Skip to main content

ഇ.മൊയ്തു മൗലവി (1)

നൂറ്റാണ്ടിന്റെ അത്ഭുതമെന്നും സ്വാതന്ത്ര്യ സമരത്തിലെ ഇതിഹാസമെന്നും പരിചയപ്പെടു ത്തപ്പെട്ട വ്യക്തി. പണ്ഡിതന്‍, എഴുത്തുകാരന്‍, ദേശീയതാവാദി, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തന്‍. പൊതുജീവിതത്തിന്റെ കര്‍ക്കശതകളിലൂടെ, സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലൂടെ, ജയിലുകളിലെ തിക്താനുഭവങ്ങളിലൂടെ, വിശ്വാസങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും വേണ്ടിയുള്ള അഗ്‌നിപരീക്ഷണങ്ങളിലൂടെ മുന്നോട്ട് നീങ്ങുമ്പോഴും മതചിട്ടകള്‍ കര്‍ശനമായി പാലിക്കുകയും മതത്തിന്റെ അന്തസ്സത്തക്ക് അനുസൃതമായി ജീവിതത്തെ ചിട്ടപ്പെടുത്തുകയും ചെയ്യുകയെന്നതായിരുന്നു മൗലവിയുടെ പ്രകൃതം.

കേരള മുസ്‌ലിം നവോത്ഥാനത്തിന് നേതൃത്വം കൊടുത്ത രണ്ടു മഹാപണ്ഡിതരുടെ ശിഷ്യത്വമാണ് മൊയ്തു മൗലവിയിലെ സമരജ്വാലയ്ക്ക് തീ പകര്‍ന്നത്. ശൈഖ് ഹമദാനി തങ്ങളും, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും. വാഴക്കാട് ദര്‍സില്‍ നിന്ന് മികച്ചൊരു പണ്ഡിതനായി പുറത്തിറങ്ങിയ മൊയ്തു മൗലവിയെ സ്വാതന്ത്ര്യസമര രണാങ്കണത്തിലേക്ക് കൈപിടിച്ചത് ജ്യേഷ്ഠന്‍ അബ്ദുവായിരുന്നു.

ലഹളയല്ല; കറ കളഞ്ഞ സ്വാതന്ത്ര്യസമരം

ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യന്‍ വൈസ്രോയിയും മുസ്‌ലിംകള്‍ക്ക് നല്കിയ വാഗ്ദാനങ്ങളെല്ലാം കാറ്റില്‍ പറത്തിയ കാലം. മുസ്‌ലിംകളും ബ്രിട്ടീഷുകാരും പോരാട്ടത്തിലായി. മൊയ്തുമൗലവിയുടെ വീട്ടിലെത്തിയ സൈന്യം വയോവൃദ്ധനായ ഉപ്പയെയും കുട്ടികളെയും പിടിച്ച് സബ്ജയിലിലിട്ടു. 1921 ലെ സമരത്തെ മാപ്പിള ലഹളയെന്നും കര്‍ഷക ലഹളയെന്നും ഖിലാഫത്ത് ലഹളയെന്നും വിളിക്കുന്ന ചരിത്രനിര്‍മിതികളെയൊന്നും മൊയ്തു മൗലവി അംഗീകരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ 1857ലെ മഹത്തായ വിപ്ലവത്തിന് പിന്തുടര്‍ച്ചയായുണ്ടായ കറകളഞ്ഞ സ്വാതന്ത്ര്യസമര പോരാട്ടം തന്നെയായിരുന്നു അത്. നിസ്സഹകരണ പ്രസ്ഥാനത്തെ സഹായിക്കാനായി രൂപം നല്കിയ മജ്‌ലിസുല്‍ ഉലമയുടെ സെക്രട്ടറി മൗലവിയായിരുന്നു.

