Skip to main content

ബഗ്ദാദ്

ലോകത്തിലെ പ്രശസ്ത നഗരങ്ങളില്‍ പ്രമുഖവും അതിപുരാതന നഗരവുമാണ് ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദ്. ലോകത്ത് നിലനിന്നിരുന്ന പ്രാചീന സംസ്‌കാരങ്ങളിലൊന്നായ യൂഫ്രട്ടീസ്-ടൈഗ്രീസ് നദീതടങ്ങളിലെ മെസൊപ്പെട്ടേമിയന്‍ സംസ്‌കാരത്തിന്റെ കളിത്തൊട്ടില്‍ ഈ പ്രദേശമായിരുന്നു. മുസ്‌ലിം ഭരണാധികാരം അബ്ബാസിയാ ഖലീഫമാരിലേക്ക് എത്തിച്ചേര്‍ന്നപ്പോള്‍, അതുവരെ ഭരണസിരാകേന്ദ്രമായിരുന്ന ഡമസ്‌കസില്‍ നിന്ന് തലസ്ഥാനം ബഗ്ദാദിലേക്ക് പറിച്ചുനട്ടു. അബ്ബാസീ ഖലീഫമാരില്‍ രണ്ടാമനും പ്രഗത്ഭനായ ഭരണാധികാരിയുമായ മന്‍സ്വൂര്‍ ക്രി 762ല്‍ (ഹി.145) ടൈഗ്രീസ് നദിക്കരയില്‍ ഒരു പുതിയ പട്ടണത്തിന് രൂപകല്പന ചെയ്തു. തന്ത്രപ്രധാനവും പ്രകൃതിരമണീയവും പുരാതന സംസ്‌കാരത്തിന്റെ ഈറ്റില്ലവുമായ ബഗ്ദാദില്‍ വൃത്താകൃതിയില്‍ നിര്‍മിച്ച് ഇരട്ട ഭിത്തികള്‍ കൊണ്ട് സുരക്ഷിതമാക്കിയ പട്ടണത്തിന്റെ മധ്യത്തിലായിരുന്നു ഖലീഫയുടെ ആസ്ഥാനം. തെരുവുകളും വ്യാപാരകേന്ദ്രങ്ങളും വിശ്രമോദ്യാനങ്ങളും പുരാവസ്തു മ്യൂസിയങ്ങളും ശാസ്ത്രീയമായി നിര്‍മിച്ച ഈ ആസൂത്രിതനഗര(Planned City)ത്തിന് മദീനത്തുസ്സലാം (ശാന്തിനഗര്‍) എന്നാണ് ഖലീഫ പേരു നല്‍കിയത്. 

പന്ത്രണ്ടു നൂറ്റാണ്ടുകള്‍ പിന്നിട്ട ബഗ്ദാദ് നഗരം നിരവധി ചരിത്രസ്മാരകങ്ങളും ചരിത്ര മ്യൂസിയങ്ങളും ബൃഹത്തായ ഗ്രന്ഥശാലകളും കൊണ്ട് അനുഗൃഹീതമായിരുന്നു. ലോക നാഗരികതയ്ക്ക് മുസ്‌ലിം ഭരണാധികാരികള്‍ നല്‍കിയ വിലപ്പെട്ട സംഭാവനകളിലൊന്നാണ് വിജ്ഞാനസാഗരമായ ഈ ക്രമീകൃത നഗരം. ടൈഗ്രീസിന്റെ ഇരുകരകളിലുമായി വ്യാപിച്ചു കിടക്കുന്ന ബഗ്ദാദ് ഇന്നും ലോകത്തിന്റെ നെറുകയില്‍ കിരീടവുമായി നിലകൊള്ളുന്നു. പക്ഷേ കാലക്കറക്കത്തില്‍ നിരവധി അധിനിവേശങ്ങളും അതിക്രമങ്ങളും വൈദേശികാ ക്രമണങ്ങളും നേരിട്ട ബഗ്ദാദിന് അതിന്റെ സ്ഥാപനകാലത്തെ പ്രൗഢി പലപ്പോഴും നഷ്ടപ്പെട്ടിട്ടുണ്ട്. 

1258ല്‍ മംഗോളിയരുടെ ആക്രമണത്തിനും അധിനിവേശത്തിനും വിധേയമായ ബഗ്ദാദിന്റെ വൈജ്ഞാനിക പ്രൗഢി കണ്ണില്‍ ചോരയില്ലാതെ നശിപ്പിക്കപ്പെട്ടു. 1864 മുതല്‍ 1641 വരെ ഭരണം നടത്തിയ ഓട്ടോമന്‍ (ഉസ്മാനിയ) ഭരണകാലത്ത് ബഗ്ദാദ് പുരോഗതിപ്പെട്ടു. ദീര്‍ഘകാലം വൈദേശികാധിപത്യത്തില്‍ ഞെരിഞ്ഞമര്‍ന്ന ബഗ്ദാദ് ആധുനിക ഇറാഖിന്റെ തലസ്ഥാനമായി ക്കൊണ്ട് 1920ലാണ് സ്വതന്ത്രമാകുന്നത്. ബഗ്ദാദിന്റെ സമ്പന്നമായ പൈതൃകവും നഷ്ടപ്രതാപവും വീണ്ടെടുക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. 1968 മുതല്‍ ബഅസ് പാര്‍ട്ടി (ബാത്ത് എന്നാണ് ചിലര്‍ പറയാറുള്ളത്) അധികാരത്തിലെത്തി. നിരവധി പള്ളികളും മനോഹരോദ്യാനങ്ങളും നടുവില്‍ നിരന്നൊഴുകുന്ന ടൈഗ്രീസും വടക്കുഭാഗത്ത് മുഅസ്സ ചത്വരവും തെക്ക് ഭാഗത്ത് തഹ്‌രീഖ് ചത്വരവും ഭരണകേന്ദ്രങ്ങളുമെല്ലാം നിലകൊള്ളുന്ന ബഗ്ദാദ്, വശങ്ങളിലേക്ക് വിശാലമായിക്കൊണ്ടിരുന്നു. ലോകപ്രശസ്തമായ ബഗ്ദാദ് യൂനിവേഴ്‌സിറ്റി, ടൈഗ്രീസിന്റെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഭാഗത്തെ ഉപദ്വീപായ അല്‍ ജദരിയ്യയിലാണ് സ്ഥിതി ചെയ്യുന്നത്. 

1980 മുതല്‍ 1990 വരെ നടന്ന ഇറാന്‍ ഇറാഖ് യുദ്ധവും 1990ലെ കുവൈത്ത് അധിനിവേശത്തിന്റെ ഫലമായി അമേരിക്ക ബഗ്ദാദിനെ ആക്രമിച്ചതും ഇറാഖിന്റെയും ബഗ്ദാദിന്റെയും നട്ടെല്ലൊടിച്ചു. 2003ലെ അമേരിക്കന്‍ അധിനിവേശവും എട്ടുവര്‍ഷം അവിടെ നടത്തിയ തേര്‍വാഴ്ച്ചയും ബഗ്ദാദിനെ ചാമ്പലാക്കി. ആ ചരിത്ര നഗരത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാംസ്‌കാരിക ലോകം കാത്തിരിക്കുന്നു.


 

Feedback