Skip to main content

മലിക് ദ്വാഹിര്‍ ബൈബറാസ്

ഇസ്സുദ്ദീന്‍ ഐബക്കിന് പകരം നൂറുദ്ദീന്‍ അലി (ക്രി. 1257-59), സൈഫുദ്ദീന്‍ ഖുത്‌സ് (ക്രി. 1259-1260) എന്നിവര്‍ ഭരണമേറ്റെടുത്തു. ഇവര്‍ക്കുശേഷം അധികാരത്തില്‍ വന്ന മലിക് ദ്വാഹിര്‍ ബൈബറാസാണ് (ക്രി. 1260-1277) അടിമവംശത്തിലെ പേരെടുത്ത സുല്‍ത്താനായത്.

ഏഴാം കുരിശു യുദ്ധത്തില്‍ ഫ്രഞ്ച് ചക്രവര്‍ത്തി ലൂയിസ് ഒമ്പതാമനെ തറ പറ്റിച്ച ഈജിപ്ത്  സൈന്യത്തിന്റെ കമാന്ററും 1260ല്‍ സുപ്രസിദ്ധമായ ഐന്‍ ജാലൂത്ത് യുദ്ധത്തില്‍ മംഗോള്‍ പടയെ തുരത്തിയോടിച്ച ഈജിപ്ത് സൈന്യത്തിന്റെ നായകനും ഈ വീരയോദ്ധാവായിരുന്നു. അതിനാല്‍  'അബുല്‍ ഫുതൂഹാത്ത്' (വിജയങ്ങളുടെ പിതാവ്) എന്ന പേരിലാണ് ബൈബറസ് അറിയപ്പെടുന്നത്.

സൈഫുദ്ദീന്‍ ഖുസ്ത് സുല്‍ത്താനായിരിക്കെയാണ് ഹുലാഗുഖാന്റെ സര്‍വസംഹാരിയായ മംഗോള്‍ സൈന്യംജൈത്രയാത്ര തുടങ്ങിയത്. ബഗ്ദാദിനെയും ഇറാനെയും തുര്‍ക്കിസ്ഥാനെയും തകര്‍ത്ത് തരിപ്പണമാക്കിയ  ഹുലാഗുഖാന്‍ കെയ്‌റോ ലക്ഷ്യമാക്കി കുതിച്ചു. എന്നാല്‍ ബൈബറസിന്റെ അപ്രതിരോധ്യമായ ഈജിപ്ഷ്യന്‍ പടക്കുമുന്നില്‍ മംഗോളിയര്‍ ഛിന്നഭിന്നമായി. അവരില്‍ നിന്ന് ഏഷ്യാ മൈനറിന്റെ മധ്യഭാഗം വരെയുള്ള പ്രദേശങ്ങള്‍ പിടിക്കുകയും ചെയ്തു ബൈബറസ്. സിറിയന്‍ തീരങ്ങളില്‍ നിന്ന് യൂറോപ്യന്‍ ശക്തികളെയും അദ്ദേഹം നാടുകടത്തി. ഇതോടെ ഈജിപ്തും സിറിയയും ഒരു കുടക്കീഴില്‍വന്നു.

മംഗോള്‍ ആക്രമണത്തില്‍ മുറിഞ്ഞ അബ്ബാസി ഖിലാഫത്ത് കെയ്‌റോ ആസ്ഥാനമാക്കി ബൈബറസ് പുന:സ്ഥാപിച്ചു. അബുല്‍ഖാസിം അഹ്്മദിനെ ഖലീഫയുമാക്കി. എന്നാല്‍ അധികാരം ബൈബറസിനു തന്നെയായിരുന്നു.

കഅ്ബയുടെ ഖില്ല ഈജിപ്തില്‍ നിന്നാക്കിയതും  ഈജിപ്തില്‍ നാലു മദ്ഹബുകള്‍ക്കും അധികാരം നല്‍കിയതും മദ്യം നിരോധിച്ചതും നീതിയും നിയമവും കര്‍ശനമാക്കി നടപ്പാക്കിയതും ബൈബറസിനെ ജനകീയനാക്കി.

ഈജിപ്തിന്റെ ഈ വീരനായകന്‍ 17 കൊല്ലം രാജ്യം ഭരിച്ചു. ക്രി. 1277 (ഹി. 676) നിര്യാതനായി.


 

Feedback