Skip to main content

ആലി മുസ്‌ലിയാര്‍ (1)

1921 അഗസ്ത് 30. കൈയാമം വെക്കപ്പെട്ട 37 പ്രതികളെയും വഹിച്ച് ആ ചരക്കു തീവണ്ടി തിരൂരില്‍ നിന്ന് ചൂളംവിളിച്ച് കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. നീണ്ട വിചാരണക്കൊടുവില്‍ അവരില്‍ 13 പേര്‍ക്ക് ബ്രിട്ടന്റെ പട്ടാളക്കോടതി വിധിച്ചത് കഴുമരം. വൈസ്രോയിക്ക് ദയാഹര്‍ജി നല്‍കി. പക്ഷേ, രക്തത്തിന് ദാഹിച്ച സാമ്രാജ്യാധികാരികള്‍ നിര്‍ദയരായി.

അങ്ങനെ, 1922 ഫെബ്രുവരി രണ്ടിന് കോയമ്പത്തുര്‍ സെന്‍ട്രല്‍ ജയിലിലെ കഴുമരത്തില്‍ 13 വിരകേസരികള്‍ രക്തസാക്ഷികളായി. അവരില്‍ ഒരാള്‍ 72കാരനായ എരിക്കുന്നം പാലാട്ട് ആലിയായിരുന്നു. അഥവാ, പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ഇംഗ്ലീഷുകാരന്റെ ഉരുക്കായുധങ്ങളെ പച്ചമാംസം കൊണ്ട് നേരിട്ട പോരാളി, ആലി മുസ്‌ലിയാര്‍.

1921ലെമലബാര്‍ സമരത്തിന്റെ ഏറ്റവും വലിയ ധാര്‍മിക സ്രോതസ്സായിരുന്നു ആലി മുസ്‌ലിയാര്‍. പണ്ഡിതനും പരിഷ്‌കര്‍ത്താവുമെന്ന നിലയില്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ആലി മുസ്‌ലിയാര്‍ നേടിയെടുത്ത ജനാംഗീകാരമായിരുന്നു ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ അടിത്തറയായിത്തീര്‍ന്നത്.

മഞ്ചേരി നെല്ലിക്കുത്തിലെ എരിക്കുന്നന്‍ പാലത്ത് മൂലയില്‍ കുഞ്ഞിമൊയ്തീന്റെയും പൊന്നാനിയിലെ മഖ്ദൂം കുടുംബത്തിലെ ഒറ്റകത്ത് മുഹമ്മദ് കുട്ടി മുസ്‌ലിയാരുടെ മകള്‍ ആമിനയുടെയും മകനായി 1861ലാണ് ആലി മുസ്‌ലിയാരുടെ ജനനം. പിതാമഹന്‍ എരിക്കുന്നന്‍ അബ്ദുല്ല ഹാജി ബ്രിട്ടീഷുകാരോട് പൊരുതി രക്തസാക്ഷിയായിരുന്നു. മഞ്ചേരിയില്‍ പ്രാഥമിക പഠനം, ഉപരിപഠനത്തിന് പൊന്നാനിയിലെത്തി. തുടര്‍പഠനത്തിന് മക്കയിലേക്ക്യാത്രയായി. വിശുദ്ധഹറമില്‍ എട്ടുവര്‍ഷത്തോളം പഠനം നടത്തി. ദയൂബന്ദ് പണ്ഡിതരും സ്വാതന്ത്ര്യസമര സേനാനികളുമായിരുന്ന ഹുസൈന്‍ അഹ്മദ് മദനിയും മഹ്മുദ് ഹസന്‍ ദയൂബന്ദിയും ആലി മുസ്‌ലിയാരുടെ ഉറ്റ സുഹൃത്തുക്കളായിരുന്നു. വ്യത്യസ്ത ചിന്താധാരകളോട് അനുഭാവ പൂര്‍ണമായ സമീപനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. മക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ലക്ഷദ്വീപിലെ കവരത്തിയില്‍ ഖാദിയും അധ്യാപകനുമായി.

1891ല്‍ മണ്ണാര്‍ക്കാട്ടും 1896ല്‍ മഞ്ചേരിയിലും നടന്ന ലഹളകളില്‍ സഹോദരന്‍ മമ്മദ് കുട്ടിയുള്‍പ്പെടെ നിരവധിപേര്‍ മരിച്ചു. ഇത് മുസ്‌ലിയാരെ അങ്ങേയറ്റം വേദനിപ്പിക്കുകയും ബ്രിട്ടീഷ് വിരുദ്ധവികാരം വളര്‍ത്തുകയും ചെയ്തു. പിന്നെ അദ്ദേഹം കവരത്തിയില്‍ നിന്നില്ല. വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുമായി ഒതുങ്ങിക്കൂടിയിരുന്ന ആലി മുസ്‌ലിയാര്‍ പ്രക്ഷോഭകാരിയായിത്തീര്‍ന്നത് വേഗത്തിലായിരുന്നു. മലബാറിലെത്തി ബന്ധു കൂടിയായ വാരിയന്‍ കുന്നത്തുമായി ചേര്‍ന്ന് നാടുനീളെ നടന്ന് പ്രസംഗിച്ചു, മദ്‌റസകള്‍ സ്ഥാപിച്ചു. നാട്ടുകാര്‍ ഉണര്‍ന്നു. ഇതിനിടെ തിരൂരങ്ങാടിയിലെത്തി മുദര്‍രിസുമായി. നെല്ലിക്കുത്ത്, തൊടികപ്പുലം, മേല്‍മുറി തുടങ്ങിയ സ്ഥലങ്ങളില്‍ അധ്യാപകനായും ആലി മുസ്‌ലിയാര്‍ സേവനമനുഷ്ഠിച്ചു. മതഭേദമെന്യേ 'മൊയില്യാരുപ്പാപ്പ' എന്ന വിളിപ്പേരില്‍ ആലി മുസ്‌ലിയാര്‍ സ്വീകാര്യത നേടി.

