Skip to main content

സ്വദേശാഭിമാനി (1905)

ദിവാന്‍ രാജിനെതിരെ വിരല്‍ ചൂണ്ടി തിരുവിതാംകൂര്‍ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയ വാര്‍ത്താ പത്രമാണ് സ്വദേശാഭിമാനി. പ്രമുഖ പണ്ഡിതനും മുസ്‌ലിം സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി (വക്കം മൗലവി) യാണ് പത്രം പുറത്തിറക്കിയത്.

പ്രതിവാര വാര്‍ത്താപത്രമായി 1905 ജനുവരി 19ന് ബ്രിട്ടീഷ് കോളനിയായിരുന്ന അഞ്ചു തെങ്ങില്‍ നിന്നാണ് സ്വദേശാഭിമാനി പ്രസിദ്ധീകരിച്ചത്. ഇംഗ്ലണ്ടില്‍ നിന്ന് ആധുനിക അച്ചടിയന്ത്രം മൗലവി തന്നെ വരുത്തി. റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിയുമായി ബന്ധം സ്ഥാപിച്ചു. സി. പി. ഗോവിന്ദ പിള്ളയെ പത്രാധിപരുമാക്കി.

1906 ജനുവരിയില്‍ പത്രാധിപരായി കെ. രാമകൃഷ്ണ പിള്ളയെ നിയമിച്ചു. പത്രത്തിന്റെ ഓഫീസ് ചിറയിന്‍ കീഴിലെ വക്കത്തേക്കും മാറ്റി.

'ഭയകൗടില്യ ലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ' എന്നതായിരുന്നു പത്രത്തിന്റെ ആപ്തവാക്യം. ബ്രിട്ടീഷ് ഭരണത്തിന്റെ തണലില്‍ തിരുവിതാംകൂര്‍ ദിവാനായി ഭരണം നടത്തിയിരുന്ന പി. രാജഗോപാലാചാരിയുടെ അഴിമതിയും ജനദ്രോഹ നയങ്ങളും തുറന്നു കാട്ടിയ പത്രം സര്‍ക്കാറിന് തലവേദനയുണ്ടാക്കി.

വക്കം മൗലവി എന്ന പത്രമുടമ രാമകൃഷ്ണ പിള്ളക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കി. പിള്ളയുടെ തീപാറുന്ന മുഖപ്രസംഗങ്ങള്‍ ദിവാന്റെ അരമനയില്‍ അസ്വസ്ഥതയായി കത്തി. ഒടുവില്‍ 1910 സെപ്തംബര്‍ 26ന് പത്രവും അച്ചടി യന്ത്രവും ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടി. രാമകൃഷ്ണ പിള്ളയെ തിരുനല്‍വേലിയിലേക്ക് നാടുകടത്തുകയും ചെയ്തു.

1968 ജനുവരി 26ന് കേരള മുഖ്യമന്ത്രി ഇ. എം. എസ് നമ്പൂതിരിപ്പാട് പ്രസ്സും പത്രവും മൗലവിയുടെ അവകാശികള്‍ക്ക് തിരിച്ചു നല്‍കി.

Feedback