Skip to main content

അബൂബക്ര്‍(റ)

കുഴിഞ്ഞ കണ്ണുകള്‍, ഉയര്‍ന്ന നെറ്റിത്തടം, നേര്‍ത്ത കവിളുകളും എല്ലുപൊന്തിയ മുഖവും, വളഞ്ഞ മുതുക്, വെളുത്ത് മെലിഞ്ഞ ശരീരം. പ്രൗഢിയില്ല. ഈ മനുഷ്യനായിരുന്നു, പ്രവാചകന്‍ മുഹമ്മദി(സ്വ)ന്റെ ആത്മമിത്രവും വലംകൈയും ഒടുവില്‍ അവിടുത്തെ പിന്‍ഗാമിയുമായ അബൂബക്ര്‍ സിദ്ദീഖ്(റ).

പ്രവാചകനെ പലവട്ടം ആനന്ദക്കണ്ണീരണിയിച്ച ഈ മനുഷ്യനുമുന്നില്‍ ഇസ്‌ലാമിക ചരിത്രം വിസ്മയം കൊണ്ടിട്ടുണ്ട്; പലവട്ടം.

''അതീഖ് അറിഞ്ഞില്ലേ, താങ്കളുടെ കൂട്ടുകാരനോട് അല്ലാഹു സംസാരിച്ചത്രെ, അവനിപ്പോള്‍ ദൈവദൂതനാണ് പോലും!'' സിറിയയില്‍ നിന്ന് കച്ചവടം കഴിഞ്ഞ് തിരിച്ചെത്തവെ അബൂബക്‌റി നോട് അബൂജഹ്ല്‍ ഉച്ചത്തില്‍ പറഞ്ഞു. കൂടി നിന്നവര്‍ അതുകേട്ട് പൊട്ടിച്ചിരിക്കുന്നു. അബൂബക്‌റിന് ഒന്നും മനസ്സിലായില്ല.

''മുഹമ്മദ് അങ്ങനെ പറഞ്ഞോ?''

അദ്ദേഹം ആരാഞ്ഞു. ''അല്ലാഹു എനിക്ക് സന്ദേശം നല്‍കിയെന്നും അവനെ മാത്രമേ ആരാധി ക്കാവൂ എന്നും അദ്ദേഹം പറഞ്ഞത് ഞങ്ങളെല്ലാവരും കേട്ടതല്ലേ.'' അവര്‍ ആവേശത്തോടെ പറഞ്ഞു.

''എങ്കില്‍ അത് സത്യമായിരിക്കും.'' അബൂബക്‌റിന്റെ മറുപടി കേട്ടപ്പോള്‍ അബൂജഹ്‌ലിന്റെ നാവിറങ്ങിപ്പോയി.

മറ്റൊരിക്കല്‍

''ഖുറൈശികളേ, ഓടിവരൂ, മുഹമ്മദ് പറഞ്ഞത് നിങ്ങള്‍ കേട്ടില്ലേ?'' ഓടിക്കൂടിയവര്‍ക്കു മുന്നില്‍ അബൂജഹ്ല്‍ ആവേശപൂര്‍വം അവതരിപ്പിച്ചു: ''മുഹമ്മദ് ഇന്നലെ രാത്രി ബൈത്തുല്‍ മുഖദ്ദസില്‍ പോയി തിരിച്ചുവന്നുവത്രേ!.''

കേട്ടുനിന്നവരൊക്കെ തലയില്‍ കൈവെച്ചു. ''രണ്ടുമാസത്തെ വഴിദൂരമുള്ള ജറൂസലമില്‍ ഒറ്റ രാത്രികൊണ്ട് പോയി തിരിച്ചുവന്നെന്നോ?. ഇത് തനി ഭ്രാന്തു തന്നെ.'' അവര്‍ പരസ്പരം പറഞ്ഞു. മുസ്‌ലിംകളില്‍ ചിലരും ഇതു കേട്ട് ആശ്ചര്യം തൂകി.

നിഷേധികളില്‍ ചിലര്‍ നേരെ അബൂബക്‌റിനടുത്തേക്കോടി; ആത്മമിത്രം ഈ വങ്കത്തവും വിശ്വസിക്കുമോ എന്നറിയാന്‍.

അവര്‍ കാര്യം അവതരിപ്പിച്ചു. അവരുടെ വാക്കുകളില്‍ പരിഹാസം നിറഞ്ഞു നിന്നിരുന്നു. ഇത്തവണ ആത്മസുഹൃത്തും മുഹമ്മദിനെ കൈവിടും, അവര്‍ നിനച്ചു.

