Skip to main content

മുഹമ്മദ് തുഗ്ലക്ക്

ചരിത്രത്തില്‍ 'ബുദ്ധിമാനായ വിഡ്ഢി' എന്ന അപഖ്യാതിക്കിരയായ വ്യക്തിയാണ് മുഹമ്മദ് തുഗ്ലക്ക്.  ഗിയാസുദ്ദീന്റെ മരണ ശേഷമാണ് 1325ല്‍ പുത്രനായ മുഹമ്മദ് ഭരണ സാരഥ്യമേറുന്നത്. ബുദ്ധിമാനും പണ്ഡിതനും കലാകാരനുമായിരുന്നു മുഹമ്മദ്.


ഭരണത്തിന്റെ രണ്ടാം വര്‍ഷത്തില്‍ തന്നെ ആസ്ഥാനം ഡല്‍ഹിയില്‍ നിന്ന് ദൗലത്താബാദിലേക്ക് മാറ്റി.  ഇത് ജനങ്ങളെ ബാധിക്കുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴേക്ക് പത്തു വര്‍ഷം കഴിഞ്ഞിരുന്നു. അതോടെ തീരുമാനം പിന്‍വലിച്ച് ആസ്ഥാനം വീണ്ടും ഡല്‍ഹി തന്നെയാക്കി.


അതുപോലെ, ചെമ്പുനാണയങ്ങള്‍ അടിച്ചിറക്കി പരിഷ്‌കരണത്തിന് ശ്രമിച്ചു. എന്നാല്‍ നഷ്ടമാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ ആ നാണയങ്ങള്‍ പിന്‍വലിച്ചു.  ഇത്തരം ശ്രമങ്ങളാണ് മുഹമ്മദ് തുഗ്ലക്കിനെ 'കിറുക്കനും' 'വിരുദ്ധ വ്യക്തിത്വ'ത്തിനുടമയുമാക്കി പരിചയപ്പെ ടുത്താന്‍ ചില ചരിത്രകാരന്‍മാരെ പ്രേരിപ്പിച്ചത്.  എന്നാല്‍ ജനനന്മ ലക്ഷ്യമാക്കുന്ന ഒരു ഭരണാധികാരി തന്റെ തെറ്റായ തീരുമാനങ്ങള്‍ പിന്‍വലിക്കുന്നതില്‍ എന്താണ് അസാംഗത്യമുള്ളത്. തലസ്ഥാനങ്ങളും നാണയങ്ങളും മാറുന്നത് എങ്ങനെയാണ് കിറുക്കാവുന്നത്?
25 വര്‍ഷമാണ് മുഹമ്മദ് തുഗ്ലക്കിന്റെ ഭരണ കാലം.  ഇതില്‍ ആദ്യപകുതി സമാധാന- ക്ഷേമപൂര്‍ണമായിരുന്നു.  ഡല്‍ഹി സുല്‍ത്വനത്ത് പുരോഗതിയുടെ പരമകാഷ്ഠ പ്രാപിച്ച നാളുകളുമായിരുന്നു അത്.  എന്നാല്‍ രണ്ടാം പകുതി, വിവിധ കലാപങ്ങളാല്‍ അസ്വസ്ഥ പൂര്‍ണമായിരുന്നു.  തെക്കും കിഴക്കും ഭാഗങ്ങളിലും ഡെക്കാനിലും സിന്ധിലും കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും സ്വതന്ത്രമായ ഭരണകൂടങ്ങള്‍ നിലവില്‍ വരികയും ചെയ്തു.


ഇവ ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് 1351ല്‍ മുഹമ്മദ് തുഗ്ലക്ക് മരണമടയുന്നത്.


    

Feedback