Skip to main content

നിവേദകന്‍മാര്‍ക്കുള്ള യോഗ്യതകള്‍

1. നിവേദകന്റെ പേര്, അറിയപ്പെടുന്ന പേര്, രക്ഷാകര്‍ത്താക്കളുടെ പേര്, തൊഴില്‍, സ്ഥാനപ്പേര് ഇവ വ്യക്തമായി അറിഞ്ഞിരിക്കണം.

2. ഹദീസ് ഉദ്ധരിച്ച വിഷയത്തില്‍ ഒരിക്കലും വ്യാജപ്രസ്താവന ചെയ്തിരിക്കരുത്.

3. ഏതെങ്കിലും കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവനോ അസത്യവാദിയോ ആകരുത്.

4. തുടര്‍ച്ചയായി തെറ്റ് ചെയ്യുകയോ അബദ്ധങ്ങള്‍ കാണിക്കുകയോ ചെയ്തിരിക്കാന്‍ പാടുള്ളതല്ല.

5. നിവേദനം ചെയ്യുന്ന കാര്യത്തില്‍ അശ്രദ്ധനായിരിക്കാന്‍ പാടുള്ളതല്ല.

6. വാക്കിലോ പ്രവൃത്തിയിലോ ദുഷ്ടനായിരിക്കാന്‍ പാടില്ല.

7. ഊഹത്തിന്റെ അടിസ്ഥാനത്തില്‍ നിവേദനം ചെയ്യാന്‍ പാടില്ല.

8. വിശ്വാസയോഗ്യരായവരെ കുറിച്ച് അപവാദം പറയുന്നവരാകരുത്.

9. മൂഢനോ നിരക്ഷരനോ ആയിരിക്കരുത്.

10. മതപരമായി അസാധാരണമായ അഭിപ്രായമുള്ളവനായിരിക്കാന്‍ പാടില്ല.

11. ഓര്‍മശക്തിയില്‍ ദുര്‍ബലനാവാന്‍ പാടില്ല.

12. കേട്ട കാര്യം വിശ്വാസയോഗ്യമായ സ്രോതസ്സില്‍ നിന്നാണെന്ന് ഉറപ്പുവരുത്താനുള്ള അന്വേഷണം നടത്തുകയും സൂക്ഷ്മമായി പരിശോധിക്കുകയും വേണം.

അല്ലാഹു ഇവ്വിഷയകമായി സൂചിപ്പിച്ച ഒരു കാര്യം സാന്ദര്‍ഭികമായി സ്മരിക്കാം.
''സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെയടുത്ത് വന്നാല്‍ നിങ്ങളതിനെക്കുറിച്ച് വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരാതിരിക്കാന്‍ വേണ്ടി''(49:6).

കൃത്രിമ നിവേദകന്‍മാരെ തിരിച്ചറിയാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്.

1. നിവേദനം സ്വകല്പിതാമാണോ?
2. മറ്റൊരാളുടെ ആശയമാണോ?
3. മറ്റൊരു കൃത്രിമഹദീസിനെ ആധാരമാക്കിയതാണോ?
4. സംശയത്തില്‍ നിന്നോ അവിശ്വാസത്തില്‍ നിന്നോ സംജാതമായതാണോ?
5. ഒരു ഭക്തന്റെ അറിവില്ലായ്മ കൊണ്ട് വന്നതാണോ?
6. കക്ഷി വൈരാഗ്യം മൂലം ഉണ്ടായതാണോ?
7. രാജാവ്, പ്രഭു, ഖലീഫ, ഉദ്യോഗസ്ഥര്‍ ഇവരെ അസ്തിരപ്പെടുത്താന്‍ വേണ്ടി നിര്‍മിച്ചതാണോ?
8. പൊതുജനസമ്മതം ആര്‍ജിക്കുന്നതിന് മാത്രമാണോ?

ഈ സ്വഭാവത്തിലുള്ള നിവേദനങ്ങള്‍ കൃത്രിമ നിവേദനങ്ങളാണെന്ന് ഉറപ്പിക്കാം. അവ ഒരിക്കലും സ്വീകാര്യമല്ല. 

ഇവക്കുപുറമെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകള്‍, പ്രവാചകന്റെ വചനങ്ങളുടെ സാരം മാത്രമാണോ, അതോ വചനം അതേപടി തന്നെയോ എന്നും പരിശോധകന്‍മാര്‍ നിഷ്‌കര്‍ഷിക്കുകയും നിവേദകന്റെ ജ്ഞാനവും ഭക്തിയും സംശയാസ്പദമാണെങ്കില്‍ അവയുടെ സ്വീകാര്യത സന്ദേഹാസ്പദമാക്കുകയും പരിത്യജിക്കുകയും ചെയ്തിട്ടുണ്ട്.


 


 

Feedback