Skip to main content

വിശ്വാസത്തിന്റെ മൗലികത

ഇസ്‌ലാം എന്നത് അനിതരവും അന്യൂനവുമായ ഒരു ആദര്‍ശത്തിന്‍റെ പേരാണ്. സര്‍വകാല പ്രസക്തവും സകല മനുഷ്യര്‍ക്കും പ്രയോഗവല്‍ക്കരിക്കാവുന്നതുമായ ഇസ്‌ലാമിക അനുശാസനങ്ങളുടെയെല്ലാം അടിസ്ഥാനം ഈമാന്‍ അഥവാ വിശ്വാസമാണ്. ജഗന്നിയന്താവിലുള്ള ദൃഢവിശ്വാസത്താല്‍ പ്രചോദിതമായിട്ടല്ലാതെ ഒരാള്‍ സത്കര്‍മനിരതനാവുകയും ദുഷ്കര്‍മങ്ങള്‍ പാടെ വര്‍ജ്ജിക്കുകയും ചെയ്താലും ഇസ്‌ലാമിക ദൃഷ്ട്യാ അവയൊന്നും മൂല്യവത്തായിതീരുന്നില്ല.

മനുഷ്യന്‍ സ്വന്തം ശരീരത്തെയും അവന്‍ ജീവിക്കുന്ന പ്രകൃതി വ്യവസ്ഥയെയും അന്യൂനവും വ്യവസ്ഥാപിതവുമായി സംവിധാനിച്ചതിനെക്കുറിച്ച് ആലോചിച്ചു നോക്കിയാല്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായ ജഗന്നിയന്താവിന്‍റെ മാര്‍ഗദര്‍ശനം അതിന്‍റെ പിന്നിലുണ്ടെന്ന സത്യം ബോധ്യപ്പെടാതിരിക്കില്ല. മനുഷ്യ ശരീരത്തിലെ നിസ്സാരമായ കണ്ണിമ, കണ്ണ് മൂടാന്‍ വേണ്ട വലുപ്പമെത്തിയാല്‍ ആ രോമങ്ങളുടെ വളര്‍ച്ച നില്‍ക്കുന്നു. ഒരു ഇമ കൊഴിഞ്ഞു പോയാല്‍ പകരം വളരുന്ന രോമവും ഇതേ കൃത്യത പുലര്‍ത്തുന്നു. സഹസ്ര കോടിക്കണക്കിന് കോശങ്ങള്‍ നമ്മുടെ ശരീരത്തിനകത്ത് വളരുകയും പെരുകുകയും പോഷണം നേടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ശരീരഭാഗത്ത് എവിടെയെങ്കിലും മുറിവു പറ്റിയാല്‍ ചുറ്റുപാടുമുള്ള കോശങ്ങള്‍ അടിയന്തര ജോലികള്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നു. മുറിവുണങ്ങി ശരീരഭാഗം പൂര്‍വസ്ഥിതിയിലായാല്‍ ഏറ്റെടുത്ത ജോലി നിര്‍ത്തി അവ പൂര്‍വ ധര്‍മങ്ങളിലേക്ക് തിരിച്ചു പോകുന്നു. മനുഷ്യ ശരീരത്തിനകത്ത് ഇവയെല്ലാം യാദൃച്ഛികമായി സംഭവിക്കുന്നതാണെന്ന് പറയാന്‍ ന്യായമില്ല. കുറ്റമറ്റ രീതിയില്‍ സൃഷ്ടിക്കുകയും വ്യവസ്ഥാപിതമായി സംവിധാനിക്കുകയും ചെയ്ത പ്രപഞ്ചനാഥന്‍റെ വ്യക്തമായ മാര്‍ഗദര്‍ശനം ഇവക്കെല്ലാം കൂടിയേ തീരൂ എന്ന സത്യത്തിലാണ് നാം എത്തിച്ചേരുന്നത്.

മനുഷ്യ ശരീരം എന്ന അദ്ഭുതയന്ത്രം കുറ്റമറ്റരീതിയില്‍ സംവിധാനിച്ച് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്ന പ്രപഞ്ചനാഥന് തന്നെ മനുഷ്യന്‍റെ വര്‍ത്തനം എവ്വിധമായിരിക്കണമെന്ന് വഴികാണിക്കാന്‍ ബാധ്യതയുണ്ട്. ആ മാര്‍ഗദര്‍ശനങ്ങളാവട്ടെ കണിശവും അന്യൂനവുമാണെന്ന് നാം വിശ്വസിച്ചേ തീരൂ.

