Skip to main content

ഇബ്‌നു ജുബൈര്‍

സഞ്ചാരി, കവി, സാഹിത്യകാരന്‍. ശരിയായ പേര് അബുല്‍ഹുസൈന്‍ മുഹമ്മദുബ്‌നു അഹ്മദബ്‌നി ജുബൈര്‍. ഹി.540 ക്രി. 1145ല്‍ സ്‌പെയിനിലെ വലന്‍സിയയില്‍ ജനിച്ചു. ശാത്വിബയിലായിരുന്നു പഠനം. ഭാഷ, സാഹിത്യം, കര്‍മശാസ്ത്രം, ഹദീസ് എന്നിവയില്‍ അവഗാഹം നേടി. കവിതയിലും സാഹിത്യത്തിലുമുള്ള കഴിവ് മുന്‍നിര്‍ത്തി ഗ്രാനഡാ ഗവര്‍ണര്‍ അബൂസഈദ് അദ്ദേഹത്തെ തന്റെ സെക്രട്ടറിയായി നിയമിച്ചു. ഒരു പരിപാടിയില്‍വെച്ച് മദ്യപാനത്തില്‍ പങ്ക് ചേരാനിടയായതില്‍ കഠിനമായി പശ്ചാത്തപിച്ചു. പാപം കഴുകിക്കളയാനായി മക്കയിലേക്ക് തീര്‍ഥയാത്ര നടത്തി. സംഭവ ബഹുലമായ ഈ യാത്രയുടെ വിവരണമായ 'രിഹ്‌ല'യാണ് ഇബ്‌നു ജുബൈറിനെ പ്രശസ്തനാക്കിയത്.

ഹി.578 ശവ്വാല്‍ 10 ക്രി. 1183 ഫെബ്രുവരി മൂന്നിന് സുഹൃത്ത് അഹ്മദുബ്‌നു ഹസ്സാനോടൊപ്പം ഗ്രാനഡയില്‍ നിന്ന് താരിഫ വഴി ക്യൂട്ടയിലെത്തിയ അദ്ദേഹം അവിടെ നിന്ന് കപ്പലില്‍ അലക്‌സാണ്ട്രിയയിലേക്ക് പുറപ്പെട്ടു. സര്‍ദീനിയ, സിസിലി, ക്രീറ്റ് വഴി ഒരു മാസത്തെ യാത്രക്ക് ശേഷമാണ് അലക്‌സാ്രണ്ടിയയിലെത്തിയത്. അവിടെവെച്ച് ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥന്‍മാരില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന ഉപദ്രവങ്ങള്‍ ഹൃദയാവര്‍ജകമായി ഇബ്‌നു ജുബൈര്‍ രിഹ്‌ലയില്‍ വിവരിക്കുന്നു. അലക്‌സാണ്ട്രിയയില്‍ നിന്ന് കൈറോ വഴി ചെങ്കടല്‍ മുറിച്ചുകടന്നാണ് മക്കയിലെത്തിയത്.

ഒമ്പത് മാസത്തോളം മക്കയില്‍ താമസിച്ച അദ്ദേഹം മദീന സന്ദര്‍ശിച്ചതിന് ശേഷം വിശാലമായ മരുഭൂമി താണ്ടി വീണ്ടും യാത്ര തുടര്‍ന്നു. ബഗ്ദാദ്, മൗസ്വില്‍, മെസെപ്പൊട്ടേമിയ, അലപ്പോ, ദമസ്‌കസ് എന്നീ മുസ്‌ലിം സാംസ്‌കാരിക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഹി.581 ക്രി. 1185ല്‍ ഗ്രാനഡയില്‍ തിരിച്ചെത്തി. സ്വദേശത്തേക്കുള്ള മടക്കയാത്രയില്‍ മെസ്സീന കടലിടുക്കില്‍ വെച്ച് കപ്പല്‍ തകര്‍ന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ട കഥ രിഹ്‌ലയില്‍  വിവരിച്ചിട്ടുണ്ട്. ഹി.585 ക്രി. 1189ല്‍ പൗരസ്ത്യ രാജ്യങ്ങളിലേക്കും സമുദ്രയാത്ര നടത്തുകയുണ്ടായി. കിഴക്കോട്ട് വീണ്ടും യാത്ര പുറപ്പെട്ട അദ്ദേഹം അലക്‌സാണ്ട്രിയയില്‍ യാത്ര അവസാനിപ്പിച്ചു. ഹി.614 ശഅ്ബാന്‍ ക്രി. 1217 നവംബറില്‍ അലക്‌സാണ്ട്രിയയില്‍വച്ചാണ് അദ്ദേഹം മരിക്കുന്നത്.

19ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് യൂറോപ്പില്‍ 'രിഹ്‌ല' അറിയപ്പെട്ടത്. അതില്‍ പിന്നെ ഫ്രഞ്ച്, ഇറ്റാലിയന്‍, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തപ്പെട്ടു. ദി ട്രാവല്‍സ് ഓഫ് ഇബ്‌നു ജുബൈര്‍ എന്ന പേരില്‍ ആര്‍.ജെ.സി. ബ്രോദര്‍സ്റ്റ് ആണ് ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചത്. (1957 ലണ്ടന്‍). അനുഗൃഹീത കവി കൂടിയായിരുന്ന ഇബ്‌നു ജുബൈറിന്റെ കവിതകള്‍ ഒരു ദീവാനില്‍  ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്.


 

 

Feedback