Skip to main content

തിരുമേനിയുടെ കൂടെ

എട്ടാം വയസ്സില്‍ നബി(സ്വ)യുടെ കൂടെ താമസം തുടങ്ങിയ അലി(റ) ഫാത്വിമയുമായുള്ള വിവാഹശേഷമാണ് സ്വന്തം വീട്ടിലേക്ക് താമസം മാറുന്നത്. നബി(സ്വ)യുടെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും അബുല്‍ ഹസന്‍ ഒപ്പമുണ്ടായിരുന്നു.

ഹിജ്‌റയുടെ സന്ദര്‍ഭം. തന്നെ വധിക്കാന്‍ വീടുവളഞ്ഞ ഖുറൈശീ സായുധ സംഘത്തിനു മുന്നിലൂടെ ദൂതര്‍ ഇറങ്ങി നടന്നപ്പോള്‍ അവിടുത്തെ വിരിപ്പില്‍ കിടന്നത് അലി(റ)യാണ്. നബി(സ്വ)യെ കാണാത്ത ദേഷ്യത്തില്‍ തന്നെ വധിക്കാനിടയുണ്ടെന്ന ബോധ്യമുണ്ടായിരുന്നെങ്കിലും അതിലും വലുതായിരുന്നു അലിയുടെ ധീരത. ദൂതരെ വിശ്വസിച്ചേല്‍പ്പിച്ചിരുന്ന അമാനത്തുകള്‍ കൃത്യമായി തിരിച്ചേല്പിച്ച്, നബി(സ്വ)യും അബൂബക്‌റും എത്തിയതിനു പിന്നാലെ അലി(റ)യും മദീനയിലെത്തി.

ബദ്‌റില്‍, ദ്വന്ദ്വ യുദ്ധത്തിന് മുസ്‌ലിംകളെ വെല്ലുവിളിച്ച് ഉത്ത്ബയുടെ മകന്‍ വലീദ് രംഗത്തു വന്നു. പലരും വെല്ലുവിളി സ്വീകരിച്ച് മുന്നോട്ടു വന്നെങ്കിലും സ്വന്തം ഗോത്രക്കാരെ വേണമെന്ന് വലീദ് വാശിപിടിച്ചു. നബി(സ്വ) ഉടനെ അലിയെ വിളിച്ചു. 'ദുല്‍ഫുഖാര്‍' എന്ന വാള്‍ നല്‍കി. കനത്ത പോരാട്ടത്തില്‍ വലീദ് അലിയുടെ വാളിനിരയായി.

ഉഹ്ദില്‍ മുസ്‌ലിം സേനക്ക് കാലിടറുകയും തിരുനബി(സ്വ)യുടെ ജീവന്‍ പോലും അപകട ഭീഷണിയിലാവുകയും ചെയ്തപ്പോള്‍ അബൂഉബൈദ(റ)യും അലി(റ)യുമായിരുന്നു ദൂതരുടെ ഇടത്തും വലത്തും നിലയുറപ്പിച്ചത്. ഖന്‍ദഖ് യുദ്ധത്തില്‍ കിടങ്ങിന് കാവല്‍ നിന്ന ഈ രണവീരന്‍ കിടങ്ങ് ഭേദിച്ചു വരുന്നവരെ നേരിട്ട് കീഴ്‌പ്പെടുത്തിയിരുന്നു. അറേബ്യയിലെ പ്രസിദ്ധ അശ്വഭടന്‍ അംറുബ്‌നു അബ്ദുവുദ്ദിന്റെ വെല്ലുവുളി അലി(റ) സ്വീകരിക്കുകയും മല്ലയുദ്ധത്തിലൂടെ അയാളെ വക വരുത്തുകയും ചെയ്തു.

ഹുദൈബിയ സന്ധിയില്‍ നബി(സ്വ)യുടെ എഴുത്തുകാരനായിരുന്നു അലി(റ). കരാര്‍ എഴുതുന്നതി നിടെ രണ്ടുതവണ ഖുറൈശി പ്രതിനിധി സുഹൈലുബ്‌നു അംറ് ഇടഞ്ഞു. എന്നാല്‍ 'അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദ്' എന്നെഴുതിയത് തിരുത്തണെമെന്ന അയാളുടെ ആവശ്യം അലി(റ) സമ്മതിച്ചില്ല. ഇതു പിന്നെ നബി(സ്വ) തന്നെ തിരുത്തുകയായിരുന്നു.

തബൂക്ക് യുദ്ധത്തില്‍ അലി(റ)ക്ക് മദീനയുടെ ചുമതല നല്‍കിയതിനാല്‍ പങ്കെടുക്കാനായില്ല. അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരുടെ ഭരണകാലത്തും അലി(റ) സജീവമായി രംഗത്തുണ്ടായിരുന്നു. പ്രധാന വിഷയങ്ങളിലെല്ലാം ഖലീഫമാര്‍ അലി(റ)യുമായി  കൂടിയാലോചന നടത്തി. തന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ആറംഗ സമിതിയില്‍ ഉമര്‍(റ), അലി(റ)യെയും ഉള്‍പെടുത്തി.

