Skip to main content

ഖിലാഫത്തും അനന്തര സംഭവങ്ങളും

ഉസ്മാന്‍(റ) വധിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ മൂന്നുദിവസത്തെ അരാജകത്വത്തിന് പിന്നാലെ യാണ് നാലാം ഖലീഫയായി അലി(റ) തെരഞ്ഞടുക്കപ്പെട്ടത്, ഹിജ്‌റ 35 ദുല്‍ഹിജ്ജ 21ന്. എന്നാല്‍ മുള്‍കിരീടമാണ് അദ്ദേഹത്തിന്റെ തലയില്‍ അണിയിക്കപ്പെട്ടത്.

ഉസ്മാന്‍(റ) നിയമിച്ച പല ഗവര്‍ണര്‍മാരെയും തിരിച്ചു വിളിക്കാന്‍ അലി(റ) തീരുമാനിച്ചു. എന്നാല്‍ സിറിയ ഗവര്‍ണര്‍ മുആവിയ(റ) തയ്യാറായില്ലെന്നു മാത്രമല്ല, അലി(റ)യെ ഖലീഫയായി അംഗീകരിക്കില്ലെന്നും പ്രഖ്യാപിച്ചു. ചര്‍ച്ചകളുമായി നിസ്സഹകരിക്കുക കൂടി ചെയ്തപ്പോഴാണ് മുആവിയ(റ)യെ യുദ്ധത്തിലൂടെ പിന്‍തിരിപ്പിക്കാന്‍ അലി(റ) തീരുമാനിച്ചത്.

ഇതിനിടെ മറ്റൊരു അപകടം കൂടി സംഭവിച്ചു. ത്വല്‍ഹത്തുബ്‌നു ഉബൈദില്ല(റ), സുബൈറുബ്‌നുല്‍ അവ്വാം(റ) എന്നിവര്‍ അലി(റ)ക്കെതിരെ രംഗത്തിറങ്ങി. ഉസ്മാന്‍(റ)ന്റെ കൊലയാളികളെ കണ്ടെത്തി ശിക്ഷിക്കാന്‍ അലി(റ) താല്‍പര്യമെടുക്കുന്നില്ലെന്നായിരുന്നു അവരുടെ പരാതി. മക്കയിലായിരുന്ന ആഇശ(റ)യും ഇക്കാര്യത്തില്‍ അവരോടൊപ്പം ചേര്‍ന്നു. സൈന്യത്തെ ഒരുക്കി അവര്‍ മൂന്നു പേരും അലി(റ)ക്കെതിരെ യുദ്ധാഹ്വാനവുമായി നീങ്ങി.

വിവരമറിഞ്ഞ അലി(റ) സിറിയക്കു പകരം ഇറാക്കിലേക്കു നീങ്ങി. 20,000 പേരടങ്ങുന്ന അലി(റ)യുടെ സൈന്യം ബസ്വറയിലെ ഖരീബയില്‍ തമ്പപടിച്ചു. ഒട്ടകപ്പുറത്തേറി ആഇശ(റ)യും വന്നു.

സമാധാന നീക്കങ്ങള്‍ അലി(റ)യും ആഇശ(റ)യും നടത്തി. എന്നാല്‍ ഉസ്മാന്റെ(റ) ഘാതകര്‍ ഇടയില്‍ കയറി ആക്രമണം തുടങ്ങിയതോടെ കനത്ത യുദ്ധം നടക്കുകയായിരുന്നു. സുബൈര്‍(റ), ത്വല്‍ഹ(റ), ഖബ്ബാബ്(റ) എന്നീ പ്രമുഖ സ്വഹാബിമാരുള്‍പ്പെടെ നിരവധിപേര്‍ വധിക്കപ്പെട്ട ഈ സംഭവം 'ജമല്‍ യുദ്ധം' എന്ന പേരില്‍ അറിയപ്പെട്ടു.

