Skip to main content

സിറാജുദ്ദൗല

മുഗള്‍ ഭരണത്തിന് കീഴിലായിരുന്നപ്പോള്‍ തന്നെ ബംഗാളില്‍ ബ്രിട്ടീഷ് സാന്നിധ്യമുണ്ടായിരുന്നു. ഇന്ത്യയിലെ ഏററവും സമ്പന്നമായ സ്ഥലം എന്ന നിലയ്ക്ക് ബംഗാളില്‍ ആദ്യമെത്തിയ ബ്രിട്ടീഷുകാര്‍ കല്‍ക്കത്ത അധീനപ്പെടുത്തുകയും പലയിടങ്ങളിലും കോട്ടകളും ഫാക്ടറികളും നിര്‍മിക്കുകയും ചെയ്തു.

കടുത്ത ബ്രിട്ടീഷ് വിരോധിയായ സിറാജുദ്ദൗല അധികാരമേററ ഉടനെ അവരില്‍ നിന്ന് കല്‍ക്കത്തയും ഖാസിം ബസാറിലെ ഫാക്ടറിയും പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ സൈന്യത്തെ വരുത്തി ബ്രിട്ടീഷുകാര്‍ ഇതെല്ലാം തിരിച്ചുപിടിച്ചു. സിറാജുദ്ദൗലയെ ഇല്ലാതാക്കാനായി ബ്രിട്ടീഷുകാരുടെ ശ്രമം. അതിനായി അദ്ദേഹത്തിന്റെ സൈന്യനായകന്‍ മീര്‍ ജാഫറെ അവര്‍ വിലക്കെടുത്തു. ഒപ്പം നിന്നാല്‍ നവാബ് പദവിയായിരുന്നു മീര്‍ ജാഫറിനുള്ള വാഗ്ദാനം.

1757ല്‍ നടന്ന പ്രസിദ്ധമായ പ്ലാസി യുദ്ധത്തില്‍ മീര്‍ ജാഫറിന്റെ ചതിയില്‍ റോബര്‍ട്ട് ക്ലൈവിന്റെ സൈന്യം സിറാജുദ്ദൗലയെ പരാജയപ്പെടുത്തി. മീര്‍ ജാഫറിന്റെ കല്‍പനയെ തുടര്‍ന്ന് യുദ്ധക്കളത്തില്‍ വച്ചു തന്നെ ധീരനായ സിറാജുദ്ദൗല വധിക്കപ്പെടുകയും ചെയ്തു.

ബ്രിട്ടീഷുകാരുമായുള്ള ഉടമ്പടി പ്രകാരം അടുത്ത നവാബായി മീര്‍ ജാഫര്‍ അലി ഖാന്‍ അധികാരമേററു. അലി വര്‍ധി ഖാന്റെ സഹോദരി ഭര്‍ത്താവായ മീര്‍ ജാഫര്‍ വഞ്ചകനെന്ന പേരിലാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. തന്റെ ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ക്ക് അദ്ദേഹം കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി. ബംഗാളിലും ബിഹാറിലും ഒറീസയിലും വന്‍ വ്യാപാരങ്ങള്‍ നടത്തി ബ്രിട്ടീഷുകാര്‍ തടിച്ചു കൊഴുത്തു. പില്‍ക്കാലത്ത് ഇന്ത്യ മുഴുവന്‍ പിടിക്കാന്‍ അവര്‍ക്ക് പിന്‍ബലം നല്‍കിയത് ഈ സമ്പത്തായിരുന്നു.

ഒടുവില്‍, ബ്രിട്ടീഷുകാരുടെ തനിനിറം മീര്‍ജാഫറും അറിഞ്ഞു. അദ്ദേഹം അവര്‍ക്കെതിരെ തിരിയുകയും ചെയ്തു. എന്നാല്‍ 1760ല്‍ മീര്‍ ജാഫര്‍ നവാബ് പദവിയില്‍ നിന്ന് പുറത്താക്കപ്പെടുകയാണുണ്ടായത്. അദ്ദേഹത്തിന്റെ പുത്രിയുടെ ഭര്‍ത്താവ് മീര്‍ മുഹമ്മദ് ഖാസിമിനെയാണ് ബ്രിട്ടീഷുകാര്‍ അടുത്ത നവാബാക്കിയത്; 1760ല്‍.

തുടക്കത്തില്‍ മീര്‍ ഖാസിമും ബ്രിട്ടീഷുകാരോട് നന്ദി കാണിച്ചു. എന്നാല്‍ അവരുടെ നിരന്തരമായ ഇടപെടലുകള്‍ അദ്ദേഹത്തെ ക്ഷുഭിതനാക്കി. ശല്യം കാരണം തലസ്ഥാനം ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ബിഹാര്‍ അതിര്‍ത്തിയിലെ മുന്‍ഗീറിലേക്ക് മാററി. ബ്രിട്ടീഷുകാര്‍ക്ക് കൊടുക്കേണ്ട നികുതികളും റദ്ദാക്കി. മാത്രമല്ല, യൂദ്ധത്തിനുള്ള ഒരുക്കമെന്നോണം സൈന്യത്തിന് യൂറോപ്യന്‍ മാതൃകയില്‍ പരിശീലനവും നല്‍കി. 

അപകടം മണത്ത ബ്രിട്ടീഷുകാര്‍ 1763ല്‍ മീര്‍ ഖാസിമിനെ സ്ഥാനഭ്രഷ്ടനാക്കി വീണ്ടും മീര്‍ ജാഫറിനെ തന്നെ വാഴിച്ചു. ഇതിനിടെ അവധിലെ നവാബ് ശുജാഉദ്ദൗല, മുഗള്‍ ചക്രവര്‍ത്തി ഷാ ആലം രണ്ടാമന്‍ എന്നിവരെ കൂട്ടുപിടിച്ച് മീര്‍ ഖാസിം സൈനിക സഖ്യമുണ്ടാക്കി.

1764ല്‍ ബക്‌സറില്‍ വച്ച് ഈ സഖ്യസൈന്യം മേജര്‍ മണ്‍റോയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യവുമായി യുദ്ധം ചെയ്തു. കനത്ത പരാജയമായിരുന്നു മീര്‍ ഖാസിമിന്.

ബക്‌സര്‍ യുദ്ധത്തോടെ ബംഗാള്‍, ബിഹാര്‍, ഒറീസ എന്നിവിടങ്ങളിലെ നവാബ് ഭരണത്തിന് ഏതാണ്ട് വിരാമമായി. ഇത് ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വ സ്ഥാപനത്തിന് അടിത്തറയാവുകയും ചെയ്തു.

Feedback