Skip to main content

സുബൈറുബ്‌നുല്‍ അവ്വാം(റ)

ദാറുല്‍ അര്‍ഖമില്‍ തിരുനബിയെ കാത്തിരിക്കുകയായിരുന്നു അവ്വാമിന്റെ മകന്‍ സുബൈര്‍. കൗമാരം വിട്ടിട്ടില്ലാത്ത അവന്‍ ദൂതരുടെ ഖുര്‍ആന്‍ പാഠങ്ങള്‍ കേള്‍ക്കാന്‍ വന്നതാണ്. എന്നാല്‍ നബി(സ്വ) അപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. അതിനിടെയാണ് ആ വാര്‍ത്ത പരന്നത്. തിരുനബിയെ ആരോ അപായപ്പെടുത്തിയിരിക്കുന്നു.

സുബൈറും കേട്ടു ഈ വാര്‍ത്ത. കടുത്ത വേദനയും ദേഷ്യവും അവന്റെ ഹൃദയത്തില്‍ നുരഞ്ഞുപൊന്തി. ഉറയില്‍ നിന്ന് വാളൂരി തന്റെ കുതിരപ്പുറത്തു കയറി ഒരു പടയാളിപ്പോലെ തെരുവിലേക്ക് കുതിച്ചു. 'പ്രിയനബിയെ അപായപ്പെടുത്തിയ ഖുറൈശി നേതാക്കളെ വകവരുത്തും ഞാന്‍.' അവന്‍ തീരുമാനിച്ചു.
അല്പദൂരം ചെന്നപ്പോള്‍, ദൂതരതാ എതിരെ വരുന്നു. സുബൈറിന്റെ മുഖം തിളങ്ങി. കിംവദന്തി മാത്രമായിരുന്നു താന്‍ കേട്ട ആ വാര്‍ത്ത. ഊരിപ്പിടിച്ച വാളുമായി വരുന്ന കൗമാരക്കാരനോട് ദൂതര്‍ കാര്യമാരാഞ്ഞു.

'സുബൈര്‍ എങ്ങോട്ടാണ്'?
കാര്യങ്ങള്‍ സുബൈര്‍ വിശദീകരിച്ചു. നബി(സ്വ) പുഞ്ചിരിച്ചു. പിന്നെ തന്റെ പിതൃസഹോദരീ പുത്രന് നന്മക്കായി അവിടുന്ന് പ്രാര്‍ഥിച്ചു. സുബൈര്‍ ദൂതരോടോപ്പം ദാറുല്‍ അര്‍ഖമിലേക്കു മടങ്ങി.
പ്രവാചക പത്‌നി ഖദീജ(റ)യുടെ സഹോദരന്‍ അവ്വാമുബ്‌നു ഖുവൈലിദിന്റെയും നബിയുടെ പിതൃസഹോദരി സ്വഫിയ്യ ബിന്‍ത് അബ്ദില്‍ മുത്തലിബിന്റെയും മകനാണ് സുബൈര്‍(റ). ബനൂഅസദ് കുടുംബാംഗം. അബൂഅബ്ദില്ല എന്ന പേരിലും അറിയപ്പെട്ടു.

എതിര്‍പ്പുകളെ അവഗണിച്ച് പതിനഞ്ചാം വയസ്സില്‍ തന്നെ ഇസ്ലാം സ്വീകരിച്ച സുബൈര്‍ ദാറുല്‍ അര്‍ഖമില്‍ നബി(സ്വ)യുടെ സന്തത സഹചാരിയായി വര്‍ത്തിച്ചു.

ഹിജ്‌റയില്‍ നബി(സ്വ)ക്ക് വാഹനമൊരുക്കാന്‍ തന്റെ അരപ്പട്ട ചീന്തി നല്‍കിയതിനാല്‍ 'ഇരട്ടപ്പട്ടക്കാരി' എന്ന പേരില്‍ പില്‍ക്കാലത്ത് അറിയപ്പെട്ട അബൂബക്‌റി(റ)ന്റെ മകള്‍ അസ്മാ ആണ് സുബൈറിന്റെ ഭാര്യ. മുന്‍ദിര്‍, ഉര്‍വ, ഹംസ, ജഅ്ഫര്‍, മുസ്അബ്, ഖാലിദ് എന്നിവര്‍ മക്കളാണ്. (രക്തസാക്ഷികളുടെ പേരുകളാണ് സുബൈര്‍ മക്കള്‍ക്ക് നല്‍കിയതെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു).