അംറുബ്‌നുല്‍ ആസ്വി(റ)യെ വശത്താക്കി ഈജിപ്തിലെ ഗവര്‍ണറാക്കുകയും അലി(റ)ക്കെതിരെ യുദ്ധസന്നാഹം നടത്തുകയും ചെയ്ത മൂആവിയ(റ)യെ ലക്ഷ്യമാക്കി അലി(റ) 90,000 വരുന്ന സൈന്യവുമായി നീങ്ങി. അപ്പോഴേക്കും അത്ര തന്നെ അംഗങ്ങളുമുള്ള സൈന്യവുമായി മുആവിയ(റ) സ്വീഫ്ഫീന്‍ എന്ന സ്ഥലത്തെത്തിയിരുന്നു. ചര്‍ച്ചകള്‍ക്ക് ചിലര്‍ തുരങ്കം വെച്ചപ്പോള്‍ ഇവിടെയും വാളുകള്‍ വിധിപറഞ്ഞു.

മുആവിയ തോല്‌വിയുടെ വക്കത്തെത്തി. ഒടുവില്‍ തന്ത്രജ്ഞാനായ അദ്ദേഹം സൈനികരോട് കുന്തങ്ങളില്‍ മുസ്ഹഫുകള്‍ ഉയര്‍ത്തിക്കാട്ടാന്‍ നിര്‍ദേശിക്കുകയും ''അല്ലാഹുവിന്റെ ഗ്രന്ഥം നമുക്കിടയില്‍ വിധിപറയട്ടെ'' എന്ന് ഉറക്കെ പറയുകയും ചെയ്തു. ഇതോടെ അലി(റ)യുടെ സൈന്യം യുദ്ധം നിര്‍ത്തി. തന്ത്രം തിരിച്ചറിഞ്ഞെങ്കിലും അലി(റ) സമാധാന ശ്രമത്തിന് വഴങ്ങി. ഇത് അലി(റ)യുടെ പക്ഷത്ത് ഭിന്നതയുണ്ടാക്കി. ഇത് മൂര്‍ഛിച്ചാണ് പിന്നീട് ഖവാരിജുകള്‍ ഉടലെടുക്കുന്നതും അത് അലി(റ)യുടെ വധത്തില്‍ കലാശിക്കുന്നതും.

അലി(റ)യുടെ അന്ത്യം

മുസ്‌ലിം ലോകത്ത് അന്ന് നിലവിലുള്ള ഭിന്നതയ്ക്കും മറ്റു പ്രശ്‌നങ്ങള്‍ക്കും കാരണം മുആവിയ(റ), അംറുബ്‌നുല്‍ആസ്വ്, ഖലീഫ അലി(റ) എന്നിവരാണെന്ന് ഖവാരിജുകള്‍ തീര്‍ച്ചപ്പെടുത്തി. അലി, മുആവിയ, അംറുബ്‌നു ആസ്വ് എന്നിവരെ വധിക്കാന്‍ യഥാക്രമം ഇബ്‌നുമുല്‍ജിം ബറകുബ്‌നു അബ്ദില്ല, അംറുബ്‌നുബക്ര്‍ എന്നീ ദുഷ്ടന്‍മാര്‍ ചുമതലപ്പെടുത്തപ്പെട്ടു.

മുആവിയയും അംറുബ്‌നുല്‍ ആസ്വിയും വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ ഇബ്‌നു മുല്‍ജിം തന്റെ ദൗത്യം നിര്‍വഹിച്ചു. സ്വുബ്ഹ് നമസ്‌കാരത്തിനു പള്ളിയിലേക്ക് പുറപ്പെട്ട (നമസ്‌കരിച്ചുകൊണ്ടിരിക്കെ എന്ന റിപ്പോര്‍ട്ടുമുണ്ട്) അലി(റ)യെ അയാള്‍ വെട്ടി വീഴ്ത്തി.

കൊലയാളിയെ പിടിക്കാനും പ്രതിക്രിയ നടപ്പാക്കാനും അലി(റ) നിര്‍ദേശിച്ചു. ഏതാനും ചില വസ്വിയ്യത്തുകളും നല്‍കി. എനിക്കു വേണ്ടി കൊലയാളിയെ അല്ലാതെ മറ്റാരെയും കൊല്ലരുതെന്ന് അദ്ദേഹം പ്രത്യേം ഓര്‍മിപ്പിച്ചു.

ഹിജ്‌റ വര്‍ഷം 40 റമദാന്‍ 17നാണ് സംഭവം നടന്നത്. 19ന് വൈകുന്നേരത്തോടെ, സച്ചരിതരായ ഖലീഫമാരുടെ കാലഘട്ടത്തിന് തിരശ്ശീലയിട്ട് ആ ധന്യ ജീവിതം പൊലിഞ്ഞു.

 


 

Feedback