Skip to main content

രാത്രിയില്‍ വീട് അടിച്ചുവാരല്‍

ഞാന്‍ ഒരു എല്‍പി സ്‌കൂള്‍ അധ്യാപികയാണ്. സ്‌കൂള്‍ കുറെ ദൂരമായതിനാല്‍ എന്നും അതിരാവിലെ തന്നെ പുറപ്പെടും. അതിനാല്‍ രാത്രി മടങ്ങിയെത്തിയതിനു ശേഷമാണ് വീട്ടിലെ പണികള്‍ പലതും നിര്‍വഹിക്കുന്നത്. എന്നാല്‍ രാത്രിയില്‍ വീട് അടിച്ചുവാരാന്‍പാടില്ലെന്ന് എന്റെ ഭര്‍തൃമാതാവ് പറയുന്നു. ഇതു ശരിയാണോ? ഇസ്‌ലാമില്‍ ഇങ്ങനെ വല്ല വിധിയുമുണ്ടോ?

മറുപടി: ശരിയല്ല. ഇസ്‌ലാമില്‍ ഇങ്ങനെ ഒരു വിധിയുമില്ല. ഇത് അന്ധവിശ്വാസമാണ്. ഈ ചോദ്യത്തിന്ന് മറ്റൊരു തലത്തില്‍ കൂടി മറുപടി പറയേണ്ടതുണ്ട്. അതായത് നിങ്ങള്‍ തന്നെ വീട്ടില്‍ തിരിച്ചുവന്ന് ജോലിയെല്ലാം നിര്‍വഹിക്കേണ്ടതായ ഒരു സാഹചര്യം ഇസ്‌ലാം നിങ്ങളുടെ മേല്‍ നിര്‍ബന്ധിക്കുന്നില്ല. ആഇശ(റ) പറയുന്നു: നബി(സ്വ) വീട്ടില്‍ പ്രവേശിച്ചാല്‍ അടുക്കള ജോലിയില്‍ ഏര്‍പ്പെടുമായിരുന്നു (ബുഖാരി). അടിച്ചുവാരുക, ആടിനെ കറക്കുക, വെള്ളം കോരുക മുതലായ ജോലികള്‍ നബി(സ്വ) ചെയ്തിരുന്നുവെന്ന് ഹദീസില്‍ വിവരിക്കുന്നതു കാണാം. അബുദ്ദര്‍ദാഅ്(റ) എന്ന സ്വഹാബി അടുക്കളപ്പണികള്‍ ചെയ്തിരുന്നു. അടുക്കളജോലി ചെയ്യല്‍ ഇസ്‌ലാം സ്ത്രീകളുടെ മേല്‍ നിര്‍ബന്ധമാക്കുന്നില്ല. അവളത് നിര്‍വഹിക്കല്‍ പുണ്യകര്‍മം മാത്രമാണെന്ന് പ്രസിദ്ധ മുസ്‌ലിം പണ്ഡിതനായ ഇമാം നവവി(റ) ശര്‍ഹു മുസ്‌ലിമില്‍ എഴുതുന്നതു കാണാം.


 

Feedback