Skip to main content

മഹ്മൂദ് ദര്‍വീശ്

ഫലസ്ത്വീനിന്റെ സ്വാതന്ത്ര്യത്തിനും സ്വയംഭരണത്തിനും വേണ്ടി ആശയതലങ്ങളില്‍ പോരാടിയ കവിയായിരുന്നു മഹ്മൂദ് ദര്‍വീശ്. ഇസ്രാഈലിന്റെ ഫലസ്ത്വീന്‍ അധിനിവേശം കാരണം പലനാടുകളില്‍ താമസിക്കേണ്ടിവന്ന മഹ്മൂദ് ദര്‍വീശ് എല്ലായ്‌പ്പോഴും തന്റെ കവിതകളിലൂടെയും നിലപാടുകളിലൂടെയും ഫലസ്ത്വീന് വേണ്ടി പോരാടി.

ഫലസ്ത്വീന്‍ രാജ്യസഭാംഗമായിരുന്ന ദര്‍വീശ് 1941ല്‍ ഫലസ്ത്വീനിലെ അല്‍ബര്‍വ ഗ്രാമത്തിലാണ് ജനിക്കുന്നത്. ഒരു ചെറിയ തീരപ്രദേശമായിരുന്ന അവിടം മുഴുവന്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു. എന്നാല്‍ 1948ല്‍ ഇസ്രാഈലിന്റെ അധിനിവേശം നിമിത്തം അദ്ദേഹത്തിന്റെ കുടുംബം ലബനാനില്‍ അഭയം തേടി. 1949ല്‍ അവര്‍ തിരിച്ചുവന്നെങ്കിലും എല്ലാം നഷ്ടപ്പെട്ടിരുന്നു. അങ്ങനെ അവര്‍ ഒരു പുതിയ ഗ്രാമത്തില്‍ താമസം തുടങ്ങുകയായിരുന്നു.

ഇസ്രാഈലിന്റെ അധിനിവേശം മൂലം പല തവണ ജന്മനാട് വിട്ടോടേണ്ടി വന്ന ദര്‍വീശ് തന്റെ പഠനം മുഴുവനാക്കുന്നത് ഈജിപ്തിലും ലബനാനിലും രാഷ്ട്രീയ അഭയാര്‍ഥിയായിക്കഴിഞ്ഞു കൊണ്ടാണ്. പഠനകാലത്തും അതിനു ശേഷവും ഫലസ്ത്വീന്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയും ഇസ്രാഈല്‍ ക്രൂരതക്ക് എതിരെയും വിവിധ പത്രങ്ങളിലൂടെയും മാസികകളിലൂടെയും എഴുതിക്കൊണ്ടേയിരുന്നു.

റാബിത്വതുല്‍ കിതാബി വ സ്വുഹ്ഫിയ്യീന്‍ എന്ന സംഘടനയുടെ പ്രസിഡന്റായിരുന്ന അദ്ദേഹം മജല്ലത്തുല്‍ കര്‍മല്‍ മാഗസിനും പ്രസിദ്ധീകരിച്ചു. 1973 മുതല്‍ 1982 വരെ ബയ്‌റൂത്തില്‍ താമസിച്ച അദ്ദേഹം മജല്ലതു ശുഊസി ഫലസ്ത്വീനിയ്യ എന്ന മാസികയുടെ എഡിറ്ററായിരുന്നു. 1981ല്‍ ദര്‍വീശ് മര്‍കസു അബഹാതി മുനദ്വിമതിത്തഹ്‌രീരില്‍ ഫലസ്ത്വീനിയ്യ എന്ന സ്ഥാപനത്തിന്റെ ഡയരക്ടറായി.

1975-1991 വരെ ബെയ്‌റൂത്തിലുണ്ടായ ആഭ്യന്തരകലാപത്തെ തുടര്‍ന്ന് ദര്‍വീശ് ഫലസ്ത്വീനിലേക്ക് തന്നെ മടങ്ങി. എന്നാല്‍ ഏരിയല്‍ ഷാരോണിന്റെ നേതൃത്വത്തിലുള്ള ഇസ്രാഈല്‍ തേര്‍വാഴ്ച കണ്ടപ്പോള്‍ അദ്ദേഹം ലബ്‌നാനിലേക്ക് തന്നെ തിരിച്ചു. ജന്മനാട്ടിലും അഭയനാട്ടിലും സൈ്വരജീവിതം സാധ്യമല്ലാതെ വന്നതോടെ അദ്ദേഹം വിവിധ നാടുകളിലേക്ക് ചേക്കേറി. ലബനാനില്‍ നിന്ന് സിറിയ, ഈജിപ്ത്, തുനീഷ്യ, പാരീസ് തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം എത്തിപ്പെട്ടു. 

തന്റെ യാത്രകള്‍ക്കിടയില്‍ തന്നെ ഒരു ഫലസ്ത്വീന്‍ സ്വതന്ത്രകവിയായി അറിയപ്പെട്ടിരുന്ന അദ്ദേഹം വിവിധ രാജ്യങ്ങളിലെ നിരവധി കവികളുമായി ബന്ധം സ്ഥാപിച്ചു. നിസാര്‍ ഖബാനി, റഅദ് ബന്‍ദര്‍ തുടങ്ങിയ പ്രമുഖര്‍ അവരിലുണ്ടായിരുന്നു. ഫലസ്ത്വീനിന്റെ കാമുകന്‍ എന്നറിയപ്പെട്ട അദ്ദേഹം അമേരിക്കയിലെ മെമോറിയല്‍ ഹെര്‍മന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കേ 2008 ആഗസ്ത് 9ന് അന്തരിച്ചു. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് ഫലസ്ത്വീന്‍ പ്രസിഡന്റ് മൂന്ന് ആഴ്ച ദുഃഖാചരണം പ്രഖ്യാപിക്കുകയുണ്ടായി.

പ്രധാന കൃതികള്‍:


ദീവാന്‍ മഹ്മൂദ് ദര്‍വീശ്
അനല്‍ മൗഖിഉ അദ്‌നാഹു
അല്‍ അഅ്മാലു ന്നസരിയ്യ
മുഖ്താറാതുന്‍ ലീ ലുഗതു ബഅ്ദീ
 

Feedback