Skip to main content

ഈജിപ്തിലെ മംലൂക് ഭരണകൂടം (5)

അയ്യൂബി സുല്‍ത്താന്മാരുടെ ഭരണകാലത്തിന് ശേഷം അവരുടെതന്നെ കീഴിലുണ്ടായിരുന്ന അടിമകള്‍ (മംലൂക്) സ്ഥാപിച്ച ഭരണകൂടമാണ് അടിമരാജവംശം അഥവാ മംലൂക് ഭരണകൂടം(ക്രി.1250-1517). ലോകചരിത്രത്തിലെ അത്ഭുതമായ ഈ ഭരണകൂടം മനുഷ്യര്‍ക്കിടയിലുള്ള വംശീയവും ജാതീയവുമായ വിഭാഗീയതകളോടും അസ്പൃശ്യയോടും ഇസ്‌ലാം പുലര്‍ത്തിയ കണിശമായ വിരോധത്തിന്റെ നിദര്‍ശനം കൂടിയാണ്. അടിമകള്‍ക്ക് ഭരണാധികാരികളാകാന്‍ ഇസ്‌ലാമിക ലോകത്തല്ലാതെ എവിടെയാണ് സാധിക്കുക, ഇന്നും!

ഈജിപ്തിലെ കൈറോ തലസ്ഥാനമാക്കി ക്രി.1250(ഹി.647)ലാണ് ഈ സാമ്രാജ്യം സ്ഥാപിതമാകുന്നത്. ബഹ്‌രീ മംലൂക് (നദീതട അടിമകള്‍), ബുര്‍ജി മംലൂക് (കോട്ടകളിലെ അടിമകള്‍) എന്നീ വിഭാഗങ്ങള്‍ രണ്ടര നൂറ്റാണ്ടുകാലമാണ് ഈജിപ്തിന്റെയും സിറിയയുടെയും ഭരണചക്രം തിരിച്ചത്.

അയ്യൂബി ഭരണകൂടത്തിലെ അവസാന സുല്‍ത്താനായിരുന്ന തുറാന്‍ഷയുടെ നിര്യാണത്തെ തുടര്‍ന്ന് (ക്രി.1250) അദ്ദേഹത്തിന്റെ മുന്‍ഗാമിയായ മലിക് സ്വാലിഹിന്റെ വിധവ ശജറത്തുദുര്‍റ് അധികാരമേറ്റു. മൂന്നുമാസം മാത്രമേ ഇവര്‍ക്ക് ഭരിക്കാനായുള്ളൂ. ഇവരില്‍ നിന്നാണ് തുര്‍ക്കി വംശജനും അയ്യൂബികളുടെ അടിമയുമായ ഇസ്സുദ്ദീന്‍ ഐബക് അധികാരം പിടിക്കുന്നത് ക്രി. വ. 1250ല്‍ (ഹി. 647). ഇതോടെ ഈജിപ്തില്‍ അടിമവംശ സാമ്രാജ്യത്തിന് അസ്തിവാരമായി.

സുല്‍ത്താന്‍ സ്വാലിഹിന്റെ സൈന്യാധിപനായും സാമ്പത്തിക കൈകാര്യകര്‍ത്താവായും സേവനം ചെയ്ത ഇസ്സുദ്ദീന്‍ ഐബക് ശജറത്തുദുര്‍റിന്റെ കീഴില്‍ സൈനിക കമാന്ററായും ഇരുന്നു. പിന്നീട് ശജറത്തുദുര്‍റിനെ ഭാര്യയായി സ്വീകരിക്കുകയും അവരുടെ അനുവാദത്തോടെതന്നെ മലിക്കുല്‍ മുഇസ്സ് എന്ന പദവി സ്വീകരിച്ച് അധികാരമേല്‍ ക്കുകയുമായിരുന്നു.

ഏഴുവര്‍ഷം ഈജിപ്ത് ഭരിച്ച ഇദ്ദേഹം ക്രി. വ. 1257ല്‍ (ഹി. 655) നിര്യാതനായി.

ഐബക്കിന്റെ പിന്‍ഗാമികളായി 25 സുല്‍ത്താന്മാര്‍ ബഹ്‌രിമംലൂക്കില്‍ മാത്രം രാജ്യം ഭരിച്ചു, 132 വര്‍ഷത്തിനിടെയാണിത്.

പിതാവിനെ തുടര്‍ന്ന് പുത്രന്മാര്‍ എന്ന പാരമ്പര്യ വാഴ്ച്ചക്കു പകരം കൈയൂക്കുള്ളവന്‍ അധികാരം പിടിക്കുന്ന പ്രവണതയാണ് അടിമവംശത്തില്‍ കണ്ടത്. അതുകൊണ്ടാണ് ചുരുങ്ങിയകാലത്തിനുള്ളില്‍ കൂടുതല്‍ പേര്‍ അധികാരം വാണത്.


 

Feedback