Skip to main content

തഅ്‌സിയത്തിന്റെ പേരില്‍ അനാചാരം

'തഅ്‌സിയത്തി'ന്റെ പേരില്‍ സമൂഹത്തില്‍ പല അനാചാരങ്ങളുമുണ്ട്. മയ്യിത്ത് പള്ളിയിലേക്ക് കൊണ്ടുപോയ ശേഷവും മൂന്നാം ദിനവുമൊക്കെ മരിച്ച വീട്ടില്‍ സദ്യനല്കുന്നത് ഇന്ന് 'കണ്ണൂക്കാ'യി ഗണിക്കപ്പെടുന്നു. ഇങ്ങനെ ജനങ്ങളെ ക്ഷണിച്ചുവരുത്തി സദ്യ നല്കുന്ന സമ്പ്രദായം 'ജാഹിലിയ്യത്തി'ലുണ്ടായിരുന്നു. അത് ഇസ്‌ലാം വിലക്കി. ജരീറുബ്‌നു അബ്ദില്ലാഹില്‍ ബജ്‌ലിയില്‍ നിന്ന് അഹ്മദും ഇബ്‌നുമാജയും നിവേദനം ചെയ്യുന്നു:

''മയ്യിത്ത് മറവുചെയ്തശേഷം പരേതന്റെ വീട്ടില്‍ സമ്മേളിക്കുന്നതും അവിടെ ഭക്ഷണം ഒരുക്കുന്നതും ജാഹിലിയ്യത്തിലെ നിഷിദ്ധമാക്കപ്പെട്ട 'നിയാഹത്തി'(വിലാപം)ന്റെ ഇനത്തിലാണ് ഞങ്ങള്‍ (സ്വഹാബികള്‍) പരിഗണിച്ചിരുന്നത്''. ഇബ്‌നുമാജയുടെ ശറഹില്‍ മുഹമ്മദ് ഫുആദ് അബ്ദുല്‍ബഖീ പറഞ്ഞു: ''ഇത് സ്വഹാബികളെല്ലാവരുടെയും ഏകാഭിപ്രായത്തിന്റെയോ നബി(സ്വ)യുടെ അംഗീകാരത്തിന്റെയോ സ്ഥാനത്താണ്'' (1:154).

ഇമാം നവവി പറയുന്നു: ''മരിച്ചയാളുടെ വീട്ടുകാര്‍ ഭക്ഷണം തയ്യാറാക്കുകയും അതിലേക്ക് ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്യുന്നതിന് ഒരു തെളിവും ഉദ്ധരിക്കപ്പെട്ടിട്ടില്ല. അത് അനഭിലഷണീയമായ ബിദ്അത്താണ്. ഇത് സാലിമിന്റെ വാക്കാണ്. അഹ്മദും ഇബ്‌നുമാജയും സ്വഹീഹായ പരമ്പരയിലൂടെ ഉദ്ധരിച്ച ജരീറിന്റെ ഹദീസ് ഇതിനുള്ള തെളിവാണ്'' (ശറഹുല്‍മുഹദ്ദബ് 5:321).

ഈ സദ്യയിലേക്കുള്ള ക്ഷണം തിരസ്‌കരിക്കേണ്ടതാണ്. തുഹ്ഫയില്‍ പറയുന്നു: ''മയ്യിത്തിന്റെ വീട്ടുകാര്‍ ഭക്ഷണം പാകംചെയ്ത് അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന സമ്പ്രദായം വെറുക്കപ്പെട്ട ദുരാചാരമാണ്. അതിന് ക്ഷണിച്ചാല്‍ സ്വീകരിക്കുന്നതും ഇപ്രകാരംതന്നെ. കാരണം ജരീറില്‍ നിന്ന് സ്വഹീഹായ ഹദീസ് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.''

സയ്യിദ് സാബിഖ് പറയുന്നു: ''ഇന്ന് 'തഅ്‌സിയത്തി'ന്റെ പേരില്‍ ജനങ്ങള്‍ ഒരുമിച്ചുകൂടുകയും തങ്ങളുടെ പ്രതാപം പ്രകടിപ്പിക്കാന്‍ പന്തലുകളും പരവതാനികളും സജ്ജീകരിച്ചു ധാരാളം പണം ചെലവഴിക്കുകയും ചെയ്യുന്നുണ്ട്. നിഷിദ്ധമായ ബിദ്അത്തുകളാണവ. അതില്‍ ഖുര്‍ആനിന്നും സുന്നത്തിന്നും നിരക്കാത്ത കാര്യങ്ങള്‍ കൂടിയുണ്ടാകുമ്പോള്‍ പ്രത്യേകിച്ചും. ഖുര്‍ആന്‍ ഗാനമായി ആലപിക്കുക, ബഹളംവെക്കുക, പുകവലിയിലും മറ്റും ഏര്‍പ്പെടുക തുടങ്ങിയവ ജാഹിലിയ്യ സമ്പ്രദായങ്ങള്‍ക്ക് സമാനമായതാണ്. പുറമെ, ചില താന്തോന്നികള്‍ കുറെകൂടി ചെയ്യുന്നുണ്ട്. മരണത്തിന്റെ അടുത്ത ദിവസങ്ങള്‍ കൊണ്ട് മതിയാക്കാതെ നാല്പതാം ദിവസവും ഇതെല്ലാം ആവര്‍ത്തിക്കുന്നു. ഓരോ ആണ്ടുകഴിയുന്തോറും ചരമവാര്‍ഷികവും ആഘോഷിക്കുന്നു. മനുഷ്യചിന്തകള്‍ക്കോ ഇസ്‌ലാമിലെ പ്രമാണങ്ങള്‍ക്കോ നിരക്കാത്തതത്രെ ഇത്തരം കാര്യങ്ങള്‍'' (ഫിഖ്വ്ഹുസ്സുന്ന).

Feedback
  • Wednesday Dec 4, 2024
  • Jumada ath-Thaniya 2 1446