Skip to main content

സാഹിത്യപുരോഗതി (5)

സംസ്‌കൃതികളുടെ നിലനില്പിലും പുരോഗതിയിലും ഭാഷയ്ക്ക് ഏറെ സ്വാധീനമുണ്ട്. ആശയവിനിമയോപാധിയാണ് ഭാഷയെങ്കിലും ഭാഷയുടെ ഉയിരും ഊര്‍ജവും സാഹിത്യത്തിലാണ്. സാഹിത്യത്തിന് നിരവധി ശാഖകളുണ്ട്. ലോകത്ത് ഭാഷകള്‍ ജനിക്കുകയും മരിക്കുകയും ചെയ്തിട്ടുണ്ട്. ശ്രേഷ്ഠഭാഷ (Classic) ആയിത്തീര്‍ന്നവയും അല്ലാത്തവയും ഉണ്ട്. കാലത്തെ അതിജീവിച്ച് മുന്നേറിയ പല ഭാഷകളും അവയുടെ ക്ലാസിക് സാഹിത്യങ്ങളിലൂടെയാണ് നിലനില്ക്കുന്നത്. ഇലിയഡ്, ഒഡിസി (ഗ്രീക്ക്), രാമായണം, മഹാഭാരതം (സംസ്‌കൃതം), ഷെയ്ക്‌സ്പിയര്‍ കൃതികള്‍ (ഇംഗ്ലീഷ്), വിശുദ്ധ ഖുര്‍ആന്‍ (അറബിക്) മുതലായവ ഉദാഹരണങ്ങള്‍. ലോക ക്ലാസിക്കുകള്‍ നിലനിന്നിട്ടും മത ഭാഷകളായി പരിഗണിക്കപ്പെട്ടിട്ടും മൃതഭാഷകളായി മാറിയവയാണ് ഹിബ്രുവും ഗ്രീക്കും സംസ്‌കൃതവും. സാമ്രാജ്യത്വത്തിന്റെ ദിഗ്വിജയങ്ങളിലൂടെ അതിജീവിച്ച ഇംഗ്ലീഷും ഇസ്‌ലാമിന്റെ വ്യാപനം മുഖേന വിശുദ്ധ ഖുല്‍ആനിലൂടെ നിത്യനൂതനമായി നിലനില്ക്കുന്ന അറബിയും ഇന്നും ലോക വ്യവഹാരങ്ങളിലെ ജീവദ്ഭാഷകളാണ്. ലോക നാഗരികതയില്‍ ഈ ഭാഷകള്‍ക്കും അവയിലെ സാഹിത്യങ്ങള്‍ക്കും ഏറെ സ്വാധീനമുണ്ട്.


ഖുലഫാഉര്‍റാശിദുകളുടെ കാലഘട്ടം മുതല്‍ ഇസ്‌ലാം ലോകത്തിന്റെ വിവിധ ദിക്കുകളിലേക്ക് വ്യാപിക്കുവാന്‍ തുടങ്ങി. വിശുദ്ധ ഖുര്‍ആന്‍ ആണ് അതിന്റെ ചാലക ശക്തി എന്നതിനാല്‍ അറബി ഭാഷയും വ്യാപിച്ചു. അറബി ഭാഷയുടെ ഭേദങ്ങളോ സഹോദര ഭാഷകളോ ആയവയെല്ലാം ഖുര്‍ആനിന്റെ സ്വാധീനത്താല്‍ ശുദ്ധ അറബി ഭാഷകളായിത്തീര്‍ന്നു. അനറബി നാടുകളിലേക്ക് ഇസ്‌ലാം കടന്നുവന്നതോടെ തദ്ദേശീയ ഭാഷകള്‍ക്കൊപ്പം അറബി ഭാഷയ്ക്കും സ്വാധീനമുണ്ടായി. മൊറോക്കോ മുതല്‍ സമര്‍ഖന്ത് വരെ വ്യാപിച്ചുകിടക്കുന്ന ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലെ സ്‌പെയിനിലും മുസ്‌ലിംകള്‍ക്ക് പ്രഭാവവും ഭരണ നേതൃത്വവും ഉണ്ടായിത്തീര്‍ന്നു. തനിമയാര്‍ന്ന ആദര്‍ശത്തോടൊപ്പം വൈജ്ഞാനികമായും ശാസ്ത്രീയമായും നിരവധി സംഭാവനകള്‍ ലോകനാഗരികതയ്ക്ക് മുസ്‌ലിംകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സാഹിത്യരംഗത്തും എടുത്തുപറയാവുന്ന നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. 


വിശുദ്ധ ഖുര്‍ആനിന്റെ ഭാഷയായതിനാല്‍ മുസ്‌ലിംകള്‍ക്ക് അറബി പഠിക്കല്‍ അനിവാര്യമെങ്കിലും അറബി ഇസ്‌ലാമിന്റെ ഭാഷയല്ല. അറബിയില്‍ മുസ്‌ലിംകളല്ലാത്തവരുടെ സംഭാവനകളുള്ളതു പോലെ അറബിയല്ലാത്ത ഭാഷകളില്‍ മുസ്‌ലിംകളുടെ സംഭാവനകളുമുണ്ടായിട്ടുണ്ട്. ലോകത്തെ ഏറ്റവും പ്രാചീനമായ സര്‍വകലാശാലകളായ ജാമിഅ സൈതൂന, ജാമിഅ അല്‍ ഖുറവിയ്യീന്‍, അല്‍ അസ്ഹര്‍ മുതലായവ അറബി ഭാഷയ്ക്ക് പ്രാധാന്യം നല്‍കിയിരുന്നുവെങ്കിലും ഇതര ഭാഷകള്‍ക്കും അവിടെ സ്ഥാനമുണ്ടായിരുന്നു. മാത്രമല്ല ക്രിസ്താബ്ദം എട്ടുമുതല്‍ പതിനഞ്ചു വരെ നൂറ്റാണ്ടുകളില്‍ ജീവിച്ച ബഹുഭാഷാ പണ്ഡിതന്‍മാരാണ് ഭാഷാന്തരണങ്ങളിലൂടെ ലോകത്ത് വിജ്ഞാനവും സാഹിത്യവും വ്യാപിപ്പിച്ചത്. മുസ്‌ലിം ഭരണാധികാരികളും അവരുടെ രാജസദസ്സുകളിലെ പണ്ഡിതന്‍മാരും അവര്‍ സ്ഥാപിച്ച വിജ്ഞാന കേന്ദ്രങ്ങളും സര്‍വകലാശാലകളും വിജ്ഞാന വിസ്‌ഫോടനത്തില്‍ അനല്പമായ പങ്കു വഹിച്ചിട്ടുണ്ട്. 
 

Feedback