സുബൈര്‍(റ)നെ ഇസ്‌ലാം സ്വീകരണത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പിതൃവ്യന്‍ ആവുന്നതെല്ലാം ചെയ്തു. പാറയില്‍ കിടത്തി പൊള്ളിച്ചു. പുതിയ മതം ഒഴിവാക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ അതിന് ഒരുക്കമല്ലായിരുന്നു സുബൈര്‍(റ).

ജീവിതം ആദ്യകാലത്ത് ദുരിത പൂര്‍ണമായിരുന്നു. പിന്നീട് കച്ചവടം ചെയ്ത് ധനികനായിത്തീര്‍ന്നു. മദീനയിലെ നിര്‍ധന മുസ്്‌ലിംകളെ അകമഴിഞ്ഞു സഹായിച്ചിരുന്നു ഈ സ്വര്‍ഗാവകാശി.

സ്വര്‍ഗാവകാശി

അബ്‌സീനിയയിലേക്ക് രണ്ടുതവണ ഹിജ്‌റപോയ സുബൈറുബ്‌നുല്‍ അവ്വാം(റ) ഇസ്ലാമിന്റെ വഴിയില്‍ അനവധി യാതനകള്‍ അനുഭവിച്ചു. പീന്നിട് ഭാര്യ അസ്മാഇനെയും കൂട്ടി മദീനയിലേക്കും പോയി. ഹിജ്‌റവേളയിലാണ് ഇവര്‍ക്ക് മകന്‍ അബ്ദുല്ല(റ) പിറക്കുന്നത്. മദീനയില്‍ മുഹാജിറുകള്‍ക്ക് ആദ്യമായി പിറന്ന കുട്ടി.

ഇസ്‌ലാമിക മാര്‍ഗത്തില്‍ ശത്രുക്കള്‍ക്കെതിരെ പടപൊരുതാന്‍ സുബൈര്‍(റ) മുന്നിലുണ്ടായിരുന്നു. ഉഹ്ദ്, ഖൈബര്‍, ഹുനൈന്‍, യര്‍മൂക്ക് യുദ്ധവേളകളിലാണ് സുബൈര്‍(റ) തന്റെ ധീരത പ്രകടമാക്കിയത്. ഉഹ്ദില്‍ വിജയം അവകാശപ്പെട്ട് പിരിഞ്ഞുപോയ  ഖുറൈശികളെ പിന്തുടര്‍ന്ന് മടങ്ങിവരുന്നതിനെ തടയാന്‍ തിരുനബി(സ്വ) സുബൈറി(റ)നെയാണ് നിയോഗിച്ചത്.

മക്കാ വിജയനീക്കത്തില്‍ ഒരു സൈനികവിഭാഗത്തിന്റെ നായകന്‍ ഇദ്ദേഹമായിരുന്നു. അബൂബക്‌റി(റ)ന്റെ കാലത്തെ വ്യാജ പ്രവാചകവാദികള്‍ക്കെതിരായ യുദ്ധത്തിന്റെ മുന്നണിയിലുണ്ടായിരുന്ന സുബൈര്‍, ഉമറി(റ)ന്റെ ഭരണത്തില്‍ ഈജിപ്ത് കീഴടക്കിയ സൈന്യത്തില്‍ അംറുബ്‌നുല്‍ ആസ്വി(റ)യുടെ വലംകൈയായും ഉണ്ടായിരുന്നു. ബാബിലോണ്‍ കോട്ട കീഴടക്കിയതും ഈ കൂട്ടുകെട്ടായിരുന്നു.
മക്കാ ജീവിതം വറുതിയുടെ കാലമായിരുന്നു സുബൈറി(റ)നും ഭാര്യ അസ്മാഇ(റ)നും. ഈത്തപ്പഴക്കുരു ശേഖരിച്ച് വറുത്ത് പൊടിച്ചാണ് ജീവിത വിഭവം കണ്ടെത്തിയിരുന്നത്. അസ്മാഅ്(റ) പലപ്പോഴും ദാരിദ്ര്യത്തെക്കുറിച്ച് പിതാവ് അബൂബക്‌റി(റ)നോട് പരിഭവപ്പെടുകയായിരുന്നു. ക്ഷമിക്കാനായിരുന്നു പിതൃ ഉപദേശം.

