Skip to main content

അല്‍ ഇദ്‌രീസി

പതിനേഴാം നൂറ്റാണ്ടിലാണ് ആധുനികരീതിയിലുള്ള കൃത്യമായ ഒരു ഭൂപടം പടിഞ്ഞാറന്‍ ലോകത്ത് നിര്‍മിച്ചത്. 700 വര്‍ഷങ്ങള്‍ക്കു മുമ്പ് വെള്ളിത്തകിടുകളില്‍ 71 പടങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഭൂപടം അല്‍ ഇദ്‌രീസി തയ്യാറാക്കിയിരുന്നു. സിസിലി രാജാവായിരുന്ന റോജന്‍ രണ്ടാമനു വേണ്ടി 400 കിലോഗ്രാം തൂക്കമുള്ള ഒരു വെള്ളി ഗോളം നിര്‍മിക്കുകയും അതില്‍ രാശിചക്രം, നക്ഷത്രക്കൂട്ടം എന്നിവ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ചരിത്രത്തിലെ മനുഷ്യനിര്‍മിതമായ ഒന്നാമത്തെ ഗ്ലോബ്.

മുഴുവന്‍ പേര് അബു അബ്ദില്ലാ മുഹമ്മദ് അല്‍ ഇദ്‌രീസി അല്‍ ഖുര്‍തുബി അല്‍ ഹസനി അല്‍ സബ്തി. അല്‍ ഇദ്‌രീസി എന്നും ലാറ്റിന്‍ ഭാഷയില്‍ ഡ്രീസസ് എന്നും അറിയപ്പെട്ടു. 1100ല്‍ ക്വെറ്റയില്‍ ജനനം. പൂര്‍വ്വികര്‍ മൊറോക്കോയിലെ ഇദ്‌രീസിയില്‍ നിന്നുള്ള ഹമ്മൂദി കുടുംബത്തില്‍ നിന്നുള്ളവരാണ്. വടക്കേ ആഫ്രിക്കയ്ക്കും അന്‍ദലൂസിനും ഇടയില്‍ (മുസ്‌ലിം സ്‌പെയിന്‍) നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ട്. പഠനം കൊര്‍ദോവയിലായിരുന്നു.

കപ്പലോട്ട ശാസ്ത്രത്തിന്റെ ചരിത്രം കുറിക്കുന്ന അദ്ദേഹത്തിന്റെ ഭൂപടം മൂന്ന് നൂറ്റാണ്ടു കാലം മാറ്റമേതും കൂടാതെ ഭൂമിശാസ്ത്രജ്ഞര്‍ ഉപയോഗിച്ചു. അറബി അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് സ്ഥലനാമങ്ങള്‍ രേഖപ്പെടുത്തിയത്. ഉത്തരഅക്ഷാംശം 63 ഡിഗ്രിക്കും ദക്ഷിണ അക്ഷാംശം 16 ഡിഗ്രിക്കും ഇടയിലുള്ള പ്രദേശങ്ങളാണ് ഭൂപടത്തില്‍ രേഖപ്പെടുത്തിയിരുന്നത്.

റോജര്‍ രാജാവിന്റെ പ്രേരണയാല്‍ അല്‍ ഇദ്‌രീസി പതിനഞ്ചു വര്‍ഷം കൊണ്ട് എഴുതിയ ഗ്രന്ഥമാണ് നുസ്ഖത്തുല്‍ മുശ്ത്താഖ് ഫീ ഇഖ്തിറാഖില്‍ ആഫാഖ്. റോജറിന്റെ പുസ്തകം എന്നും അറിയപ്പെടുന്ന ഈ പുസ്തകത്തില്‍ അദ്ദേഹം ഭൂമിയെ ഏഴു കാലാവസ്ഥാ മേഖലകളായി തിരിക്കുന്നു. ഓരോ മേഖലയുടെയും അവസ്ഥകള്‍, അന്തരീക്ഷ സ്ഥിതി, കര, കടലുകള്‍, പര്‍വ്വതങ്ങള്‍, കൃഷിയോഗ്യമായ സ്ഥലങ്ങള്‍, സസ്യവിഭാഗങ്ങള്‍, വാണിജ്യ വ്യവസായ പ്രദേശങ്ങള്‍, ജനജീവിതം, ആചാരം, വിശ്വാസങ്ങള്‍, ഭാഷ തുടങ്ങിയവയെല്ലാം അതില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.

ഭൂമിയുടെ ചുറ്റളവ് 22,900 മൈല്‍ അഥവാ 45,185 കിലോമീറ്റര്‍ ആണെന്ന് ഇദ്‌രീസി കണ്ടെത്തി. ഭൂമി പരന്നതാണെന്ന് വിശ്വസിച്ചിരുന്നൊരു കാലത്ത് വിപ്ലവാത്മകമായിരുന്നു ഇദ്‌രീസിയുടെ കണ്ടെത്തല്‍. ഒരു പന്തു പോലെയാണ് ഭൂമിയെന്ന് ഇദ്ദേഹം രേഖപ്പെടുത്തി. വെള്ളം അതുമായി പ്രകൃത്യാ ചേര്‍ന്നു നില്‍ക്കുന്നുവെന്നും അതൊരിക്കലും വേര്‍പെടുകയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഭൂമിശാസ്ത്ര വിജ്ഞാന കോശമായി വികസിപ്പിച്ചെഴുതിയ ഇദ്‌രീസിയുടെ ഗ്രന്ഥമാണ് 'റൗദില്‍ ഉന്‍സീ വനുസ്ഖത്തുല്‍ നഫ്‌സ്'. 360 സാധാരണ ഔഷധങ്ങളുടെ വിവരങ്ങള്‍ അടങ്ങുന്ന ഗ്രന്ഥമാണിത്. ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ വ്യത്യസ്തങ്ങളായ സസ്യങ്ങളുടെയും മരങ്ങളുടെയും ഗുണങ്ങള്‍, കായ്കനികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും പേര്‍ഷ്യന്‍, ഗ്രീക്ക്, ലാറ്റിന്‍, സുറിയാനി തുടങ്ങിയ പന്ത്രണ്ടു ഭാഷകളിലെ വിവരങ്ങളുമുണ്ട്.
1165ല്‍ ക്വറ്റയില്‍ മരിച്ചു.

Feedback