Skip to main content

ഹവാരികള്‍ (അപ്പോസ്തലന്‍മാര്‍)

യഹൂദരിലെ പ്രമാണിമാരും അവരുടെ പിണിയാളുകളും ഈസാ(അ)യെ എതിര്‍ത്തെങ്കിലും സമൂഹത്തിലെ മര്‍ദിതരും പാവപ്പെട്ടവരുമായ സാധാരണക്കാരില്‍ പലരും അദ്ദേഹത്തെ പിന്തുണച്ചു. ഇക്കാര്യം ഖുര്‍ആന്‍ പറയുന്നുണ്ട്: ''മര്‍യമിന്റെ മകന്‍ ഈസാ, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ എനിക്ക് സഹായികളായി ആരുണ്ട് എന്ന് ഹവാരികളോട് ചോദിച്ചു. ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാണ്. അങ്ങനെ ഇസ്‌റാഈല്‍ സന്തതികളില്‍ ഒരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു''(61: 14, 3: 52).

ഹവാരികള്‍ (ബൈബിള്‍ ഇവരെ അപ്പോസ്തലന്‍മാര്‍ എന്ന് പരിചയപ്പെടുത്തുന്നു) മീന്‍ പിടിത്തക്കാര്‍, ക്ഷുരകന്‍മാര്‍, മറ്റുതൊഴിലാളികള്‍ എന്നിവരായിരുന്നു. എന്നാല്‍ ഇസ്‌റാഈല്‍ ജനതയില്‍ പെട്ടവരെന്ന നിലയില്‍ ഹവാരികളിലും ചില ദൗര്‍ബല്യങ്ങളുണ്ടായിരുന്നു. തോന്നുമ്പോഴൊക്കെ ചില ആവശ്യങ്ങള്‍ അവര്‍ പ്രവാചകനു മുന്നില്‍ നിരത്തി.

താങ്കള്‍ ഞങ്ങളോട് പറയുന്നത് സത്യമാണെന്ന് ബോധ്യപ്പെടാനും ഞങ്ങളതിന് ദൃക്‌സാക്ഷികളാവാനും ഞങ്ങള്‍ക്ക് ഭക്ഷിക്കാനുമായി താങ്കള്‍ ആകാശത്തു നിന്ന് ഭക്ഷണത്തളിക ഇറക്കിത്തരുമോ എന്നായിരുന്നു അവരുടെ ചോദ്യം. ഈസാ(അ) ഭക്ഷണത്തളിക ഇറക്കിത്തരാനായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. എന്നാല്‍ അല്ലാഹുവിന്റെ മറുപടി ഇങ്ങനെയായിരുന്നു:

''ഞാന്‍ നിങ്ങള്‍ക്ക് ഇറക്കിത്തരാം. അതിനുശേഷവും നിങ്ങളില്‍ ആരെങ്കിലും അവിശ്വസിച്ചാല്‍ ലോകരില്‍ ആര്‍ക്കും നല്‍കാത്ത ശിക്ഷ അവന് നാം നല്‍കുന്നതാണ്''(5: 115).

അമാനുഷിക ദൃഷ്ടാന്തങ്ങള്‍ക്കു മുന്നില്‍ പരാജയപ്പെടുകയും സമുഹത്തിലെ ദുര്‍ബലരും ദരിദ്രരും ഈസായോടൊപ്പം കൂടുകയും ചെയ്തത് യഹൂദരെ അരിശം കൊള്ളിച്ചു. ആളുകളെ പിന്തിരിപ്പിക്കാന്‍ ശ്രമവും നടത്തി. എല്ലാം വിഫലമായി. അങ്ങനെയാണ് അവര്‍ അവസാനത്തെ അടവ് എടുത്തത്.

ഈസാ(അ) റോമന്‍ രാജാവിനെതിരെ പ്രവര്‍ത്തിക്കുകയും രാജവാഴ്ചക്ക് ഭീഷണിയുയര്‍ത്തുകയും ചെയ്യുന്നതാണെന്ന് അവര്‍ വരുത്തിത്തീര്‍ത്തു. കേസ് കോടതിയിലെത്തി. വിചാരണ നടന്നു. യഹൂദസമ്മര്‍ദത്തില്‍ നിസ്സഹായനായ ന്യയാധിപന്‍ ഗത്യന്തരമില്ലാതെ ദൈവദൂതന് കുരിശുമരണം വിധിക്കുകയായിരുന്നു. എന്നാല്‍ തന്റെ ദൂതനെ രക്ഷിക്കേണ്ടത് അല്ലാഹുവിന്റെ ബാധ്യതയായിരുന്നു. അത് അവന്‍ ചെയ്തു.

