Skip to main content

നജീബ് കീലാനി

കര്‍ഷകന്‍, എഴുത്തുകാരന്‍, ഭിഷഗ്വരന്‍ എന്നീ നിലകളില്‍ ജീവിതത്തെ അധ്വാനത്തിന്റെയും സേവനത്തിന്റെയും മാതൃകയാക്കിയ ഉന്നത വ്യക്തിത്വമായിരുന്നു നജീബ് കീലാനി. ഇഖ്‌വാന്‍ അംഗമായിരുന്ന അദ്ദേഹം അതീവ ഭക്തനും വിനയത്തിന്റെ മാനുഷിക മുഖവുമായിരുന്നു. 

കീലാനിയുടെ മകന്‍ പിതാവിനെക്കുറിച്ച് പറയുന്നത്, ഉപ്പയുടെ സ്വഭാവം ഖുര്‍ആന്‍ ആയിരുന്നു എന്നാണ്. പെരുമാറ്റത്തില്‍ ഏറെ വശ്യതയും ഹൃദ്യതയും പുലര്‍ത്തിയിരുന്ന അദ്ദേഹം ആഗ്രഹങ്ങള്‍ അധികമാക്കിയിരുന്നില്ല. അല്ലാഹുവിന്റെ കൃപയിലും വിധിയിലും നന്നായി വിശ്വസിച്ച അദ്ദേഹം ആദ്യം തനിക്ക് ബാധിച്ച പകര്‍ച്ചവ്യാധിയെയും പിന്നീട് ബാധിച്ച കാന്‍സറിനെയും ഈമാനിന്റെ ശക്തികൊണ്ട് അതിജയിച്ചു.

1931 ജൂണ്‍ ആദ്യത്തില്‍ ഈജിപ്തിലെ ശര്‍ശാബ ഗ്രാമത്തിലായിരുന്നു ജനനം. മൂത്തമകനായ അദ്ദേഹം നാലാമത്തെ വയസ്സില്‍ തന്നെ പ്രാഥമിക വിദ്യാഭ്യാസത്തിന് ചേര്‍ന്നു. ശേഷം നബി ചരിത്രവും ഹദീസും ഖുര്‍ആനും എല്ലാം മനസ്സിലാക്കിയ അദ്ദേഹം അറിവിന്റെയും സേവനത്തിന്റെയും പുതിയ വാതായനങ്ങള്‍ തുറന്നു.

നജീബ് കീലാനിയുടെ കുലത്തൊഴില്‍ കൃഷിയായിരുന്നു. മികച്ച കര്‍ഷകനായിരുന്ന അദ്ദേഹം പഠനത്തിലും അതീവശ്രദ്ധ പുലര്‍ത്തി. സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം വൈദ്യശാസ്ത്രപഠനത്തിനായി കെയ്‌റോ മെഡിക്കല്‍ കോളെജില്‍ ചേര്‍ന്നു. 

മെഡിക്കല്‍ ഡിഗ്രിയെടുത്ത അദ്ദേഹം കുവൈത്തിലും യു എ ഇയിലുമടക്കം വിദേശരാജ്യങ്ങളില്‍ സേവനമനുഷ്ഠിക്കുകയും ഏറെ പ്രഗത്ഭനായി പേരെടുക്കുകയും ചെയ്തു. 1960ലാണ് കീലാനി വിവാഹിതനാകുന്നത്. ഇസ്‌ലാമിക സാഹിത്യകാരിയായിരുന്ന നഫീസ ശാഹീന്‍ ആയിരുന്നു വധു. അവര്‍ അദ്ദേഹത്തിന്റെ മൂന്ന് മക്കള്‍ക്ക് ജന്‍മം നല്‍കുകയും ചെയ്തു.

മലിക് നിദ്വാം അബ്ദുന്നാസറിന്റെ ഭരണകാലത്ത് നജീബ് കീലാനിയും മര്‍ദ്ദനങ്ങള്‍ക്കിരയാവുകയും 1955 ആഗസ്ത് ഏഴിന് ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. മൂന്നര വര്‍ഷം അദ്ദേഹം ജയില്‍വാസമനുഭവിച്ചു. ജീവിതത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ട ആ മഹാസാഹിത്യകാരന്‍ 1995 മാര്‍ച്ച് ഏഴിന് അന്തരിച്ചു.

പ്രധാനകൃതികള്‍:


ഖാതിലു ഹംസ, അഹ്‌ലുല്‍ ഹമീദ, അമീറതുല്‍ ജബല്‍, അല്‍ കാബൂസ്, രിഹ്‌ലതു ഇലല്ലാഹി, ഇന്‍ദ റഹീല്‍, രിജാലുല്ലാഹ്, ഹികായാതു ത്വബീബ്, ഫാരിസ ഹവാസിന്‍, ലയാലി തുര്‍കിസ്താന്‍
 

Feedback