യാഥാസ്ഥിതകതക്കെതിരെ തുറന്ന പോരാട്ടം

വക്കം മൗലവിയുടെ 'അല്‍ ഇസ്‌ലാം' മൗലവിക്ക് പടവാളായിരുന്നു. യാഥാസ്ഥിതിക മനസ്സുകളില്‍ പ്രകമ്പനം കൊള്ളിച്ച 'മലയാളത്തിലെ തങ്ങന്‍മാരും മുസ്‌ലിയാക്കന്‍മാരും' പ്രസിദ്ധീകരിച്ചു വന്നത് അതിലാണ്. കെ എം മൗലവിയും ഇ കെ മൗലവിയും പി കെ മൂസ മൗലവിയും മൊയ്തു മൗലവിയുടെ സൗഹൃദക്കരുത്തായി നിലകൊണ്ടു.'വിപ്ലവമാലിക' എന്ന ഗ്രന്ഥത്തില്‍ യാഥാസ്ഥിതികതയുടെ പുകമറയില്‍ നിന്ന് പുറത്തുകടക്കാതെ പുരോഗതിയുടെ വെളിച്ചം നുകരാനാവില്ലെന്ന് മൗലവി തുറന്നെഴുതി. കേരള മുസ്‌ലിം ഐക്യസംഘത്തിലും സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. 1924ല്‍ ആലുവയില്‍ നടന്ന സംഘത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്ത് അറബിക് കോളെജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ജബ്ബാര്‍ ഹദ്‌റത്തിന്റെ ഉറുദു പ്രഭാഷണം പരിഭാഷപ്പെടുത്തിയത് അദ്ദേഹമായിരുന്നു. കെ എം മൗലവിയും മൊയ്തു മൗലവിയും ചേര്‍ന്ന് എഴുതിയ അറബി മലയാളത്തിലെ ആദ്യ നിഘണ്ടുവിന്റെ കയ്യെഴുത്തു പ്രതി ബ്രിട്ടീഷുകാര്‍ നശിപ്പിച്ചു.

1921ലെ ഒറ്റപ്പാലം കോണ്‍ഗ്രസ് സമ്മേളനത്തോടെ അദ്ദേഹം മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാവുകയായിരുന്നു. മുഹമ്മദ് അബ്ദുറഹ്മാനുമായി ബന്ധപ്പെടുന്നതും അവിടെ വെച്ചാണ്. അവിടെ വെച്ചു നടന്ന മുസ്‌ലിം പണ്ഡിത സംഘത്തിന്റെ പ്രധാന ഭാരവാഹികളില്‍ ഒരാളായിരുന്നു മൗലവി. സമ്മേളനം ദേശീയാദര്‍ശങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിക്കുകയും കോണ്‍ഗ്രസ് ഖിലാഫത്ത് സംഘടനകള്‍ക്കും നിസ്സഹകരണ പ്രസ്ഥാനത്തിനും പിന്തുണ നേരുകയും ഗവണ്‍മെന്റിന്റെ മര്‍ദനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തു. സമ്മേളനം അംഗീകരിച്ച പ്രമേയവും നടപടികളും ക്രോഡീകരിച്ച് മൗലവി ഒരു ലഘുലേഖ പ്രസിദ്ധിപ്പെടുത്തി. ആ ലഘുലേഖയുടെ പേരിലാണ് നിലവിലുണ്ടായിരുന്ന പട്ടാള നിയമമനുസരിച്ച് മൗലവി ശിക്ഷിക്കപ്പെട്ട് ജയിലിലടക്കപ്പെടുന്നത്. മൗലവിയുടെ ആദ്യത്തെ ജയില്‍വാസമായിരുന്നു അത്. രണ്ടര വര്‍ഷം കണ്ണൂര്‍, വെല്ലൂര്‍, രാജമണി ജയിലുകളില്‍ വെച്ചനുഭവിക്കേണ്ടി വന്ന ക്രൂരപീഡനങ്ങളെയും മര്‍ദനങ്ങളെയും കുറിച്ച് മൗലവിയുടെ ആത്മകഥ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. 

ഒറ്റപ്പാലം സമ്മേളനം കഴിഞ്ഞ് മുഹമ്മദ് അബ്ദുറഹ്മാന്‍ മലബാര്‍ ഖിലാഫത്ത് കമ്മറ്റിയുടെ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത് കോഴിക്കോട്ടേക്ക് മടങ്ങി. മൗലവിയും അദ്ദേഹത്തോടൊ പ്പമുണ്ടായിരുന്നു. ലഹളക്കാലത്ത് ശിക്ഷിക്കപ്പെട്ട മൗലവിയും മുഹമ്മദ് അബ്ദുറഹ്മാനും ഒരേ ജയിലുകളില്‍ വെവ്വേറെ വാര്‍ഡുകളില്‍ ചങ്ങലക്കിടപ്പെട്ടു. അതേസമയം അതേ ജയിലില്‍ത്തന്നെ മൗലവിയുടെ പിതാവും ബന്ധുക്കളും തടവുകാരായി ഉണ്ടായിരുന്നു. 