ഈസാ(അ)യെ കൊന്നുവെന്ന് യഹൂദര്‍ ആശ്വസിച്ചു. കുരിശിലേറിയ യേശു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റുവെന്ന് ക്രൈസ്തവരും വിശ്വസിച്ചു. എന്നാല്‍ രണ്ട് വാദങ്ങളെയും ഖുര്‍ആന്‍ തള്ളിക്കളയുന്നു:

''ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊന്നിട്ടില്ല. അദ്ദേഹത്തെ അല്ലാഹു തന്നിലേക്ക് ഉയര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. അല്ലാഹു പ്രതാപിയാണ്; ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുന്നവനും''(4:157). 3:54,55 എന്നിവയിലും ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. അന്ത്യനാളില്‍ അദ്ദേഹം ഉയിര്‍ത്തെഴുന്നേല്‍ക്കു മെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട് (ബൂഖാരി, മുസ്‌ലിം).

യേശു ദൈവപുത്രനല്ല

ഈസാ(അ)യുടെ കാലശേഷം വന്ന തലമുറകള്‍ക്കിടയില്‍ അദ്ദേഹം പഠിപ്പിച്ച ആദര്‍ശമാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ച സമൂഹങ്ങളുണ്ടായി ഞങ്ങള്‍ ക്രൈസ്തവരാണെന്ന് അവര്‍ അവകാശപ്പെ ടുകയും ചെയ്യും.

ഈസാ(അ)യുടെ അത്ഭുത ജനനം ചിലരെ വഴിപിഴപ്പിച്ചിട്ടുണ്ട്. പിതാവില്ലാതെ ജനിച്ച യേശു ക്രിസ്തു ദൈവത്തിന്റെ പുത്രനാണെന്നും മാനവകുലത്തിന്റെ പാപങ്ങള്‍ക്ക് പരിഹാരമായിട്ടാണ് യേശു കുരിശിലേറിയതെന്നുമാണ് പില്ക്കാല ക്രൈസ്തവ വിശ്വാസം. യേശുവിന്റെ അനുയായികളാണ് തങ്ങളെന്നും ഇവര്‍ വാദിക്കുന്നു. ബൈബിള്‍ പുതിയ നിയമം എഴുതിയുണ്ടാക്കിയത് യേശുവിന്റെ അപ്പോസ്തലന്‍മാരായ(ഹവാരികള്‍) എട്ടുപേര്‍(മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍, പൗലോസ്, പത്രോസ്, ജൂദാസ്, ജെയിംസ്) ആണെന്നും ഇവര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇവരില്‍ ചിലര്‍ യേശുവിനെ കണ്ടുമുട്ടാത്തവരാണ്. ഇവരെഴുതിയുണ്ടാക്കിയ സുവിശേഷങ്ങളാണ് ഈ വിഭാഗത്തെ വഴി തെറ്റിച്ചത്. ഈസാ നബി(അ)യുടെ അധ്യാപനങ്ങള്‍ക്കു നേര്‍വിപരീതമായിരിക്കുന്നു ആധുനിക ക്രൈസ്തവത.

പരലോകത്ത് അല്ലാഹുവും ഈസാനബി(അ)യും തമ്മില്‍ നടക്കുന്ന സംസാരം ഖുര്‍ആന്‍ ഇങ്ങനെ വിശദീകരിക്കുന്നു:''അല്ലാഹു ചോദിക്കുന്ന സന്ദര്‍ഭം: ഈസബ്‌നു മര്‍യം, അല്ലാഹുവിന് പുറമെ തന്നെയും തന്റെ മാതാവിനെയും ആരാധിക്കുവിന്‍ എന്ന് താങ്കള്‍ ജനങ്ങളോട് പറഞ്ഞിരുന്നോ? അദ്ദേഹം പറയും: നീ പരിശുദ്ധനാണ്. എനിക്ക് അവകാശമില്ലാത്തത് ഞാനെങ്ങനെ പറയും! ഞാനത് പറഞ്ഞിട്ടുണ്ടെങ്കില്‍ നീ അറിഞ്ഞിരിക്കണമല്ലോ''(5:116).

4: 171,172,173, 19: 88-93 എന്നിവിടങ്ങളിലും ഇക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.

  


 

Feedback