കോണ്‍ഗ്രസ്സിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും സജീവമായി. മഞ്ചേരി, ഒറ്റപ്പാലം രാഷ്ട്രീയ സമ്മേളനങ്ങള്‍ വിജയിച്ചതോടെ മലബാറിനെ സ്വാതന്ത്ര്യസമര വേദിയാക്കി മാറ്റാന്‍ മുസ്‌ലിയാര്‍ക്ക് കഴിഞ്ഞു. സമകാലികരായ പാരമ്പര്യ പണ്ഡിതന്മാരില്‍ നിന്ന് ഭിന്നമായി അറബി, ഉര്‍ദു പ്രസിദ്ധീകരണങ്ങള്‍ വരുത്തി വായിച്ചിരുന്നതിനാല്‍ തികഞ്ഞ രാഷ്ട്രീയബോധം ആര്‍ജിക്കാനും ശിഷ്യര്‍ക്ക് പകര്‍ന്നുകൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു. മഞ്ചേരിയിലും പൂക്കോട്ടൂരും പാണ്ടിക്കാട്ടും നടന്ന രക്തപങ്കിലമായ സമരത്തില്‍ പങ്കെടുക്കാന്‍ അവിടെയുള്ള സാധാരണക്കാരായ മാപ്പിളമാരെ പ്രേരിപ്പിച്ച ഏകഘടകം ആലി മുസ്‌ലിയാരോടുള്ള ആദരവും കടപ്പാടുമായിരുന്നു.

മമ്പുറം സയ്യിദ് ഫദ്ല്‍ പൂക്കോയ തങ്ങളെ ബ്രിട്ടീഷുകാര്‍ നാടുകടത്തിയതില്‍ പിന്നെ രാഷ്ട്രീയബോധമുള്ള മതനേതൃത്വം തിരൂരങ്ങാടിയില്‍ ഇല്ലായിരുന്നു. ഈ ശൂന്യത തീര്‍ക്കാന്‍ തിരൂരങ്ങാടിക്കാര്‍ ആലി മുസ്‌ലിയാരെ ക്ഷണിച്ചുകൊണ്ടുപോവുകയായിരുന്നു. അവിടെ ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയില്ലായിരുന്നെങ്കിലും പള്ളിയിലെ മതപഠന പ്രസംഗങ്ങളിലും ഉദ്‌ബോധനങ്ങളിലും അദ്ദേഹം ബ്രിട്ടീഷ് വിരുദ്ധ പ്രചരണം നടത്തി. അതേക്കുറിച്ച് ഡോ. കെ എന്‍ പണിക്കര്‍ എഴുതുന്നു: ''പള്ളിയില്‍ വെച്ചുള്ള അദ്ദേഹത്തിന്റെ മതപഠന ക്ലാസുകളും ഉപദേശങ്ങളും ജനപ്രീതിയാര്‍ജിച്ചതിലൂടെ ഖിലാഫത്തിനോടുള്ള ആഭിമുഖ്യവും ബ്രിട്ടീഷ് വിരുദ്ധ മനോഭാവവും ജനങ്ങളില്‍ വളര്‍ത്താന്‍ സഹായകമായി. അദ്ദേഹത്തിന്റെ ശ്രോതാക്കള്‍ തിരൂരങ്ങാടിക്കാര്‍ മാത്രമായിരുന്നില്ല. മമ്പുറം ഒരു പ്രധാന തീര്‍ഥാടനകേന്ദ്രമായിരുന്നതിനാല്‍ ജില്ലയിലെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവരും ധാരാളമായി അദ്ദേഹത്തിന്റെ വൈജ്ഞാനിക സദസ്സുകളില്‍ പങ്കെടുത്തിരുന്നു. അതിലൂടെ ആലി മുസ്‌ലിയാരുടെ മതപരവും രാഷ്ട്രീയവുമായ വീക്ഷണങ്ങള്‍ വലിയൊരു വിഭാഗം മാപ്പിളമാരെ അഗാധമായി സ്വാധീനിക്കുകയുണ്ടായി''(എഗെയ്ന്‍സ്റ്റ് ലോര്‍ഡ് ആന്റ് സ്റ്റെയ്റ്റ്, പേജ് 154).

 

 

Feedback