Skip to main content

തൂലികയുടെ വിപ്ലവപ്രഭ

കരുത്തുറ്റ ഒരു തൂലികയുടെ ഉടമയായിരുന്നു മൊയ്തു മൗലവി. മുറാദാബാദിലെ ഇശ്ഫാഖ് ഹുസൈന്റെ ഒരു ഗ്രന്ഥം രുധിര ബാഷ്പം എന്ന പേരില്‍ മൗലവിയും വക്കം അബ്ദുല്‍ ഖാദറും ചേര്‍ന്ന് പരിഭാഷപ്പെടുത്തി. മുഹമ്മദ് നബി, തുര്‍ക്കി ജപ്പാന്‍ സംവാദം, ഇസ്‌ലാമും സോഷ്യലിസവും, സകാത്തും സോഷ്യലിസവും, എന്റെ കൂട്ടുകാരന്‍, ചരിത്ര ചിന്തകള്‍, ഇന്ത്യന്‍ സ്വാതന്ത്ര്യവും മുസ്‌ലിംകളും, സുല്‍ത്താന്‍ ഔറംഗസീബ്, ഖുര്‍ആനിലെ സല്‍ക്കഥകള്‍, സലഫി പ്രസ്ഥാനം ആദ്യകാല ചരിത്രം, മൗലവിയുടെ ആത്മകഥ തുടങ്ങിയവ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങളാണ്.

നൂറ്റാണ്ട് തികഞ്ഞ തന്റെ ജീവിതത്തെ കുറിച്ച് അദ്ദേഹം എഴുതി. ''കഴിഞ്ഞ കാല ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എനിക്കു സംതൃപ്തിയും അഭിമാനവുമുണ്ട്. പക്ഷേ, ഭാവിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാന്‍ ഭയപ്പെടുന്നു. ഞങ്ങള്‍ യുദ്ധം ചെയ്തത് നാട്ടിന്റെ ശത്രുക്കളോടായിരുന്നു. അന്ന് ഞങ്ങള്‍ കുടുംബത്തെ കുറിച്ച് ചിന്തിച്ച് വ്യാകുലപ്പെട്ടിരുന്നില്ല. ഞങ്ങളുടെ ഭാവിയെ കുറിച്ച് ചിന്തിക്കാന്‍ സമയമുണ്ടായിരുന്നില്ല. യുദ്ധം ഇന്നും നമ്മുടെ നാട്ടില്‍ നടക്കുന്നു. പക്ഷേ, നമ്മള്‍ യുദ്ധം ചെയ്യുന്നത് ശത്രുക്കളോടല്ല, നമ്മോടു തന്നെയാണ്. ഈ യുദ്ധം നമ്മുടെ നാടിനേയും നമ്മുടെ ഭാവി തലമുറകളെയും നശിപ്പിക്കും. ശ്രമപ്പെട്ട് കെട്ടിപ്പടുത്തുണ്ടാക്കിയ ജനാധിപത്യത്തെ തകര്‍ക്കും. മതങ്ങള്‍ മനുഷ്യനെ പഠിപ്പിക്കുന്നത് കലഹിക്കാനല്ല. പരസ്പരം സ്‌നേഹിക്കാനാണ്. ഇന്നത്തെ തലമുറ അലസന്‍മാരുടെ തലമുറയാണ്. സുഖിയന്‍മാരുടെ തലമുറയാണ്. ജീവിതത്തിന്റെ എല്ലാ തുറകളിലും ഇതു തന്നെ സ്ഥിതി. പണിയെടുക്കാതെ ജീവിക്കുവാനും പണിയെടുക്കാതെ നേതാക്കളാവാനുമുള്ള വ്യഗ്രത ഇന്ന് സാര്‍വ്വത്രികമായിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ വില നമുക്ക് മനസിലായിട്ടില്ല. അതില്ലാതായാലേ അത് എത്ര അമൂല്യമായ ഒന്നാണെന്ന് മനസിലാകൂ''.

