Skip to main content

ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങള്‍

പുരാതന ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച വ്യാപാര കേന്ദ്രങ്ങളില്‍ ഒന്നായിട്ടായിരുന്നു എണ്ണപ്പെട്ടിരുന്നത്. വിഭവങ്ങളുടെ സുലഭതയും ഇങ്ങോട്ട് വരുന്ന ഏത് ആളുകളെയും സ്വീകരിക്കാനുള്ള മനസ്ഥിതിയുമൊക്കെ ഇന്ത്യയെ കച്ചവടക്കാരുടെ ഒരു താവളമാക്കി മാറ്റി. അതു കൊണ്ട് തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പ്രദേശങ്ങള്‍ ഇന്ത്യയുമായി വ്യാപാരത്തിലേര്‍പ്പെട്ടു. അതില്‍ ഏറ്റവും മികച്ചു നിന്നിരുന്നവര്‍ അറബികളായിരുന്നു. ആ അറബികള്‍ തന്നെയാണ് പിന്നീട് ഇസ്‌ലാമിന്റെ സന്ദേശവുമായും ഇന്ത്യയിലേക്ക് വന്നത്.  

ഇന്ത്യക്കാരായ കൂടുതല്‍ ആളുകള്‍ ഇസ്‌ലാമിലേക്ക് വന്നതോടു കൂടി ഖുര്‍ആനിന്റെ ഭാഷയായ അറബി പഠിക്കണമെന്നത് അവര്‍ക്ക് നിര്‍ബന്ധമായി. അതിനായി അധ്യാപകരെ നിയമിക്കുകയും ചെറിയ ചില സ്ഥാപനങ്ങള്‍ മദ്‌റസകളായി ആരംഭിക്കുകയും ചെയ്തു. ഈ ചെറിയ തുടക്കത്തില്‍ നിന്നാണ് തലയെടുപ്പോടു കൂടി നില്‍ക്കുന്ന ഇസ്‌ലാമിക സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിലവില്‍ വരുന്നത്.

ഇന്ത്യയിലെ മിക്ക സ്ഥാപനങ്ങളും സ്ഥാപിതമായത് മുന്‍ കഴിഞ്ഞു പോയ പണ്ഡിതരുടെ പരിശ്രമ ഫലമായിട്ടായിരുന്നു. ഭൂരിഭാഗം പണ്ഡിതരും ഇന്ത്യയില്‍ നിന്ന് പഠനം കഴിഞ്ഞതിന്റെ ശേഷം മക്ക, മദീന, ഈജിപ്ത് തുടങ്ങിയ പ്രദേശങ്ങളില്‍ പോയിട്ടാണ് കൂടുതല്‍ അറിവുകള്‍ കരസ്ഥമാക്കിയിരുന്നത്. ഇന്ത്യയില്‍ നിന്നുള്ള സ്ഥാപനങ്ങളും സൗകര്യങ്ങളും ഇല്ലാത്തതായിരുന്നു ഇവര്‍ വിദേശത്ത് പോയി പഠിക്കാനുള്ള കാരണം. ഈ കുറവ് നികത്താനാണ് അവര്‍ മുന്‍ കൈയെടുത്ത് ഈ സ്ഥാപനങ്ങള്‍ നിര്‍മിച്ചത്. ഇമാം ഹാഫിദ് ഇബ്‌നു ഹജറുല്‍ അസ്ഖലാനി, ശംസുദ്ദീന്‍ അസ്സഖാവി, തുടങ്ങിയ മഹാ പണ്ഡിതരുടെ അടുത്ത് നിന്ന് വരെ ഇന്ത്യന്‍ പണ്ഡിതര്‍ വിജ്ഞാനം നുകര്‍ന്നിട്ടുണ്ട്.

വിദേശ രാജ്യങ്ങളില്‍ പോയി തങ്ങള്‍ നേടിയിട്ടുള്ള വിജ്ഞാനങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ തന്നെ ലഭ്യമാവണമെന്നുള്ള അവരുടെ ചിന്തയാണ് ചെറിയ പാഠശാലകളുടെയും വലിയ ഹദീസ് പഠന കേന്ദ്രങ്ങളുടെയും നിര്‍മിതിക്ക് നിദാനമായത്. സമൂഹത്തെയും സമുദായത്തെയും അറിവിലൂടെ പുരോഗതിയിലേക്ക് നയിക്കണമെന്ന പണ്ഡിതന്മാരുടെ ചിന്തയായിരുന്നു ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളായ ദാറുല്‍ ഉലൂം ദയൂബന്ദിന്റെയും സഹാറന്‍ പൂരിലെ മദ്വാഹിറുല്‍ ഉലൂമിന്റെയും പിറവിക്ക് വഴി തെളിച്ചത്. അതൊരു തുടക്കമായിരുന്നു. അതിന്റെ ചുവടു പിടിച്ച് ഇന്ത്യയില്‍ പിന്നീട് നിരവധി മഹാസ്ഥാപനങ്ങള്‍ ഉയര്‍ന്നു വന്നു.

 

Feedback