷണം നടത്തിയവരില്‍ ഒരാളാണ് ഡോ: ഗോദവര്‍മ. അദ്ദേഹത്തിന്റെ 'ഇന്തോ-ആര്യന്‍ ലോണ്‍ വേഡ്‌സ് ഇന്‍ മലയാളം' എന്ന ഗവേഷണ പ്രബന്ധം മലയാളത്തിലേക്ക് കടന്നുവന്ന സംസ്‌കൃത പദങ്ങളുടെ ശാസ്ത്രീയ പഠനമാണ്.

ഡോ: പി.എം.അബ്ദുറഹ്മാന്റെ 'കോണ്‍ട്രിബൂഷണ്‍ ഓഫ് അറബിക് ടു മലയാളം വൊക്കാബുലറി ആന്റ് ഗ്രാമര്‍' (1978) എന്ന ഗവേഷണ പ്രബന്ധമാണ് മലയാളത്തിലെ അറബി ഭാഷാ സ്വാധീനത്തെക്കുറിച്ചുള്ള   ആദ്യ ഗവേഷണ പ്രബന്ധം. ഇദ്ദേഹത്തിനു മുമ്പും പിമ്പും ചില ഭാഗിക നിരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒ.അബുവിന്റെ 'അറബി മലയാള സാഹിത്യ ചരിത്രം' (1970), കെ.ഒ.ശംസുദ്ദീന്റെ 'മാപ്പിള മലയാളം' എന്നിവ ശ്രദ്ധേയമാണ്. മലയാളത്തിലേക്ക് കടന്നുവന്ന അറബി പദങ്ങളുടെ ക്രോഡീകരണത്തിനും അവയുടെ വര്‍ഗീകരണത്തിനും പ്രാമുഖ്യം നല്‍കി, മലയാളത്തിലെ അറബിഭാഷാ സ്വാധീനത്തെ  ചരിത്രപരമായും ഭാഷാ ശാസ്ത്രപരമായും പഠനവിധേയമാക്കിയുള്ള ഡോ: കെ.അബ്ദുല്‍ അസീസിന്റെ 'മലയാളം കടം കൊണ്ട അറബി പദങ്ങള്‍' എന്ന ഗവേഷണ പ്രബന്ധം മുകളില്‍ പറഞ്ഞവയില്‍ നിന്നെല്ലാം മികച്ചു നില്‍ക്കുന്നു.

മലയാള ഭാഷയില്‍ അറബി പദങ്ങളുടെ കടന്നുവരവ് പ്രധാനമായും മൂന്നു മേഖലകളിലൂടെയാണ്.
1. അറബ് വ്യാപാരികളുമായുള്ള ബന്ധം
2. ഇസ്‌ലാം മത ദര്‍ശനങ്ങളും ആചാരാനുഷ്ഠാനങ്ങളും
3. അറബി-മലയാള ഭാഷയും സാഹിത്യവും
മലയാളികളുടെ പൊതുജീവിതവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ ധാരാളം അറബി പദങ്ങളുണ്ട്. അവയൊന്നും അറബി പദങ്ങളാണെന്ന തിരിച്ചറിവ് വക്താവിനോ ശ്രോതാവിനോ ഇല്ല. അത്തരത്തിലുള്ള ചില പദങ്ങള്‍ താഴെ ചേര്‍ക്കുന്നു.

Feedback