കൂട്ടുകാരനും അല്‍ അമീനുമൊപ്പം

1924ല്‍ അല്‍ അമീന്‍ പത്രം തുടങ്ങിയപ്പോള്‍ മൗലവി അതിന്റെ പത്രാധിപ സമിതിയില്‍ ചേര്‍ന്നു. അറബി, ഉര്‍ദു ഗ്രന്ഥങ്ങളില്‍ നിന്നും പത്രങ്ങളില്‍ നിന്നും കനപ്പെട്ട ലേഖനങ്ങള്‍ വിവര്‍ത്തനം ചെയ്തു പത്രത്തില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. അബുല്‍ കലാം ആസാദിന്റെ ഖിലാഫത്ത് ഓര്‍ ജസീറത്തുല്‍ അറബ് എന്ന വിഖ്യാത രചന മലയാളത്തിലേക്ക് കൊണ്ടുവന്നതും അദ്ദേഹമായിരുന്നു. അബ്ദുറഹ്മാന്‍ സാഹിബിനെ സമരജീവിതത്തിലേക്ക് തിരിച്ചുവിട്ട രചനയായിരുന്നു അത്. 'ജിഹാദുല്‍ അക്ബര്‍' എന്ന മുഖപ്രസംഗം വന്നതോടെ അധികാരികള്‍ അടച്ചുപൂട്ടിയ അല്‍ അമീന്‍ സാഹിബിന്റെയും മൗലവിയുടെയും ജീവനായിരുന്നു.

1930ല്‍ ഉപ്പു സത്യാഗ്രഹ സമയത്ത് കെ. കേളപ്പന്റെയും മൗലവിയുടെയും നേതൃത്വത്തില്‍ പയ്യന്നൂരിലേക്ക് രണ്ട് കാല്‍നട ജാഥകള്‍ പുറപ്പെട്ടു. ഉപ്പു സത്യഗ്രഹത്തെ തുടര്‍ന്ന് മൗലവി വീണ്ടും അറസ്റ്റിലായി. 1942ലെ ക്വിറ്റ് ഇന്ത്യാ സമരകാലത്തും മൗലവി അറസ്റ്റ് ചെയ്യപ്പെട്ടു. 1946ല്‍ മഹാത്മജി മദിരാശിയില്‍ എത്തിയപ്പോള്‍ മൗലവിയും സുഹൃത്തുക്കളും അവിടെയെത്തി. തിരക്കുപിടിച്ച ദിവസമായിരുന്നിട്ട് പോലും മൗലവിയോട് സംസാരിക്കുവാന്‍ ഗാന്ധിജി സമയം കണ്ടെത്തി. തന്നെ ഇസ്‌ലാമിന്റെ ശത്രുവായി ചിത്രീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങളെക്കുറിച്ച് ഗാന്ധിജി വിഷമം പങ്കുവച്ചതും മൗലവി ആത്മകഥയിലെഴുതുന്നുണ്ട്. 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചിരുന്ന മൗലവി ജീവിതാന്ത്യം വരെ അതില്‍ തുടര്‍ന്നു. അധികാരരാഷ്ട്രീയത്തിന്റെ കിടമത്സരത്തില്‍ പല സമുന്നത നേതാക്കളും കോണ്‍ഗ്രസ് വിട്ടപ്പോഴും മൗലവി കോണ്‍ഗ്രസില്‍ അചഞ്ചലനായി നിലകൊണ്ടു. കോഴിക്കോട് മുന്‍സിപ്പല്‍ കൗണ്‍സിലില്‍ വൈസ് ചെയര്‍മാനും മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് അംഗവുമായത് സ്വതന്ത്ര്യ ലബ്ദിക്കു മുമ്പാണ്. സ്വാതന്ത്ര്യപൂര്‍വ ഭാരതത്തില്‍ ഭരണഘടനാ നിര്‍മാണ സമിതി അംഗവും രാജ്യസഭാംഗവുമായിട്ടുണ്ട്. എന്നാല്‍ സ്വതന്ത്ര്യാനന്തര ഇന്ത്യയില്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ അദ്ദേഹം തയ്യാറായില്ല.

 


 

Feedback