ബലം പകര്‍ന്ന ബാല്യം

പ്രശസ്ത മത പണ്ഡിതനും കവിയും എഴുത്തുകാരനുമായ മലയന്‍ കുളത്തില്‍ മരക്കാര്‍ മുസ്‌ലിയാരുടെയും എളയേടത്ത് ഉമ്മത്തി ഉമ്മയുടെയും മകനായി കോടഞ്ചേരിയില്‍ ജനിച്ചു. സേവന രംഗത്ത് അര്‍പ്പണ മനോഭാവം വളര്‍ത്തിയതും ഉല്‍പതിഷ്ണുത്വം വളര്‍ത്തിയതും മാതാപിതാക്കളും ആദ്യകാല ഗുരുനാഥന്‍മാരുമാണ്. മുസ്‌ലിം സമുദായത്തില്‍ കടന്നുകൂടിയിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരെ സാഹിത്യ രചനയിലൂടെയും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയും പ്രതികരിച്ചിരുന്ന മലയന്‍ കുളത്തില്‍ മരക്കാര്‍ മുസ്‌ലിയാരായിരുന്നു പിതാവ്. മാതാവിനെ കുറിച്ച് മൗലവി തന്റെ ആത്മകഥയില്‍ എഴുതുന്നു. ''വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും അക്കാലത്തെ വീടുകളിലെ ഇരുട്ടറയില്‍ കഴിഞ്ഞുകൂടിയിരുന്ന മുസ്‌ലിം വനിതകളില്‍ സാമൂഹിക വിജ്ഞാനത്തിന്റെ ചലനം സൃഷ്ടിക്കാന്‍ എന്റെ മാതാവ് ഉമ്മത്തി ഉമ്മക്ക് സാധിച്ചിരുന്നു. ഞങ്ങളുടെ വീടിന്റെ ചുറ്റുപാടില്‍ ആര്‍ക്കെങ്കിലും ഒരു പാര്‍ച്ചവ്യാധി പിടിപെട്ടാല്‍ നിര്‍വിശങ്കം ഓടിയെത്തുക എന്റെ ഉമ്മയായിരുന്നു. ഒരു സാമൂഹിക പ്രവര്‍ത്തകനായി എനിക്കു മാറാന്‍ കഴിഞ്ഞത് എന്റെ പിതാവിനോടൊപ്പം മാതാവ് നല്‍കിയ പ്രോത്സാഹനം ഏറെ വിലപ്പെട്ടതായിരുന്നതിനാലാണ്''.

മാറഞ്ചേരി എയ്ഡഡ് മാപ്പിള സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. അതോടൊപ്പം ഖുര്‍ആനിക പാരായണ പരിശീലനവും നേടി. തുടര്‍ന്ന് പ്രാമാണിക പണ്ഡിതനായിരുന്ന മണലില്‍ സൈനുദ്ദീന്‍ മുസ്‌ലിയാരുടെ സമീപത്ത് വെച്ച് മതപഠനം ആരംഭിച്ചു. അനന്തരം കേരള മുസ്‌ലിം നവോത്ഥാനത്തിന് നാന്ദി കുറിച്ച ശൈഖ് മാഹിന്‍ ഹമദാനി തങ്ങളുടെ കീഴില്‍ പഠനം തുടര്‍ന്നു. അക്കാലത്ത് തന്നെയാണ് സയ്യിദ് സനാഉല്ലാ മക്തി തങ്ങളുമായും ബന്ധപ്പെടുന്നത്. വടുതലയിലെ പഠനം പൂര്‍ത്തിയാക്കിയ മൗലവി സാഹിബ് ഉപരിപഠനം നടത്തിയത് വാഴക്കാട് ദാറുല്‍ ഉലൂം മദ്രസയിലാണ്. സാമുദായിക വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവായിരുന്ന മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, മൗലാന ചെറുശേരി അഹ്മദ് കുട്ടി മൗലവി, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവരില്‍ നിന്ന് മതപഠനം പൂര്‍ത്തീകരിച്ചു.

1995 ജൂണ്‍ എട്ടിന് മൊയ്തു മൗലവി നാഥന്റെ വിളിക്കുത്തരം നല്‍കി.

 


 

Feedback