പണ്ഡിതന്‍, പ്രഭാഷകന്‍

''അലി(റ)യെക്കാള്‍ നിപുണനായ ഒരു സാഹിത്യകാരനോ വാഗ്മിതയുള്ള ഒരു പ്രഭാഷകനോ നബി(സ്വ)ക്കു ശേഷം ജനിച്ചിട്ടില്ല.'' പ്രമുഖ അറബി സാഹിത്യ ചരിത്രകാരന്‍ അഹ്മദ് ഹസന്‍ സയ്യാത്തിന്റെതാണീ വാക്കുകള്‍.

അലി(റ) രണാങ്കണത്തിലെ സിംഹം മാത്രമായിരുന്നില്ല പ്രഭാഷണ വേദിയിലെ താരകം കൂടിയായിരുന്നു. ഖലീഫ പദവിയേറ്റതു മുതല്‍ അതിസങ്കീര്‍ണമായ ചരിത്ര സന്ധികളിലൂടെ കടന്നു പോകേണ്ടിവന്നു അലിക്ക്. ഈ സമയങ്ങളിലെല്ലാം അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ അവിസ്മരണീയങ്ങളാണ്. അദ്ദേഹം പലര്‍ക്കായി എഴുതിയ കത്തുകള്‍ ആശയ സമ്പുഷ്ടവും സാഹിത്യ ധന്യവുമാണ്. ഇവ പില്‍ക്കാലത്ത് ശരീഫുര്‍റദിയ്യ് എന്ന പണ്ഡിതന്‍ സമാഹരിച്ചു. 300 പ്രസംഗങ്ങള്‍, 100 കത്തുകള്‍, 500 തത്ത്വവാക്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ കൃതിയാണ് അറബ് ലോകത്ത് വിശ്രുതമായ 'നഹ്ജുല്‍ ബലാഗ.'

വ്യാകരണ ശാസ്ത്രം, കവിതാനിരൂപണം, ഗണിതം, അനന്തരാവകാശ നിയമം എന്നിവയിലും അലി(റ)യുടെ കഴിവ് അപാരമായിരുന്നു. ഒരിക്കല്‍ ഒരു സ്ത്രീ അലി(റ)യോട് പരാതി പറഞ്ഞു. ''എന്റെ സഹോദരന്‍ മരണപ്പെടുമ്പോള്‍ 600 ദിനാര്‍ അനന്തരസ്വത്തുണ്ടായിരുന്നു. എനിക്ക് ഒരു ദീനാര്‍ മാത്രമാണ് ലഭിച്ചത്?'' അലിയുടെ മറുപടി ഉടനെ വന്നു:

''അദ്ദേഹത്തിന് ഭാര്യയും രണ്ടുപെണ്‍മക്കളും ഉമ്മയും 12 സഹോദരന്‍മാരും പിന്നെ നിങ്ങളും അനന്തരാവകാശികളായുണ്ടായിരിക്കും.'' ആ സ്ത്രീ ആശ്ചര്യപ്പെട്ടു. അലി(റ) പറഞ്ഞത് കൃത്യമായിരുന്നു.

പരിഹാരം കാണാനാവാത്ത അതിസങ്കീര്‍ണമായ പ്രശ്‌നങ്ങളെപ്പറ്റി അലിക്കുപോലും പരിഹരിക്കാനാവാത്തത് (ഖളിയ്യ വലാ അബാഹസനിന്‍ ലഹാ) എന്ന ചൊല്ല് അറബികള്‍ക്കിടയിലുണ്ടായിരുന്നു. കുഴഞ്ഞു മറിഞ്ഞ പ്രശ്‌നങ്ങള്‍ മുന്നില്‍ വരുമ്പോള്‍ ഖലീഫ ഉമര്‍(റ), അലി(റ) യുടെ സഹായം തേടിയിരുന്നു.

ആത്മീയതക്ക് എന്നും ഒന്നാം സ്ഥാനം നല്‍കിയ അലി(റ) ഭൗതികതയില്‍ വഞ്ചിതനാകാന്‍ ഒരുക്കമായിരുന്നില്ല. ''ദുന്‍യാവേ, വിട്ടു നില്‍ക്കൂ, കബളിപ്പിക്കാന്‍ മറ്റാരെയെങ്കിലും നോക്കൂ.'' അലി(റ)യുടെ പ്രശസ്ത വാചകമാണിത്.

''ദുന്‍യാവ് കര്‍മവേദിയാണ്; വിനോദ വേദിയല്ല. ഭാവി ഭദ്രമാക്കാന്‍ മനുഷ്യന്‍ അതില്‍ കഠിനാധ്വാനം ചെയ്യുന്നു. ഉത്തരവാദിത്വത്തോട് സത്യസന്ധത പുലര്‍ത്തുന്നവര്‍ക്ക് സത്യത്തിന്റെ വീടാണ് ദുന്‍യാവ്; രക്ഷാമാര്‍ഗത്തിലൂടെ നീങ്ങുന്നവര്‍ക്ക് രക്ഷാവഴിയും''. അലി(റ) ഭൗതികജീവിതത്തോട് വിശ്വാസിയുടെ നിലപാട് വരച്ചിടുന്നതിങ്ങനെയാണ്.

 


 

Feedback