എന്നാല്‍ മദീനാജീവിതം ഐശ്വര്യദായകമായി. കച്ചവടം നടത്തി സമ്പന്നനായ സുബൈര്‍(റ)ഒന്നും കൂട്ടി വെച്ച് മേനിനടിക്കാന്‍ നിന്നില്ല. 

മരണസമയത്ത് കടബാധിതനായിത്തീര്‍ന്ന സുബൈര്‍(റ) മകനോട് പറയുമായിരുന്നു: 'ഞാന്‍ മരിക്കുകയാണെങ്കില്‍ എന്റെ സ്വത്ത് വിറ്റ് കടബാധ്യത തീര്‍ക്കണം. തികയാതെ വന്നാല്‍ അല്ലാഹുവിനോട് സഹായമര്‍ഥിക്കണം'.

സുബൈറി(റ)ന്റെ അന്ത്യം

ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ ആദ്യമായി ഉറയില്‍ നിന്ന് ഖഡ്ഗമൂരിയ ഈ പ്രവാചകാനുചരന്‍ ഒടുവില്‍ എത്തിപ്പെടുന്നത് ജമല്‍ യുദ്ധക്കളത്തിലാണ്; തിരുപത്‌നി ആഇശ(റ)യോടൊപ്പം ഖലീഫ അലി(റ)ക്കെതിരെ.
യുദ്ധം ആരംഭിക്കും മുമ്പ് അലി(റ) സുബൈറി(റ)നോട് ചോദിച്ചു; 'ഒരു കാലത്ത് നീ അലി(റ)ക്കെതിരെ പടനയിക്കും. അന്ന് നീ ആക്രമികളുടെ പക്ഷത്താകും' എന്ന് തിരുമേനി മുന്നറിപ്പായി നല്‍കിയത് നീ മറന്നോ സുബൈര്‍?'

സുബൈര്‍(റ) അത് ഓര്‍ത്തെടുത്തു. അല്ലാഹു എനിക്ക് മാപ്പു നല്‍കട്ടെ. സഹോദരാ ഞാന്‍ പിന്‍വാങ്ങുകയാണ്. സുബൈര്‍(റ)തന്റെ സുഹൃത്ത് ത്വല്‍ഹയെയും കൂട്ടി യുദ്ധത്തില്‍ നിന്ന് പിന്‍മാറി.
എന്നാല്‍ ഇതൊന്നുമറിയാത്ത അലി(റ)യുടെ സൈനികന്‍ അംദുബ്‌നു ജര്‍മൂസ്  നമസ്‌കരിക്കുകയായിരുന്ന സുബൈര്‍(റ)നെ പിന്നില്‍ നിന്ന് കുത്തി. മരിച്ചു വീണ ആ പോരാളിയുടെ വാളെടുത്ത് അംറ് അലി(റ)യെ കാണിച്ചു സന്തോഷത്തോടെ. എന്നാല്‍ സുബൈര്‍(റ)നെ വധിച്ച അയാളെ അലി(റ) ആട്ടിയോടിക്കുകയായിരുന്നു. 'എല്ലാ നബിമാര്‍ക്കും ഒരു സഹചാരിയുണ്ട്, എന്റെ സഹചാരി സുബൈറാണ്' എന്ന നബി വാക്യം ഓര്‍ത്ത് അലി(റ) കണ്ണീരണിഞ്ഞു.

ഹിജ്‌റ 36-ലായിരുന്നു മരണം

Feedback
  • Saturday Apr 27, 2024
  • Shawwal 18 1445