Skip to main content

മൗലാന അബ്ദുല്‍ മാജിദ് ദര്‍യാബാദി (1-2)

അബ്ദുല്‍ മാജിദ് ദര്‍യാബാദി. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ്, സാഹിത്യകാരന്‍. ഹിജ്‌റ 1309 ശഅ്ബാന്‍ 16ന് (1892 മാര്‍ച്ച് 16ന്) ഉത്തര്‍ പ്രദേശിലെ ബാരബജി ജില്ലയിലെ ദര്‍യാബാദില്‍ ജനിച്ചു. അബ്ദുല്‍ മാജിദ് ഇബ്‌നു അബ്ദില്‍ഖാദിര്‍ ഇബ്‌നു മദ്ഹര്‍ കരീം ദര്‍യാബാദി എന്നാണ് യഥാര്‍ത്ഥനാമം. തന്റെ പിതാമഹന്‍ മുഫ്തി മദ്ഹര്‍ കരീം പ്രമുഖ പണ്ഡിതനും കര്‍മശാസ്ത്ര വിശാരദനുമായിരുന്നു. 1857ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ പോരാളികളെ സഹായിച്ചുവെന്ന കുറ്റം ചുമത്തി ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ അന്തമാനിലേക്കു നാടുകടത്തി. കോടതി അദ്ദേഹത്തിനു ഒമ്പത് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. പക്ഷേ ജയില്‍വാസം വൈജ്ഞാനിക സേവനത്തിനാണ് അദ്ദേഹം വിനിയോഗിച്ചത്. ശൈഖ് സ്വഹിയ്യുദ്ദീന്‍ അബ്ദുല്‍ മുഅ്മിനുല്‍ ബഗ്ദാദിലെ അറബി ഭാഷയില്‍ രചിച്ച സ്ഥലനാമ നിഘണ്ടുവായ ''മറാസ്വിദുല്‍ ഇത്ത്വിലാഅ് അലാ അസ്മാഇല്‍ അംകിനതി വല്‍ ബിഖാഅ്'' എന്ന ഗ്രന്ഥം അദ്ദേഹം ജയില്‍ ജീവിതത്തിനിടയില്‍ ഉര്‍ദു ഭാഷയിലേക്കു മൊഴിമാറ്റം നടത്തി. ഇതില്‍ ആശ്ചര്യവും സംതൃപ്തിയും തോന്നിയ ഭരണകൂടം തടവ്കാലം ഏഴ്‌വര്‍ഷമാക്കി കുറച്ചു. 1865ല്‍ ദര്‍യാബാദില്‍ തിരിച്ചെത്തിയ അദ്ദേഹം ശിഷ്ടകാലം ഇബാദത്തിലും ദീനീ സേവനത്തിലുമായി കഴിഞ്ഞുകൂടി.

പിതാവ് അബ്ദുല്‍ഖാദിര്‍ വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ വിത്യസ്ത വിഷയങ്ങളെ അധികരിച്ച് ധാരാളം ലേഖനങ്ങളും കുറിപ്പുകളും എഴുതാറുണ്ടായിരുന്നു. വലിയൊരു ഗ്രന്ഥ ശേഖരത്തിന്റെ ഉടമ കൂടിയായിരുന്നു. ഹി: 1330/ക്രി.1912ലെ ഹജ്ജ് കര്‍മ്മത്തിനു പുറപ്പെടുകയും രോഗബാധിതനായി അവിടെ വെച്ച് മരണപ്പെടുകയും ചെയ്തു. 

പ്രാഥമിക വിദ്യാഭ്യാസം വീട്ടില്‍ വെച്ച് തന്നെ. അറബി ഭാഷാ പഠനത്തിലെ പ്രഥമ ഗുരു ഹകീം മുഹമ്മദ് ദകീ എന്ന പണ്ഡിതനായിരുന്നു. സീതാപൂരിലെ ഔദ്യോഗിക പാഠശാലയില്‍ നിന്ന് തുടര്‍പഠനം പൂര്‍ത്തിയാക്കിയ ദര്‍യാബാദി 1908ല്‍ ലക്‌നോവിലെ കാനിംഗ് കോളേജില്‍ ചേര്‍ന്നു. രണ്ടുവര്‍ഷം കൊണ്ട് 1910ല്‍ ബിഎ ഡിഗ്രി പൂര്‍ത്തിയാക്കി. അലീഗര്‍ മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ ഫിലോസഫിയില്‍ ഉന്നതപഠനത്തിന് ആഗ്രഹിച്ചുവെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. വിദ്യാര്‍ത്ഥിയായിരിക്കെ മനഃശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും കിട്ടാവുന്ന പുസ്തകങ്ങള്‍ വായിച്ചുപഠിക്കുകയും മിക്ക ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലും തദ്‌വിഷയകമായി നിരവധി ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരിക്കുകയും ചെയ്തു. ഏറെത്താമസിയാതെ അദ്ദേഹത്തിലെ ചിന്തകള്‍ ഒരു സന്ദേഹവാദിയുടേതായി മാറി. ഇക്കാലത്താണ് അല്ലാമഃ ശിബ്‌ലി നനുഅ്മാനിയുടെ 'തിയോളജി' സംബന്ധമായ 'അല്‍ കലാം' പ്രസിദ്ധീകരിക്കപ്പെട്ടത്. അല്‍ കലാമിനെ വിമര്‍ശനാത്മകമായി വിലയിരുത്തിക്കൊണ്ട് ലക്‌നോവില്‍ നിന്നു പുറപ്പെട്ടിരുന്ന 'അന്നാദ്വിരി'ല്‍ ശക്തമായൊരു നിരൂപണം എഴുതിയതോടെ ദര്‍യാബാദിയുടെ പേരു വൈജ്ഞാനിക വൃത്തങ്ങളില്‍ ചര്‍ച്ചാ വിഷയമായി. ഇതര നിരൂപണങ്ങളെ അപേക്ഷിച്ച് ഉദാത്തവും ഗംഭീരവുമായിരുന്നു ദര്‍യാബാദിയുടെ നിരൂപണം. അതിലെ വീക്ഷണങ്ങളോട് വിയോജിപ്പുള്ളതോടൊപ്പം ശിബ്‌ലി തന്നെയും അതിനെ പ്രശംസിക്കുകയുണ്ടായി.

