Skip to main content

ഗ്രന്ഥരചനയും പത്രപ്രവര്‍ത്തനവും (2-2)

ഹൈദരാബാദിനോട് വിട ചൊല്ലിയശേഷം അദ്ദേഹത്തിന്റെ ജീവിതത്തില്‍ മാറ്റത്തിന്റെ ആരംഭം കുറിച്ചു. ദര്‍യാബാദിയുടെ ജീവിതരീതിയും ബുദ്ധിമണ്ഡലവും പുതിയ മാനം തേടുന്നത് ഇവിടെ മുതല്ക്കാണ്. ഉദ്യോഗത്തിന്റെ തടവുകാരനായി കഴിയുന്നതിനുപകരം സ്വതന്ത്രമായ ഗ്രന്ഥരചനയുടെയും പത്രപ്രവര്‍ത്തനത്തിന്റെയും മേഖല സ്വീകരിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. 

ദര്‍യാബാദി 1925ല്‍ സച് എന്ന പേരില്‍ ഒരു വാരിക പ്രസിദ്ധീകരണമാരംഭിച്ചു. 1933 വരെ ഒമ്പതു വര്‍ഷക്കാലം വാരിക മുടങ്ങാതെ പ്രസിദ്ധീകരിച്ചു. തന്റെ പ്രശസ്തമായ ഖുര്‍ആന്‍ പരിഭാഷ (ഇംഗ്ലീഷ്)യുടെ ജോലിയില്‍ വ്യാപൃതനായപ്പോള്‍ അദ്ദേഹം താല്ക്കാലികമായി വാരിക നിര്‍ത്തിവച്ചു. 1935 മേയില്‍ സ്വിദ്ഖ് എന്ന പേരില്‍ വാരിക ആരംഭിക്കുകയും 1950 ആഗസ്റ്റ് വരെ പ്രസിദ്ധീകരണം തുടരുകയും ചെയ്തു. മുന്നോട്ടു പോകാന്‍ കഴിയാതെ 1950ല്‍ പ്രസിദ്ധീകരണം നിര്‍ത്തി. 

പിന്നീട് ഹൈന്ദവ തത്വശാസ്ത്രങ്ങളെക്കുറിച്ച് അവഗാഹ പഠനത്തില്‍ മുഴുകി അദ്ദേഹം. ഹിന്ദുമതത്തെ സംബന്ധിച്ച പഠനങ്ങള്‍ ദര്‍യാബാദിയിലെ സന്ദേഹവാദിയെ പിടിച്ചുകുലുക്കി. വിശ്വാസപരമായ ചിന്തകളുടെ അര്‍ത്ഥവത്തായ ആശയങ്ങളുടെയും ഒരു ലോകമുണ്ടെന്നും പാശ്ചാത്യദര്‍ശനം ഈ വിഷയത്തില്‍ അന്തിമവാക്കല്ലെന്നും അദ്ദേഹത്തിനു ബോധ്യപ്പെട്ടു. ഹിന്ദുമതത്തെക്കുറിച്ചുള്ള പഠനം ഇതര ആത്മീയ ദര്‍ശനത്തിലേക്കുള്ള പഠനത്തിനു വഴി തെളിയിച്ചു. ''പാശ്ചാത്യന്‍ ഭൗതികത്വത്തിന്റെ വിഗ്രഹം ഹൈന്ദവതയെ സംബന്ധിച്ച പഠനത്തില്‍ തകര്‍ന്നു എങ്കിലും ആത്മീയത ഒരുതരം അസ്വസ്ഥത അപ്പോഴും തുടര്‍ന്നിരുന്നു. അപ്പോഴാണ് മൗലാന മുഹമ്മദലി, അക്ബര്‍ ഇലഹാബാദി ശിബ്‌ലീ നുഅമാനി തുടങ്ങിയ മഹാരഥന്മാരുമായി ഇടപഴകാന്‍ അവസരം സിദ്ധിച്ചത്. എന്റെ ആത്മീയ രോഗത്തെ യുക്തിപൂര്‍വ്വമായി ചികിത്സിക്കാന്‍ നിപുണന്മാരായിരുന്നു ഈ മാന്യന്മാര്‍.''

