Skip to main content

സഅദുബ്‌നു അബീവഖ്ഖാസ്(റ)

ഹിജ്‌റ വര്‍ഷം 16, ഖാദിസിയ്യയില്‍  റുസ്തമിന്റെ പട്ടാളത്തെ നിലംപരിശാക്കി മുസ്‌ലിം സൈന്യം പേര്‍ഷ്യന്‍ തലസ്ഥാനയമായ മദാഇനിലേക്ക് നീങ്ങി. വേലിയേറ്റത്തില്‍ കരകവിഞ്ഞൊഴുകുന്ന ടൈഗ്രീസ് നദിയുടെ മറുകരയില്‍ ആകാശം നിറഞ്ഞുനില്‍ക്കുന്ന ഹുര്‍മുസാന്റെ വെണ്ണക്കല്‍ കൊട്ടാരം അവരുടെ കണ്ണുകളില്‍ തെളിഞ്ഞു. കിസ്‌റായുടെ കൊട്ടാരത്തിലൂടെ അവരുടെ കണ്ണുകള്‍ ഒഴുകി നടക്കവെ, മറ്റൊരു സത്യം കൂടി അവരറിഞ്ഞു. ടൈഗ്രീസിന്റെ പാലം ശത്രുക്കള്‍ തകര്‍ത്തിരിക്കുന്നു.

സമയം വൈകിയാല്‍ കൊട്ടാരത്തിലെ ശേഖരങ്ങളുമായി അവര്‍ രക്ഷപ്പെടും. ഉടന്‍ സൈന്യത്തെ അയക്കാന്‍ സഅ്ദുബ്‌നു അബീവഖാസ് പ്രഖ്യാപിച്ചു.

'ടൈഗ്രീസ് നീന്തിക്കടക്കാന്‍ ഞാന്‍ തീരുമാനിച്ചു'.  സഅദ് കുതിരയെയും കൊണ്ട് നദിയുടെ ഓളപ്പരപ്പിലേക്ക് കുതിച്ചു, കൂടെ സൈന്യവും.  

കുതിരപ്പുറത്തേറി നീന്തിവരുന്ന സഅ്ദി(റ)നെയും കൂട്ടരെയും കണ്ട് പേര്‍ഷ്യന്‍ സൈനികര്‍ അമ്പരുന്നു. അവര്‍ വിളിച്ചാര്‍ത്തു.

'ഭ്രാന്തന്മാര്‍, ഭ്രാന്തന്മാര്‍ ഇവര്‍ മനുഷ്യരല്ല'

സഅ്ദി(റ)ന്റെ ധീരകൃത്യത്തില്‍ മനം ചത്ത പേര്‍ഷ്യന്‍ പട രംഗം വിട്ടോടി. അതോടെ ചക്രവര്‍ത്തി യസ്ദജര്‍ദിന്റെ രമ്യഹര്‍മ്യവും കണക്കറ്റ സമ്പത്തും മുസ്‌ലിംകള്‍ക്ക് സ്വന്തമായി.

ഖുറൈശ് ഗോത്രത്തിലെ ബനൂസഹ്‌റ കുടുംബത്തില്‍ മാലിക്കുബ്‌നു ഉഹൈബിന്റെ മകന്‍. വിളിപ്പേര് അബൂഇസ്ഹാഖ്. സഅ്ദുബ്‌നു മാലിക്കിസ്സുഹ്‌രി യഥാര്‍ഥ പേര്.

ഇസ്‌ലാമിന്റെ ആദ്യദശയില്‍ തന്നെ അതിലേക്ക് കടന്നുവരുമ്പോള്‍ സഅ്ദിന്റെ പ്രായം പതിനേഴ്. മുസ്‌ലിമായ വിവരമറിഞ്ഞ ഉമ്മ എതിര്‍ത്തു. പുതിയ മതം വിട്ടില്ലെങ്കില്‍ ഞാന്‍ പട്ടിണി കിടന്ന് ചാവുമെന്ന് പ്രതിജ്ഞ ചെയ്തു അവര്‍. നിങ്ങള്‍ ആയിരം തവണ ജീവിച്ച് മരിച്ചാലും താന്‍ ഇസ്‌ലാമില്‍നിന്ന് പിന്‍മാറില്ലെന്ന് സഅ്ദും. ഒടുവില്‍ പിന്‍മാറിയത് ഉമ്മ.

തന്റെ മാതാവ് ആമിനയുടെ കുടുംബത്തില്‍ ജനിച്ചതിനാല്‍ സഅ്ദിനെ 'അമ്മാവന്‍' എന്നാണ് നബി(സ്വ) പരിചയപ്പെടുത്തിയിരുന്നത്. സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്തയും നല്‍കി നബി(സ്വ) ഈ അനുചരന്. ഒരിക്കല്‍ ദൂതര്‍ സഅ്ദിന് വേണ്ടി ഇങ്ങനെ പ്രാര്‍ഥിച്ചു.

''അല്ലാഹുവേ, സഅ്ദിന്റെ ഏറ് നീ കുറിക്ക് കൊള്ളിക്കേണമേ. അദ്ദേഹത്തിന്റെ പ്രാര്‍ഥനക്ക് നീ ഉത്തരം നല്‍കേണമേ''.

ഇതിന്റെ ഫലം സഅ്ദി(റ)ന്റെ ജീവിതത്തില്‍ പിന്നീട് നാം കാണുന്നുണ്ട്.