ഔപചാരിക വിദ്യാഭ്യാസം കഴിഞ്ഞ് ജോലി തേടി ഹൈദരബാദിലെത്തിയ അദ്ദേഹം മൗലവി അബ്ദുല്‍ ഹഖുമായി പരിചയപ്പെടാനിടയായി. ചില ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യാനുള്ള ഉത്തരവാദിത്വം അദ്ദേഹം ദര്‍യാബാദിയെ ഏല്പിച്ചു. മൗലാന ശിബ്‌ലി സീറതുന്നബിയുടെ രചന തുടങ്ങിയതും അക്കാലത്തായിരുന്നു. ഇംഗ്ലീഷില്‍ നിന്ന് പ്രസ്തുത രചനക്കാവശ്യമായ ഉദ്ധരണികള്‍ ശേഖരിക്കുന്നതിന്റെ ഭാഗിക ജോലിയും ഇതിന്നിടയില്‍ അദ്ദേഹം  ഏറ്റെടുത്തു.

1918ല്‍ ഉസ്മാനിയ യൂനിവേഴ്‌സിറ്റിക്കുള്ളില്‍ തര്‍ജമ വിഭാഗം ആരംഭിച്ചപ്പോള്‍ ഡോ. അബ്ദുല്‍ഹഖ് ദരിയാബാദിയെ അവിടേക്കു ക്ഷണിച്ചു. ഇക്കാലത്താണ് ദരിയാബാദിയുടെ രണ്ടു പ്രധാന കൃതികളായ 'ഫല്‍സഫ-എ. ജുദ്ബാതും' 'ഫല്‍സഫ് എ ഇജ്തിമാതും' പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ കൃതികള്‍ വൈജ്ഞാനിക മണ്ഡലത്തില്‍ ദര്‍യാബാദിയെ ഉന്നത സ്ഥാനീയനാക്കി. 22-23 വയസ്സുമാത്രം പ്രായമുള്ള ഈ യുവസാഹിത്യകാരന്‍ അക്കാലത്തെ പ്രശസ്ത പണ്ഡിതന്മാരുടേയും എഴുത്തുകാരുടെയും സമശീര്‍ഷനായി പരിഗണിക്കപ്പെട്ടു. ഇതേകാലത്തുതന്നെ 'മുകാലമാത്തെ ബക്‌ലെ', 'താഹീബ് അഖ്‌ലബ്' എന്നീ രണ്ടു തര്‍ജമ കൃതികള്‍ യൂറോപ്പിലും പ്രസിദ്ധീകരിക്കപ്പെട്ടു. പാശ്ചാത്യ തത്വശാസ്ത്രങ്ങളെ സംബന്ധിച്ച ഉര്‍ദു കൃതികള്‍ കുറവായിരുന്ന അക്കാലത്ത് റഫറന്‍സിനായി ഉപയോഗിക്കപ്പെട്ടിരുന്നത് ദര്‍യാബാദിയുടെ ഗ്രന്ഥങ്ങളായിരുന്നു.

ഹൈദരാബാദില്‍ അധികകാലം താമസിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. കാരണം സാമൂഹ്യ ശാസ്ത്ര സംബന്ധമായും മറ്റും (ഫല്‍സഫെ -എ ഇജ്തിമാഅ്) രചനകളിലും അദ്ദേഹം മതത്തിനെതിരെ നടത്തിയ തീവ്രമായ അഭിപ്രായങ്ങള്‍ മതകേന്ദ്രങ്ങളില്‍ പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിച്ചു. മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ ഇതേറ്റെടുത്ത് ലേഖനപരമ്പരകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതോടെ അവിടത്തെ അന്തരീക്ഷം അദ്ദേഹത്തിനു വിശാലത പോരാതെ വന്നു. അദ്ദേഹം ഹൈദരാബാദ് വിട്ടെങ്കിലും ഭരണകൂടം അദ്ദേഹത്തിന്റെ സേവനം തേടുകയുണ്ടായി. എവിടെയായിരുന്നാലും കൊല്ലത്തില്‍ ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് ഒരു പുസ്തകം എഴുതിക്കൊടുക്കുകയെന്ന നിബന്ധനയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് 125 രൂപയുടെ മാസാന്ത സ്റ്റൈപ്പന്റ് അനുവദിക്കുകയും ചെയ്തു.

 
 

Feedback