Skip to main content

അലിയ്യുബ്‌നു അബീത്വാലിബ്(റ) (2)

മാതാവും പിതാമഹനും മരിച്ചതോടെ ആലംബമറ്റ മുഹമ്മദെന്ന എട്ടുവയസ്സുകാരന്റെ കൈപിടിച്ച് പിതൃസഹോദരന്‍ അബൂത്വാലിബ് വീട്ടിലേക്ക് നടന്നു. പടി കടന്നെത്തിയ അവനെ മാറോട് ചേര്‍ത്തു പിടിച്ച് അബൂത്വാലിബിന്റെ ഭാര്യ ഫാത്വിമ പറഞ്ഞു: ''നിനക്ക് ഞങ്ങളുണ്ട്.'' സ്വന്തം മക്കളെ അര്‍ധപട്ടിണിയിലാക്കി ഫാത്വിമ, മുഹമ്മദിന്റെ വയറു നിറച്ചു. മാതൃസ്‌നേഹം അളവിലധികം അവര്‍ നല്‍കി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. മുഹമ്മദ് ഖദീജയെ വിവാഹം ചെയ്തു. നല്ല നിലയില്‍ ജീവിക്കവെ മക്കയില്‍ കനത്ത ക്ഷാമം പടര്‍ന്നു പിടിച്ചു. കുടുംബങ്ങള്‍ പട്ടിണിയിലായി. അഞ്ചുമക്കളുണ്ടായിരുന്ന അബൂത്വാലിബും കുടുംബവും ജീവിതം മുട്ടിയ അവസ്ഥയിലായി. ധനികനായിരുന്നെങ്കിലും സഹോദരന്‍ അബൂലഹബ് തിരിഞ്ഞു നോക്കിയില്ല. കച്ചവടക്കാരനായിരുന്ന നേര്‍ സഹോദരന്‍ അബ്ബാസും കാര്യമായി ഒന്നും ചെയ്തില്ല.

മുഹമ്മദുല്‍ അമീന്‍ ഇടപെട്ടു. അബ്ബാസിനെ പോയിക്കണ്ടു. എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അവരിരുവരും അബൂത്വാലിബിനെ കണ്ടു.

''നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ ചെയ്യുക'' പ്രയാസം മറച്ചുവെക്കാതെ അദ്ദേഹം പറഞ്ഞു. അങ്ങിനെ പതിനഞ്ചുകാരനായ മകന്‍ ജഅ്ഫറിനെ അബ്ബാസ് ഏറ്റെടുത്തു; ആറു വയസ്സുള്ള അലിയെ മുഹമ്മദും. പ്രസവിച്ച് ഏതാനും ദിവസങ്ങള്‍ക്കകം മരിച്ച മകന്‍ അബ്ദുല്ലയുടെ ഓര്‍മകള്‍ മായും മുമ്പാണ് ബാലനായ അലിയെ ഖദീജക്കു ലഭിക്കുന്നത്. മുഹമ്മദിന്റെയും ഖദീജയുടെയും പെണ്‍കുട്ടികളായ സൈനബ്, റുഖിയ്യ, ഉമ്മുകുല്‍സൂം, ഫാത്വിമ എന്നിവര്‍ക്കൊപ്പം ആണ്‍ തരിയായി അലിയും കളിച്ചു വളര്‍ന്നു.

തന്നെ ബാല്യത്തില്‍ ലാളിച്ചോമനിച്ചു വളര്‍ത്തിയ ഫാത്വിമയുടെ മകന്‍ അലിയെ മുഹമ്മദും അല്ലലറിയിക്കാതെ വളര്‍ത്തിക്കൊണ്ടുവന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു. മുഹമ്മദുല്‍ അമീന്‍ മുഹമ്മദ് റസൂലുല്ലാഹി ആയി. നബിയില്‍ നിന്നു കേട്ട ഖുര്‍ആന്റെ മാസ്മരിക വചനങ്ങള്‍ അവന്റെ ഹൃദയത്തില്‍ പതിഞ്ഞു. അവന്‍ ആ വാക്യങ്ങള്‍ ഉരുവിടാന്‍ പഠിച്ചു. അപ്പോഴവന് പത്തു വയസ്സായിരുന്നു പ്രായം.

ദിവസങ്ങള്‍ കഴിഞ്ഞു. അലി നബിയോട് പറഞ്ഞു: ''ഞാനും അങ്ങയില്‍ വിശ്വസിക്കട്ടെയോ?.'' ''പിതാവിനോട് ചോദിക്കണം, എന്നിട്ടു മതി.'' നബി(സ്വ) ഉപദേശിച്ചു. എന്നാല്‍ ആ ബാലന്‍ കൂട്ടാക്കിയില്ല. അവന്‍ പറഞ്ഞു: ''അല്ലാഹുവല്ലാതെ ആരാധ്യനില്ല, താങ്കള്‍ അവന്റെ ദൂതന്‍ തന്നെ, ഞാനും സാക്ഷി.'' നബി(സ്വ) തന്റെ വളര്‍ത്തു മകനെ മാറോടണച്ചു.

അങ്ങനെ അലി നബിയില്‍ വിശ്വസിച്ച ആദ്യത്തെ കുട്ടിയും രണ്ടാമത്തെ മുസ്‌ലിമുമായി.

