Skip to main content

പ്രമുഖ നിസാമുമാര്‍

മീര്‍ ഖമറുദ്ദീന്‍ സിദ്ദീഖി(1720-1748)യുടെ ഭരണകാലത്തിന് ശേഷം മകന്‍ മീര്‍ അഹ്മദ് അലി ഖാന്‍ നിസാമായി. രണ്ടു വര്‍ഷമാണ് അഹ്മദ് ഭരിച്ചത്. മീര്‍ ഹിദായത്തുല്ല മുഹ്‌യുദ്ദീന്‍ ഖാന്‍ (1750-51), മീര്‍ സാഇദ് മുഹമ്മദ് ഖാന്‍ (1751-1763) എന്നിവര്‍ പിന്നീട് അധികാരം വാണു. കുടുംബ കലഹം കാരണം ഇവര്‍ക്ക് മുഗള്‍ ചക്രവര്‍ത്തിമാര്‍ ആസിഫ് ജാ പദവി നല്‍കിയില്ല.

ശേഷം വന്ന നിസാമുമാര്‍ ഇവരാണ്: മീര്‍ നിസാം അലി ഖാന്‍ (1762-1803), മീര്‍ അക്ബര്‍ അലി ഖാന്‍ (1803-1829), മീര്‍ ഫര്‍ക്കുന്ത അലി ഖാന്‍ (1829-1857), മീര്‍ തഹ്നിയത്ത് അലി ഖാന്‍ (1857-1869), മീര്‍ മഹ്ബൂബ് അലി ഖാന്‍ (1869-1911), മീര്‍ ഉസ്മാന്‍ അലി ഖാന്‍ (1911-1948).

1947ല്‍ ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ ഹൈദരാബാദ് നിസാം സ്വതന്ത്രമായി നിന്നു. തങ്ങള്‍ക്ക് സ്വതന്ത്രമായി നില്‍ക്കാനോ അല്ലെങ്കില്‍  പാകിസ്താനില്‍ ചേരാനുള്ള അവകാശമോ വേണമെന്ന നിര്‍ദേശവും നിസാം ഇന്ത്യയുടെ മുന്നില്‍ വച്ചു. ഇതു രണ്ടും ഇന്ത്യ അംഗീകരിച്ചില്ല. മാത്രമല്ല, സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി നിസാമിനെ സമ്മര്‍ദത്തിലുമാക്കി. ഒടുവില്‍ നിസാം വഴങ്ങുകയും 1948 സെപ്തംബര്‍ 17ന് ഹൈദരാബാദ് ഇന്ത്യന്‍ യൂണിയന്റെ ഭാഗമാവുകയും ചെയ്തു.

ഇപ്പോള്‍ ഹൈദരാബാദ് ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമാണ്. എന്നാല്‍ നിസാം ഭരണത്തിലുണ്ടായിരുന്ന പ്രദേശങ്ങള്‍ കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്ക് വിഭജനം ചെയ്യപ്പെട്ടു.

നിസാമുമാരുടെ പിന്‍തലമുറ ഇപ്പോഴും ഹൈദരാബാദില്‍ ജീവിച്ചിരിപ്പുണ്ട്. ഇവര്‍ ഉണ്ടാക്കിയെടുത്ത ഇാസ്‌ലാമിക പൈതൃകങ്ങളും സംസ്‌കാരങ്ങളും ഇപ്പോഴും ഹൈദരാബാദ് നഗരത്തെയും ആന്ധ്രാപ്രദേശിനെയും വേറിട്ടു നിര്‍ത്തുന്നു. 
 

Feedback