ഇംഗ്ലീഷ് ഉര്‍ദു ഭാഷകളിലുള്ള ഖുര്‍ആന്‍ വ്യാഖ്യാനങ്ങളാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതികള്‍. ബൈബിള്‍ താതരമ്യപഠനം ഉള്‍ക്കൊള്ളുന്നതാണ് പ്രസ്തുത തഫ്‌സീര്‍. 

പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും ഗവേഷകനുമായ ഡോക്ടര്‍ അബ്ദുല്ല അബ്ബാസ് നദ്‌വി, ദര്‍യാബാദിയുടെ ഇംഗ്ലീഷ് ഖുര്‍ആന്‍ പരിഭാഷയുടെ പ്രത്യേകതകള്‍ ചൂണ്ടിക്കാണിക്കുന്നു.

1. ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഊഹത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പൊക്കിയ നിരര്‍ത്ഥക വാദങ്ങളെയും ശരീഅത് നിയമങ്ങളിലും ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങളിലും അവര്‍ ഉയര്‍ത്തിവിട്ട സംശയങ്ങളെയും യുക്തിഭദ്രമായി പ്രതിരോധിക്കുന്നു. ഉദാ: ജിഹാദ്, അടിമത്തം, ബഹുഭാര്യത്വം തുടങ്ങിയവ.

2. ഗവേഷകന്മാരുടെ വിശ്വസീനമായ സ്രോതസ്സുകള്‍ അവലംബിച്ചുകൊണ്ട് ഖുര്‍ആനിക പദങ്ങളുടെ താല്പര്യങ്ങളെ പഠനവിധേയമാക്കുന്നു.

3. ആയതുകളില്‍നിന്ന് നാലു മദ്ഹബിന്റെ ഇമാമുകളും നിഷ്പന്നമാക്കിയ മതവിധികള്‍ കര്‍മ്മശാസ്ത്ര നിയമങ്ങളും വിശദീകരിക്കുന്നു.

4. ഖുര്‍ആനിക നിയമങ്ങളും ശരീഅതും മറ്റു മതനിയമങ്ങളും ആചാരങ്ങളുമായും താരതമ്യം ചെയ്യുന്നു.

5. ഖുര്‍ആനിക കഥകള്‍ തൗറാത്ത് ഇഞ്ചീല്‍, തല്‍മൂദ് എന്നിവയിലെ കഥകളുമായി താരതമ്യം ചെയ്തു. ഖുര്‍ആനിന്റെ സ്വീകാര്യത സ്ഥാപിക്കുന്നു.

6. പൂര്‍വ്വികരായ പ്രമുഖ മുഫസ്സിറുകളുടെ അഭിപ്രായങ്ങള്‍ എടുത്തുദ്ധരിക്കുന്നു.

7. സൃഷ്ടിപ്പ്, പ്രപഞ്ചം, പദാര്‍ത്ഥം, ആത്മാവ്, ജീവിതം, മരണം പുനരുത്ഥാനം തുടങ്ങിയ വിഷയങ്ങളിലെ ആധുനിക വീക്ഷണങ്ങള്‍ അവതരിപ്പിക്കുകയും മുഅ്തസില മുര്‍ജിഅ തുടങ്ങിയ അവാന്തര വാദങ്ങളുടെ വീക്ഷണങ്ങളെ അവഗണിക്കുകയും ചെയ്യുന്നു.

മറ്റു കൃതികള്‍: മബാദിയെ ഫല്‍സഫ (തത്വശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങള്‍), സഫറെ ഹിജാസ് (ഹിജാസ് യാത്ര), തസവ്വുഫെ ഇസ്‌ലാം (ഇസ്‌ലാമിക ആത്മവിദ്യ), ജൂഗ്‌റാഫിയെ ഖുര്‍ആന്‍ (ഖുര്‍ആനിലെ ഭൂമിശാസ്ത്രം). വൈജ്ഞാനിക മൂല്യത്തോടൊപ്പം സാഹിത്യമൂല്യവും ഭാഷ മൂല്യവുമുള്ളതാണ് അദ്ദേഹത്തിന്റെ കൃതികള്‍.

ആ ബഹുമുഖ പ്രതിഭ 1977 ജനുവരി 30ന് പരലോകം പൂകി.

 
 

Feedback
  • Monday May 13, 2024
  • Dhu al-Qada 5 1445