Skip to main content

ഗോളശാസ്ത്രവും ഭൂമിശാസ്ത്രവും

ശാസ്ത്രത്തിന്റെ വിവിധ മേഖലകളില്‍ ആധുനിക ലോകം മുന്നിലെത്തി നില്ക്കുന്നു. അതില്‍ പലതിന്റെയും, വിശേഷിച്ച് ഗോളശാസ്ത്രത്തിന്റെ ഗവേഷണ പഠനം ആരംഭിക്കുന്നത് ഗ്രീക്ക് ശാസ്ത്രജ്ഞരില്‍ നിന്നാണ്. ഗ്രീക്ക് ഭാഷയിലെ നിരവധി കൃതികള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ഗ്രീക്ക് ഭാഷ ഏതാണ്ട് ഇല്ലാതാവുകയും ചെയ്തതിനാല്‍ മധ്യനൂറ്റാണ്ടുകളില്‍ അറബി മുസ്‌ലിം ശാസ്ത്രജ്ഞരിലൂടെയാണ് യൂറോപ്പിലേക്ക് വിജ്ഞാനം കടന്നുവന്നത്. മുസ്‌ലിം ലോകത്തെ സര്‍വകലാശാലകളില്‍ ഒബ്‌സര്‍വേറ്ററികള്‍ സ്ഥാപിക്കപ്പെട്ടിരുന്നു.     ശറഫുദ്ദൗല എന്ന ഭരണാധികാരി സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് നിരവധി ശാസ്ത്ര പഠനങ്ങള്‍ ഉദയം ചെയ്തിട്ടുണ്ട്.


അബുല്‍ വഫാ അല്‍ ബുസ്ജാനി, ഇബ്‌നു ശാത്വിര്‍ തുടങ്ങിയ പ്രഗത്ഭ ശാസ്ത്രജ്ഞന്‍മാര്‍ ടോളമിയുടെയും മറ്റും പഠനങ്ങളിലെ തെറ്റുതിരുത്തുകയും തുടര്‍ പഠനം നടത്തുകയും ചെയ്തവരാണ്. ബുസ്ജാനിയുടെ 'കിതാബുല്‍ കാമില്‍' ഗോളശാസ്ത്രപഠന രംഗത്തെ ഒരമൂല്യ രചനയാണ്.  കോപ്പര്‍ നിക്കസ് തന്റെ പഠന ഗവേഷണങ്ങള്‍ക്ക്, തന്റെ ഒരു നൂറ്റാണ്ട് മുമ്പ് കടന്നുപോയ ഇബ്‌നു ശാത്വിറിനോട് കടപ്പെട്ടിരിക്കുന്നു. പതിനൊന്ന് പന്ത്രണ്ട് നൂറ്റാണ്ടുകളില്‍ ശാസ്ത്ര വിജ്ഞാനത്തില്‍ മുസ്‌ലിം സ്‌പെയിന്‍ ഏറെ മുന്നേറിയിരുന്നു. നൂറുദ്ദീന്‍ അബൂ ഇസ്ഹാഖ് അല്‍ ബത്‌റൂജി (മരണം. ക്രി.1204) യുടെ ഗോളപഠനങ്ങളും അദ്ദേഹത്തിന്റെ 'കിതാബുല്‍ ഹൈഅ' യും ഗോളശാസ്ത്രത്തിന് മുതല്‍ക്കൂട്ടായിരുന്നു. 1217ല്‍ ഈ ഗ്രന്ഥം ലാറ്റിനിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടു. 
ഗോളശാസ്ത്രം പോലെത്തന്നെ ഭൂമിശാസ്ത്രത്തിലും മുസ്‌ലിം സ്‌പെയിന്‍ ലോകത്തിന് നിസ്സീമമായ സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്.     കൊര്‍ദോവ സര്‍വകലാശാല കേന്ദ്രമായി നിരവധി പഠന ഗവേഷണങ്ങളും വിലപ്പെട്ട രചനകളും ഉണ്ടായിട്ടുണ്ട്. അബുല്‍ കാസിം ബ്‌നു അഹ്മദ് (ക്രി. 1029-1070), ലിസാനു ദീനല്‍ ഖത്വീബ്, ഇബ്‌നു ഖല്‍ദൂന്‍ തുടങ്ങിയ പ്രതിഭകള്‍ സ്‌പെയിനിന്റെ സന്തതികളാണ്. 1094ല്‍ നിര്യാതനായ ഭൂമിശാസ്ത്രജ്ഞന്‍ അല്‍ ബകരിയുടെ അല്‍ മസാലിക് വല്‍ മമാലിക് ഇവ്വിഷയകമായ റഫറന്‍സാണ്.

കൊര്‍ദോവയില്‍ നിന്ന് പുറത്തിറങ്ങിയ അബൂ അബ്ദില്ല അശ്ശരീഫ് അല്‍ ഇദ്‌രീസി ലോകം ചുറ്റി സഞ്ചരിച്ചു മാത്രം താന്‍ സഞ്ചരിച്ച രാജ്യങ്ങളുടെ മാപ്പ് തയ്യാറാക്കുകയും ചെയ്തു. 'നുസ്ഹതുല്‍ മുശ്താഖ് ഫിഖ്തിറാഖില്‍ ആഫാഖ്' എന്ന അദ്ദേഹത്തിന്റെ സഞ്ചാരസാഹിത്യവും (Travel literature ) പ്രസിദ്ധമാണ്. ഗ്രാനഡ സ്വദേശി അബൂഹാമിദ് മുഹമ്മദുല്‍ മസീനി (1081-1170) പ്രസിദ്ധ ഭൂമിശാസ്ത്ര ഗവേഷകനാണ്. മൊറോക്കയിലെ താന്‍ജീര്‍ സ്വദേശിയായ ഇബ്‌നുബത്തൂത്ത (1304-1377) മുന്‍ഗാമികളെ നിഷ്പ്രഭരാക്കിയ സഞ്ചാരിയാണ്. 
ശാസ്ത്ര വിജ്ഞാനങ്ങളുടെ ആധുനിക മേഖലകള്‍ക്ക് വഴിയൊരുക്കിയത് മധ്യനൂറ്റാണ്ടുകളില്‍ ജീവിച്ച മുസ്‌ലിം ശാസ്ത്ര്ഞരായിരുന്നു. ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ് നാം എടുത്തുകാണിച്ചത്. വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തിവിട്ട ചിന്താവിപ്ലവമായിരുന്നു ആ ഉന്നമനത്തിന്റെ നിദാനം.

Feedback