Skip to main content

അബുല്‍ ഫിദാഅ്

ചരിത്രപണ്ഡിതനും ഭൂമിശാസ്ത്രജ്ഞനുമായ അയ്യൂബി രാജകുമാരന്‍ (1273-1331). ശരിയായ പേര് ഇമാദുദ്ദീന്‍ ഇസ്മാഈലുബ്‌നു അലി. 672 ജുമാദല്‍ ഊലാ (1273 നവംബറി)ല്‍ ദമസ്‌കസില്‍ ജനിച്ചു.

സാഹിത്യം, നിദാനശാസ്ത്രം, കവിത, വൈദ്യശാസ്ത്രം, തത്വശാസ്ത്രം തുടങ്ങിയ വിവിധ ശാഖകളില്‍ പാണ്ഡിത്യം നേടിയ അബുല്‍ഫിദാഅ് ഭരണാധികാരി എന്നതിനേക്കാളേറെ പണ്ഡിതന്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഭരണത്തിന്റെ തിരക്കുകള്‍ക്കിടയിലും ജ്ഞാനാന്വേഷണത്തിന് സമയം കണ്ടെത്തിയിരുന്നു. 'മുഖ്തസ്വറുതാരീഖില്‍ ബശര്‍', 'തഖ്‌വീമുല്‍ ബുല്‍ദാന്‍' എന്നിവയാണ് അബുല്‍ ഫിദാഇന്റെ പ്രസിദ്ധ രചനകള്‍. മനുഷ്യവര്‍ഗത്തിന്റെ ഉദ്ഭവം മുതല്‍ ഹി: 729 (1329) വരെയുള്ള കാലഘട്ടത്തിലെ ഇസ്‌ലാമിക ചരിത്രമാണ് മുഖ്തസ്വറുതാരീഖില്‍ ബശര്‍. താരീഖു അബില്‍ഫിദാഅ് എന്ന പേരിലും ഈ ഗ്രന്ഥം അറിയപ്പെടുന്നു. പ്രമുഖ ചരിത്രപണ്ഡിതനായ ഇബ്‌നുല്‍ അസീറിനെ അവലംബിച്ചാണ് പ്രസ്തുത കൃതിയുടെ ആദ്യഭാഗം രചിച്ചിട്ടുള്ളത്. ഈ ഭാഗം ചരിത്ര കഥകളുടെ കെട്ടുകുടുക്കുകള്‍ നിറഞ്ഞതാണെങ്കിലും ഇതുള്‍ക്കൊള്ളുന്ന സമകാലിക ചരിത്രം ഏറ്റവും ആധികാരികമായാണ് ഗണിക്കപ്പെടുന്നത്. ഇതില്‍ കുരിശുയുദ്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം ആധുനിക ചരിത്രകാരന്‍മാര്‍ ഉദ്ധരിക്കാറുണ്ട്. ഈ കൃതി പൂര്‍ണരൂപത്തില്‍ ഹി: 1286(1869) ല്‍ ഇസ്താംബൂളില്‍ നിന്ന് പ്രസിദ്ധീകരിച്ചു. ഇത് നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 

രണ്ടു വാല്യങ്ങളുള്ള തഖ്‌വീമുല്‍ ബുല്‍ദാന്‍ അക്കാലത്ത് ഏറെ അറിയപ്പെട്ട ഭൂമിശാസ്ത്ര കൃതിയാണ്. ഭൂപ്രകൃതിയെ സംബന്ധിച്ചുള്ള പൊതുവിവരണത്തിനു ശേഷം ഭൂമിയുടെ 28 ഭാഗങ്ങളുടെ വിശദവിവരങ്ങള്‍ ഇത് ഉള്‍ക്കൊള്ളുന്നു. ഭൂമി ഗോളാകൃതിയിലാണെന്ന് അദ്ദേഹം വാദിച്ചിരുന്നു. ക്രി. 17ാം നൂറ്റാണ്ടില്‍ ഈ ഗ്രന്ഥം പേര്‍ഷ്യന്‍, ലാറ്റിന്‍, ഇംഗ്ലീഷ് ഭാഷകളിലേക്ക് തര്‍ജമചെയ്യപ്പെട്ടു. നിരവധി കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. അറബി വ്യാകരണത്തില്‍ രചിച്ച നിരവധി വാല്യങ്ങളുള്ള അല്‍കന്നാശ്, താരീഖുദ്ദൗലതില്‍ ഖുവാരിസ്മിയ്യ, നവാദിറുല്‍ ഇല്‍മ്, അല്‍മവാസീന്‍, നദ്മുല്‍ ഹാവിസ്സ്വഗീര്‍ തുടങ്ങിയവയാണ് ഇതര ഗ്രന്ഥങ്ങള്‍.

