Skip to main content

ഫിറോസ് ഷാ തുഗ്ലക്ക്

മുഹമ്മദ് തുഗ്ലക്കിന് ശേഷം ഈ വംശത്തില്‍ അഞ്ച് പേര്‍ ഭരണം നടത്തി.  ഇവരില്‍ പ്രമുഖനാണ് മുഹമ്മദ് തുഗ്ലക്കിന്റെ പിതൃവ്യ പുത്രന്‍ ഫിറോസ് ഷാ തുഗ്ലക്ക്.  1351ലാണ് ഫിറോസ് അധികാരമേറ്റത്.  പ്രവിശ്യകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു പിന്നാലെ അവ അടിച്ചമര്‍ത്താന്‍ നടത്തിയ യുദ്ധങ്ങളില്‍ ആയിരങ്ങള്‍ മരിച്ചു വീണിരുന്നു.  മുഹമ്മദിന്റെ കാലത്തു നടന്ന ഈ രക്തരൂഷിത യുദ്ധങ്ങള്‍, ഫിറോസ്ഷായെ ഏറെ സങ്കടത്തിലാക്കി.  അതുകൊണ്ടാവാം യുദ്ധങ്ങളില്ലാത്ത, സമാധാനപൂര്‍ണമായ രാജ്യമാണ് ഫിറോസ് ഇഷ്ടപ്പെട്ടത്.


രാജ്യമൊട്ടാകെ നിരവധി കനാലുകള്‍, കുളങ്ങള്‍, തോടുകള്‍, തോട്ടങ്ങള്‍, പൂന്തോട്ടങ്ങള്‍, പാലങ്ങള്‍ എന്നിവ അദ്ദേഹം പണിതു.  ആശുപത്രികള്‍, സത്രങ്ങള്‍, പള്ളികള്‍, മതപഠന ശാലകള്‍ എന്നിവയും സ്ഥാപിച്ചു.  നൂറ്റമ്പതോളം പാലങ്ങളും നിര്‍മിച്ചു. ജോണ്‍പൂര്‍, ഫിറോസ് പൂര്‍, ഹോഷിയാര്‍ പൂര്‍ തുടങ്ങി ചെറുതും വലുതുമായ ഇരുന്നൂറിലധികം പട്ടണങ്ങള്‍ പണി കഴിപ്പിച്ചു.  ഡല്‍ഹി ലോകോത്തര നഗരമായി മാറിയത് ഫിറോസ് ഷായുടെ ഭരണത്തിലാണ്.  (1398ലെ തിമൂറിന്റെ ആക്രമണത്തില്‍ പക്ഷെ, ഡല്‍ഹി തകര്‍ന്നടിയുകയാണ് ചെയ്തത്)


പ്രജകളുടെ മനം കവര്‍ന്നുള്ള ഫിറേസ് ഷായുടെ ഭരണം 38 വര്‍ഷം നീണ്ടു നിന്നു.  1388 ലായിരുന്നു മരണം. പിന്നീട് 25 വര്‍ഷം കൂടി തുഗ്ലക്ക് ഭരണം നിലനിന്നെങ്കിലും രാജ്യം സംഘര്‍ഷ ഭരിതമായിരുന്നു. ഒടുവില്‍ തിമൂറിന്റെ അക്രമണത്തില്‍ മഹ്മൂദ്ഷാ തുഗ്ലക്കിന്റെ സിംഹാസനം ആടിയുലഞ്ഞു.  ഡല്‍ഹി സുല്‍ത്വനത്ത് അതീവ ദുര്‍ബലാവസ്ഥയിലുമായി. പുറത്തു നിന്നുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ പോലും ത്രാണിയില്ലാത്ത അവസ്ഥയില്‍ അത് അധികകാലം നീണ്ടില്ല.  1413ല്‍ മഹ്മൂദ് ഷാ അന്തരിക്കുകയും തുഗ്ലക്ക് ഭരണവും അതോടൊപ്പം ഡല്‍ഹി സുല്‍ത്വനത്ത് തന്നെയും നിലംപതിക്കുകയും ചെയ്തു.


ഒമ്പതരപ്പതിറ്റാണ്ടാണ് തുഗ്‌ളക്ക് വംശം ഡല്‍ഹിയുടെ കടിഞ്ഞാണ്‍ നിയന്ത്രിച്ചത്.  ഇന്ത്യയുടെ പ്രതാപകാലം കൂടിയായിരുന്നു ഈ ദശകങ്ങളത്രയും.


    


 

Feedback