''ഇതിലെന്ത് അദ്ഭുതം? അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സത്യമാണ്.''നിഷേധികളുടെ ചങ്ക് വരണ്ടു. അവര്‍ അബൂബക്‌റിനെ ദയനീയമായി നോക്കി.

കഅ്ബാ പരിസരത്തേക്ക് ധൃതിയില്‍ ചെന്ന അബൂബക്ര്‍ പരിഹാസക്കാര്‍ക്കിടയില്‍ തല താഴ്ത്തിയിരിക്കുന്ന നബി(സ്വ)യോടായി പറഞ്ഞു: ''റസൂലേ, അല്ലാഹു സത്യം, അങ്ങ് സത്യവാന്‍ തന്നെ. അങ്ങ് പറഞ്ഞതും സത്യം തന്നെ.''

ആശ്വാസവാക്കുകള്‍ തിരുനബിയുടെ കണ്ണുകള്‍ നിറച്ചു. ആത്മമിത്രത്തെ അവിടുന്ന് ആലിംഗനം ചെയ്തു. അബൂജഹ്‌ലും സംഘവും പിന്നെയവിടെ നിന്നില്ല.

ജനനം, കുടുംബം

ഖുറൈശിഗോത്രത്തില്‍ ബനൂ തൈം കുടുംബത്തില്‍ ക്രിസ്താബ്ദം 573ലാണ് അബൂബക്ര്‍ ജനിക്കുന്നത്. പിതാവ് അബൂഖുഹാഫ എന്ന പേരിലറിയപ്പെട്ട ഉസ്മാനുബ്‌നു ആമിര്‍. അബൂബക്‌റിന്റെ ആദ്യപേര് അബ്ദുല്‍ കഅ്ബ എന്നായിരുന്നു. പിന്നീട് നബി(സ്വ) അത് മാറ്റി അബ്ദുല്ല എന്നാക്കി. എന്നാല്‍ അദ്ദേഹം അറിയപ്പെട്ടത് അബൂബക്ര്‍ എന്ന പേരിലാണ്. ഇസ്‌റാഅ്, മിഅ്‌റാജ് സംഭവം കേട്ട അതേ നിമിഷം വിശ്വസിക്കുകയും അത് സത്യമാണെന്നംഗീകരിക്കുകയും ചെയ്തപ്പോള്‍ തിരുദൂതര്‍ വിളിച്ചതാണ് 'സിദ്ദീഖ്' എന്നത്. അതീഖ് എന്ന വിളിപ്പേരുമുണ്ട്.

ഭാര്യ ഉമ്മുറുമാന്‍. ഇവരില്‍ രണ്ടുമക്കളുമുണ്ട്. ആഇശയും അബ്ദുറഹ്മാനും. ഇസ്‌ലാമിനു മുന്‍പ് ഖുതൈല എന്ന സ്ത്രീയെയും വിവാഹം ചെയ്തിരുന്നു. ഇവരിലും രണ്ട് മക്കളുണ്ട്. ഇരട്ടപ്പട്ടക്കാരി എന്നപേരില്‍ പ്രസിദ്ധയായ അസ്മാഉം അബ്ദുല്ലയും.

നബി(സ്വ)യെക്കാള്‍ മൂന്നു വയസ്സ് കുറവായിരുന്ന അബൂബക്ര്‍ ചെറുപ്പം മുതല്‍ ദൂതരുടെ അടുത്ത കൂട്ടുകാരനായിരുന്നു. അതുകൊണ്ടുതന്നെ ജാഹിലിയ്യത്തിന്റെ ദൂഷ്യങ്ങളൊന്നും അദ്ദേഹത്തിലുണ്ടാ യിരുന്നില്ല. കച്ചവടമായിരുന്നു ജീവിതവൃത്തി. സത്യസന്ധത, സ്‌നേഹം, പരസഹായബോധം തുടങ്ങിയ മഹദ്ഗുണങ്ങള്‍ ആ ജീവിതത്തെ ധന്യമാക്കിയിരുന്നു. ജനങ്ങളുടെ കടബാധ്യതകള്‍ പോലും അദ്ദേഹം ഏറ്റെടുത്തിരുന്നതായി ചരിത്രം പറയുന്നു.

മറ്റുപേജുകള്‍:

നബി(സ്വ)യോടൊപ്പം   

ഖലീഫ പദവിയില്‍

 

   

Feedback
  • Wednesday Dec 4, 2024
  • Jumada ath-Thaniya 2 1446