ജനനവും വിവാഹവും

ഖുറൈശ് ഗോത്രത്തിലെ ഹാശിം കുടുംബത്തിലെ നബി(സ്വ)യുടെ പിതൃവ്യന്‍ കൂടിയായ അബൂത്വാലിബിന്റെ മകനായി ക്രിസ്തുവര്‍ഷം 600ല്‍ അലി(റ) ജനിച്ചു. അബ്ദുല്‍ മുത്വലിബിന്റെ സഹോദരന്‍ അസദിന്റെ മകള്‍ ഫാത്വിമയാണ് മാതാവ്.

അബുല്‍ ഹസന്‍, അബൂതുറാബ് എന്നീ അപരനാമങ്ങളില്‍ അറിയപ്പെട്ട അലി(റ) ബാല്യവും കൗമാരവും നബി(സ്വ)യുടെ സംരക്ഷണത്തിലാണ് ചെലവഴിച്ചത്. പ്രവാചക പുത്രി ഫാത്വിമയെ ജീവിതസഖിയാക്കുകയും ചെയ്തു. ഈ വിവാഹത്തിലൂടെ അഞ്ചുമക്കള്‍ പിറന്നു. ഹസന്‍, ഹുസൈന്‍, മുഹ്‌സിന്‍, ഉമ്മുകുല്‍സൂം, സൈനബ്.

പ്രമുഖ സ്വഹാബി ജഅ്ഫര്‍(റ) നേര്‍സഹോദരനാണ്. ഇസ്്‌ലാമിക ചരിത്രത്തിലെ ധീരനും അതേസമയം ഭക്തനും പണ്ഡിതനും പ്രഭാഷകനും സാഹിത്യ നിപുണനുമായിരുന്നു നാലാം ഖലീഫ കൂടിയായ അലി. 

തബൂക്ക് ഒഴികെയുള്ള മുഴുവന്‍ യുദ്ധങ്ങളിലും പങ്കെടുത്ത അലി(റ) ദ്വന്ദ്വയുദ്ധങ്ങളിലൂടെ തന്റെ വിശ്വാസവും പോരാട്ടവീര്യവും തെളിയിച്ചു. ഖൈബര്‍ യുദ്ധത്തില്‍ പതാകയുമേന്തി. ഏഴുപേര്‍ ഒരുമിച്ച് ശ്രമിച്ചിട്ടും അനക്കാന്‍ പോലുമാവാത്ത ഖൈബര്‍ കോട്ടയുടെ കവാടം തനിച്ച് തകര്‍ത്ത അലി(റ) തന്റെ കരുത്തു പ്രകടിപ്പിച്ചു.

ഹിജ്‌റ വര്‍ഷം രണ്ട്. ഇളയ പുത്രിയും സുന്ദരിയുമായ മകള്‍ ഫാത്വിമക്ക് വിവാഹാലോചനകള്‍ പലതും വന്നുവെങ്കിലും നബി(സ്വ) അതെല്ലാം ഒഴിവാക്കി. ഒടുവില്‍ ഒരുദിനം വിവാഹാഭ്യര്‍ഥനയുമായി അലിയും വന്നു. അപ്പോള്‍ തിരുമുഖം തിളങ്ങി. ''മഹ്‌റായി നല്‍കാന്‍ എന്താണുള്ളത്?'' നബി(സ്വ)യുടെ ചോദ്യം. ''ഞാനതു പറയാതെ തന്നെ അങ്ങയ്ക്കറിയില്ലേ? എന്റെ  ഒട്ടകം, പടയങ്കി, വാള്‍ എന്നിവ മാത്രം.'' ചെറു പുഞ്ചിരിയോടെ അലി(റ)യുടെ മറുപടി.

തിരുനബി(സ്വ) മകളോട് അഭിപ്രായമാരാഞ്ഞു. ''അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്നത് ഞാനും ഇഷ്ടപ്പെടുന്നു.'' ലജ്ജയോടെ ഫാത്വിമയുടെ സമ്മതം.

പടയങ്കി വിറ്റുകിട്ടിയ 400 ദിര്‍ഹം അലി മഹ്‌റായി നല്‍കി ഫാത്തിമ(റ)യെ വിവാഹം ചെയ്തു. ഒരു തളികയില്‍ ഈത്തപ്പഴവും കാരക്കയുമെത്തി. അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) തുടങ്ങി ഏതാനും മുഹാജിറുകളും അന്‍സാരികളും സാക്ഷികളായെത്തി.

അന്നു രാത്രി, ദൂതര്‍ അവരുടെ മുറിയിലേക്ക് അനുവാദത്തോടെ കയറിച്ചെന്നു. മകളെയും മരുമകനെയും ഇടത്തും വലത്തുമിരുത്തി ചുമലില്‍ കൈകളിട്ട് ചേര്‍ത്തിരുത്തി. രണ്ടുപേര്‍ക്കും വേണ്ടി പ്രാര്‍ഥിച്ചു.

തിരുനബിയുടെ മരണത്തിന് ശേഷം ഏതാനും മാസങ്ങള്‍ പിന്നിട്ട് 29ാം
വയസ്സില്‍ ഫാത്തിമ മരിക്കുന്നതു വരെ ആ ദാമ്പത്യം സ്‌നേഹകാരുണ്യങ്ങളോടെ തുടര്‍ന്നു.

 

 

 

 

 
 

Feedback
  • Saturday Dec 14, 2024
  • Jumada ath-Thaniya 12 1446