സഅ്ദ്(റ) ശൂരനായ സിംഹം

തിരുനബിയുടെ പ്രാര്‍ഥന സഅ്ദി(റ)നെ വില്ലാളിയും പോരാളിയുമാക്കി. ബദ്‌റിലും ഉഹ്ദിലും അദ്ദേഹത്തിന്റെ ധീരത മുസ്‌ലിംകളെ ഏറെ തുണച്ചു. ഉഹ്ദിന്റെ വിപല്‍സന്ധിയില്‍ ഖുറൈശികളെ പിന്തിരിപ്പിച്ചത് സഅ്ദി(റ)ന്റെ അമ്പെയ്ത്തായിരുന്നു.

എന്നാല്‍ സഅ്ദിന്റെ തനി സ്വരൂപം കാണുന്നത് ഖലീഫ ഉമറി(റ)ന്റെ കാലത്താണ്. ഇറാഖില്‍ പേര്‍ഷ്യന്‍ സൈന്യത്തിന്റെ മുന്നില്‍ മുസ്‌ലിംകള്‍ മരിച്ചു വീഴുന്ന സമയം. അസ്വസ്ഥനായ ഉമര്‍(റ) യുദ്ധനേതൃത്വം സ്വയം ഏറ്റെടുത്ത് ഇറാഖിലേക്ക് പുറപ്പെടാനൊരുങ്ങി. എന്നാല്‍ പ്രമുഖര്‍ അത് തടഞ്ഞു. പകരം മറ്റൊരു നായകനെ നിര്‍ദ്ദേശിച്ചു; സഅ്ദി(റ)നെ.


30,000 പേരടങ്ങുന്ന സൈന്യവുമായി സഅ്ദ്(റ) ഖാദിസിയ്യയിലെത്തി. അവിടെ പേര്‍ഷ്യയുടെ എക്കാലത്തെയും വീരനായകന്‍ റുസ്തമും ലക്ഷം സൈനികരും. ചര്‍ച്ചകള്‍ പരാജയമായി. യുദ്ധം അനിവാര്യവും. ഖാദിസിയ്യയില്‍ നടന്ന ചരിത്രവിശ്രുതമായ യുദ്ധത്തില്‍ പേര്‍ഷ്യന്‍ സൈന്യം തരിപ്പണമായി. റുസ്തം ഓര്‍മയായി. സഅ്ദും(റ) സംഘവും വിജയം വരിച്ചു.

രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ പേര്‍ഷ്യക്കാര്‍ വീണ്ടും ആക്രമണം തുടങ്ങി. ഉമര്‍(റ) വീണ്ടും സഅ്ദി(റ)നെ തന്നെ അയച്ചു. ഇത്തവണ പേര്‍ഷ്യന്‍ തലസ്ഥാനമായ മദാഇനും യസ്ദജര്‍ദിന്റെ കൊട്ടാരവുമായിരുന്നു ലക്ഷ്യം. ടൈഗ്രീസ് നദി നീന്തിക്കടന്ന് അവരത് പിടിക്കുകയും ചെയ്തു.

ജയിച്ചടക്കിയ ഇറാഖില്‍ ഗവര്‍ണറായി സഅ്ദി(റ)നെത്തന്നെ നിയോഗിച്ചു ഉമര്‍(റ). ഇറാഖിലെ പ്രമുഖ നഗരങ്ങളായ കൂഫയും ബസ്വറയും നിര്‍മിച്ചത് ഇക്കാലത്താണ്. അല്പകാലത്തിന് ശേഷം സഅ്ദ്(റ) മദീനയിലേക്ക് തന്നെ മടങ്ങി.

ഖലീഫ ഉസ്മാന്‍, അലി എന്നിവരുടെ ഭരണകാലത്തും സഅ്ദ്(റ) ജീവിച്ചിരുന്നു. സ്വിഫ്ഫീന്‍ യുദ്ധം നടക്കുന്ന വേളയില്‍ തങ്ങള്‍ക്ക് വേണ്ടി യുദ്ധത്തിനിറങ്ങാന്‍ മുആവിയ സഅ്ദിനോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു.

''മൂസാ നബിക്ക് ഹാറൂന്‍ നബി എങ്ങനെയായിരുന്നു അങ്ങനെയാണ് തിരുനബിക്ക് അലി(റ). ആ അലി(റ)ക്ക് എതിരെ യുദ്ധം ചെയ്യാന്‍ ഞാനൊരുക്കമല്ല''

ഹിജ്‌റ 55ല്‍ മദീനക്കടുത്ത അഖീഖിലെ വീട്ടില്‍ കിടന്ന് സഅദുബ്‌നു അബീവഖ്ഖാസ് അന്ത്യയാത്രക്കൊരുങ്ങി. തലഭാഗത്തിരിക്കുന്ന പെട്ടിയിലേക്ക് ചൂണ്ടി സഅ്ദ്(റ) മകനോട് പറഞ്ഞു. ''അതിലൊരു തട്ടമുണ്ട്, അതിലായിരിക്കണം എന്നെ കഫന്‍ ചെയ്യേണ്ടത്, ഞാന്‍ ബദ്‌റില്‍ പങ്കെടുത്തപ്പോള്‍ അണിഞ്ഞ വസ്ത്രമാണത്''.

Feedback
  • Sunday May 19, 2024
  • Dhu al-Qada 11 1445