Skip to main content

ഇസ്‌ലാം സ്വീകരിച്ചവര്‍ (32)

മുഹമ്മദ് നബി(സ്വ) അന്ത്യപ്രവാചകനായി നിയുക്തനായി. അദ്ദേഹം പറഞ്ഞു കൊടുത്ത പരിശുദ്ധ വചനങ്ങള്‍ കേട്ടു ഓരോരുത്തരായി അദ്ദേഹത്തെ പിന്തുടര്‍ന്നു. ഇസ്‌ലാമിന്റെ സത്യമാര്‍ഗത്തിലേക്ക് എത്തിച്ചേര്‍ന്നു. അംഗീകരിച്ചവരേക്കാള്‍ നിരാകരിച്ചവരായിരുന്നു അദ്ദേഹത്തിനു ചുറ്റും. രണ്ടു ദശാബ്ദം പിന്നിട്ടപ്പോഴേക്ക് സ്ഥിതി മാറി. ജനങ്ങള്‍ കൂട്ടം കൂട്ടമായി ഇസ്‌ലാമിനെ പുല്കാന്‍ തുടങ്ങി. പ്രവാചക വിയോഗമായപ്പോഴേക്കും ഉത്തമരായ ഒരു വലിയ സമൂഹം (മുസ്‌ലിം ഉമ്മ) രൂപം കൊണ്ടിരുന്നു. പിന്നീട് ഓരോ വിശ്വാസിയും തന്റെ ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായി ഇസ്‌ലാമിന്റെ പ്രചാരണവും ഏറ്റെടുത്തു. കാരണം, ഇനിയൊരു നബി വരാനില്ല. ഒരു നൂറ്റാണ്ട് പിന്നിട്ടപ്പോഴേക്ക് ഏഷ്യനാഫ്രിക്കന്‍ വന്‍കരകളുടെ വലിയൊരു ഭാഗം മുസ്‌ലിം സമൂഹമായിത്തീര്‍ന്നു. മധ്യധരണ്യാഴി കടന്ന് സ്‌പെയിനിലേക്കും ഇസ്‌ലാം കടന്നു ചെന്നു. സത്യം മനസ്സിലാക്കി ഇസ്‌ലാമിലേക്ക് കടന്നുവരികയായിരുന്നു ലോകത്തിലെ നല്ലൊരു ഭാഗം സമൂഹങ്ങളും.

കാലമേറെ മുന്നോട്ടു നീങ്ങി. ലോകക്രമം തന്നെ മാറി. കൃത്യമായ അതിരുകളുള്ള രാഷ്ട്രങ്ങള്‍ നിലവില്‍ വന്നു. രാഷ്ട്രാന്തരീയ നിയമങ്ങളുണ്ടായി. ഈ നവലോകക്രമത്തില്‍ ഇസ്‌ലാമിന്റെ വ്യാപനം ആദ്യ നൂറ്റാണ്ടിലേതു പോലെയല്ല ഉണ്ടാവുന്നത്. ഓരോ മതത്തിനും പരമ്പരാഗതമായ തലമുറകള്‍ ഉടലെടുത്തു. പുതുതായി കടന്നു വരുന്നവരുടെ തോതു കുറഞ്ഞു. എന്നാല്‍ ഏതു കാലത്തും ഇസ്‌ലാമിലേക്ക് പുതുതായി ആളുകള്‍ എത്തിക്കൊണ്ടിരുന്നു. അതുപക്ഷെ പല തരത്തിലും വിവിധ തലങ്ങളിലുമാണ് നടക്കുന്നത് എന്നു മാത്രം. 

ഇസ്‌ലാമിന്റെ അന്യൂനമായ നിലപാടും വിശുദ്ധ ഖുര്‍ആനിന്റെ അപ്രമാദിത്വവും അടുത്തറിഞ്ഞ് ഇസ്‌ലാമിലെത്തിയ ഒട്ടേറെ ബുദ്ധിജീവികളുണ്ട്. ശാസ്ത്രജ്ഞന്‍മാര്‍, സാഹിത്യകാരന്‍മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, പട്ടാളക്കാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ള ലോകപ്രശസ്തരായ വ്യക്തിത്വങ്ങളില്‍ നിന്ന് ആധുനിക കാലത്ത് ഇസ്‌ലാമിലെത്തിച്ചേര്‍ന്ന ഏതാനും പേരുടെ ചെറുവിവരണങ്ങള്‍ അക്ഷരമാല ക്രമത്തില്‍ ഇവിടെ പ്രതിപാദിക്കുന്നു. 

ജീവിതത്തിലെ ഏതെങ്കിലും നിര്‍ണായക നിമിഷങ്ങളില്‍ ഇസ്‌ലാമിന്റെ മഹിതാശയങ്ങളില്‍ ഏതെങ്കിലും മനസ്സില്‍ തട്ടി ചിന്തിക്കാന്‍ തുടങ്ങിയവര്‍, മുസ്‌ലിംകളായ നല്ല സുഹൃത്തുക്കളുടെ ജീവിത വിശുദ്ധ കണ്ട് ഇസ്‌ലാമിനെ പഠിച്ചവര്‍, ഭൗതിക ജീവിതവിഭവങ്ങളെല്ലാം എമ്പാടും ലഭിച്ചിട്ടും മനസ്സമാധാനം ലഭിക്കാതെ മനം മടുത്തവര്‍, മത-ചരിത്ര ഗ്രന്ഥ താരതമ്യപഠനം നടത്തിയ ബുദ്ധിജീവികള്‍ക്ക് ലഭ്യമായ ഗവേഷണ ഫലങ്ങള്‍ തുടങ്ങി വ്യത്യസ്തമായ നിമിത്തങ്ങളാണ് ഓരോരുത്തരുടേയും ഇസ്‌ലാം ആശ്ലേഷണത്തിനു വഴി വെച്ചത് എന്നത് ശ്രദ്ധേയമാണ്.
 

Feedback