Skip to main content

സ്വലാഹുദ്ദീന്റെ അന്ത്യം

ബൈത്തുല്‍ മുഖദ്ദസ് നഷ്ടപ്പെട്ടത് ക്രൈസ്തവ  യൂറോപ്പിന് ആഘാതമായി.  അവര്‍ മൂന്നാം കുരിശു യുദ്ധത്തിനൊരുങ്ങി.  ബ്രിട്ടനിലെ റിച്ചാര്‍ഡ്, ഫ്രഞ്ച് രാജാവ് ഫിലിപ്പ്, ജര്‍മന്‍ ചക്രവര്‍ത്തി ബാര്‍ബറോസ എന്നിവരാണ് ഇത്തവണ യുദ്ധം നയിച്ചത്.  വിവിധ നികുതികള്‍ വഴി കോടിക്കണക്കിന് തുകയും ശേഖരിച്ചു.

ത്രിശക്തിസേന അക്ക പട്ടണം ഉപരോധിച്ചു സുല്‍ത്താന്‍ അവരുമായി യുദ്ധം ചെയ്തു. ഇരുഭാഗത്തും നിരവധി പേര്‍ മരിച്ചു വീണു. അക്കാ പട്ടണം കുരിശുപട പിടിച്ചു.  ഒടുവില്‍ ഇരുസേനകളും സന്ധിക്ക് സന്നദ്ധരായി. ഖുദ്‌സ് തങ്ങള്‍ക്ക് വിട്ടുതരണമെന്ന റിച്ചാര്‍ഡ് ചക്രവര്‍ത്തിയുടെ ആവശ്യം തള്ളിയ സുല്‍ത്താന്‍ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ചെറിയൊരു ഭാഗം വിട്ടുകൊടുക്കാനും സന്നദ്ധനായി.  ക്രി. 1192ല്‍ റമല്ലയിലായിരുന്നു ഈ ഉടമ്പടി.

ഏതാനും ദിവസം ഖുദ്‌സില്‍ തങ്ങിയ സുല്‍ത്താന്‍ പിന്നീട് ദമസ്‌കസിലേക്കു പോയി.  വൈകാതെ മഞ്ഞപ്പിത്തബാധിതനാവുകയും ചെയ്തു.  1193 മാര്‍ച്ച് 4ന് (ഹി. 589) ആ വീര ജേതാവ് അന്ത്യയാത്രയായി.  55 വയസ്സായിരുന്നു. ദമസ്‌കസിലെ ഉമയ്യ മസ്ജിദിലാണ് ഫാതിഹുല്‍ ഖുദ്‌സിന്റെ അന്ത്യനിദ്ര.

 


 

Feedback