ദൈവിക മാര്‍ഗദര്‍ശനത്തെ കണ്ണടച്ച് അംഗീകരിക്കണമെന്ന് പറയുന്നത് ശാസ്ത്രത്തെ തള്ളിക്കളയുന്ന നിലപാടല്ലേ എന്ന് ശങ്കിച്ചേക്കും. യഥാര്‍ഥത്തില്‍ ശാസ്ത്രത്തിന്‍റെ നിലനില്‍പ്പ് ജഗന്നിയന്താവിന്‍റെ കണിശമായ വ്യവസ്ഥയെ ആശ്രയിച്ചാണുള്ളത്. ശാസ്ത്രങ്ങള്‍ പുതുതായി പദാര്‍ഥങ്ങളെ നിര്‍മിക്കുകയോ നിയമങ്ങള്‍ ആവിഷ്കരിക്കുകയോ ചെയ്യുന്നില്ല. സൂക്ഷ്മവും സ്ഥൂലവുമായ പദാര്‍ഥങ്ങള്‍ എങ്ങനെ വര്‍ത്തിക്കണമെന്നത് സംബന്ധിച്ച് പ്രപഞ്ചസ്രഷ്ടാവ് നല്‍കിയ മാര്‍ഗദര്‍ശനം കണ്ടെത്തുകയും അവ പ്രയോജനപ്പെടുത്തുകയുമാണ് സത്യത്തില്‍ ശാസ്ത്ര ഗവേഷണങ്ങള്‍ ചെയ്യുന്നത്. ശാസ്ത്രകാരന്മാര്‍ നിരീക്ഷണത്തിലൂടെ നിഗമനങ്ങളില്‍ എത്തിച്ചേരുകയും നിയമങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നത് സൃഷ്ടികര്‍ത്താവിന്‍റെ മാര്‍ഗദര്‍ശനത്തെ ഉപജീവിച്ചാണ്. അതുകൊണ്ട് തന്നെ ജീവിത വ്യവഹാരങ്ങളില്‍ ദൈവിക മാര്‍ഗദര്‍ശനത്തിന്‍റെ ആവശ്യകത നിരാകരിക്കുന്നതിലും യാതൊരു സാധൂകരണവുമില്ല. കഠിന ധിക്കാരിയായ ഫറോവ ചക്രവര്‍ത്തിയോട് ദൈവദൂതന്മാരായ മൂസാ(അ)യും ഹാറൂനും(അ) പറഞ്ഞ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. "ഓരോ വസ്തുവിനും അതിന്‍റെ സൃഷ്ടിഘടന നല്‍കുകയും എന്നിട്ട് അതിന് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തവനാണ് ഞങ്ങളുടെ രക്ഷിതാവ്" (20:50).

ശാസ്ത്രത്തിന്‍റെ യുക്തിയും നിഗമനവും തിരുത്തപ്പെട്ടേക്കാം. തെറ്റുകളില്‍ നിന്ന് ശരിയെന്ന് തോന്നുന്നതിലേക്ക് മനുഷ്യബുദ്ധി വികസിപ്പിച്ചെടുത്തതാണ് ശാസ്ത്രത്തിന്‍റെ കണ്ടുപിടുത്തങ്ങളെല്ലാം. എന്നാല്‍ മനുഷ്യന്‍റെ മസ്തിഷ്കവും പഞ്ചേന്ദ്രിയങ്ങളും അവ കൂടാതെ കോടാനു കോടി ജൈവ അജൈവ വ്യവസ്ഥകളും പ്രപഞ്ചത്തില്‍ യാതൊരു തിരുത്തലുകളും കൂടാതെ അന്യൂനമായി സംവിധാനിച്ച് വ്യവസ്ഥാപിതമായി പരിപാലിച്ച് പോരുന്ന പ്രപഞ്ചനാഥനിലുള്ള വിശ്വാസം പരമപ്രധാനമായ ഒന്നാണ്.
 

Feedback