12ാം വയസില്‍ ഹി:684 (1285) പിതാവിനോടും ഫമാതിലെ രാജകുമാരനായ പിതൃ സഹോദരപുത്രന്‍ മുദഫ്ഫര്‍ മഹ്മൂദ് രണ്ടാമനോടുമൊപ്പം ഇമാമുദ്ദീന്‍ കുരിശുയുദ്ധക്കാര്‍ക്കെതിരെ മര്‍ഖബ് ഉപരോധത്തില്‍ പങ്കെടുത്തു. പിന്നീട് കുരിശുപടക്കെതിരില്‍ നടന്ന പല സൈനിക നീക്കങ്ങളിലും പങ്കെടുത്തിട്ടുണ്ട്. തന്റെ സന്നിധിയിലെത്തിയ അബുല്‍ഫിദാഇന്റെ വ്യക്തി വൈശിഷ്ട്യത്തിലും കുരിശുസൈന്യത്തിനെതിരിലുള്ള ധീരമായ ചെറുത്തുനില്‍പ്പിലും സംപ്രീതനായ ഈജിപ്തിലെ മംലൂക് സുല്‍ത്താന്‍ മലികുന്നാസ്വിര്‍ മുഹമ്മദ്ബ്‌നു ഖലാവൂന്‍ ഹി. 710/ക്രി. 1310ല്‍ അദ്ദേഹത്തെ ഹമാതിലെ ഗവര്‍ണറായി നിയമിച്ചു. ഹി:719 (1319) ല്‍ അബുല്‍ഫിദാഅ്, സുല്‍ത്താന്‍ മുഹമ്മദിനോടൊപ്പം ഹജ്ജിനുപോയി. കൈറോയില്‍ തിരിച്ചെത്തിയ മംലൂക് സുല്‍ത്താന്‍ അദ്ദേഹത്തിന് സുല്‍ത്താന്‍ പദവിയും അല്‍മലികുല്‍ മുഅയ്യദ് എന്ന സ്ഥാനപ്പേരും നല്‍കി ആദരിച്ചു. സിറിയയിലെ മറ്റെല്ലാ ഗവര്‍ണമാരെക്കാളും അദ്ദേഹത്തിന് പ്രാമുഖ്യം കല്‍പ്പിക്കുകയും ചെയ്തു.

അബുല്‍ഫിദാഅ് സാഹിത്യത്തെയും വിജ്ഞാനത്തെയും പ്രോത്‌സാഹിപ്പിക്കുകയും പണ്ഡിതന്‍മാരെ ആദരിക്കുകയും ചെയ്തു. ഹമാതിലുള്ള പണ്ഡിതന്‍മാരുമായി ആശയ സംവാദങ്ങള്‍ നടത്തിപ്പോന്നു. അവര്‍ക്കു പ്രത്യേക വേതനം അനുവദിച്ചു. അമീര്‍ സൈഫുദ്ദീന്‍ അര്‍ഗൂന്‍, ഖാദീ കരീമുദ്ദീന്‍ തുടങ്ങിയ പണ്ഡിതന്‍മാരും ഭരണ നിപുണരുമായ നിരവധിപേര്‍ ഭരണകാര്യങ്ങളില്‍ അബുല്‍ഫിദാഇനെ സഹായിച്ചിരുന്നു. അമീനുദ്ദീന്‍ അബ്ഹരി, ജമാലുദ്ദീന്‍ മുഹമ്മദുബ്‌നു നുബാത എന്നീ പണ്ഡിതന്‍മാര്‍ അബുല്‍ഫിദാഇല്‍ നിന്ന് പ്രത്യേക വേതനം ലഭിച്ചവരാണ്. ഭരണാധികാരിയായിരിക്കേ 732 മുഹര്‍റം 23 (1331 ഒക്‌ടോബര്‍ 27)ന് ഹമാതില്‍ മരിച്ചു. 

Feedback