Skip to main content

ഹദീസ് നിവേദനം

ഹദീസ് നിദാനശാസ്ത്ര ചര്‍ച്ചയില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് നിവേദനം അഥവാ രിവായത്ത്. നബി(സ്വ)യില്‍നിന്ന് ഹദീസുകള്‍ ഉദ്ധരിക്കുകയെന്നതാണ് രിവായത്തുകൊണ്ടുദ്ദേശിക്കുന്നത്. ഹദീസ് ലഭിക്കുന്ന സ്വഹാബി മറ്റു സ്വഹാബിമാര്‍ക്കും താബിഉകള്‍ക്കും അത് കൈമാറുന്നു. അവരില്‍ നിന്ന് അടുത്ത തലമുറയ്ക്ക് അത് ലഭിക്കുന്നു. ഇങ്ങനെ ഇടമുറിയാത്ത പരമ്പരകളി(സനദ്)ലൂടെ കൈമാറ്റം ചെയ്യപ്പെട്ട് ഹദീസ് സമാഹര്‍ത്താവിന്റെ (മുഹദ്ദിസ്) കൈകളിലേക്ക് എത്തിച്ചേരുന്നു. ഈ പ്രക്രിയയെ ഹദീസ് നിവേദനം എന്ന് പറയുന്നു. നബി(സ്വ) മുതല്‍ മുഹദ്ദിസ് വരെ ഹദീസ് കൈമാറിപ്പോകുന്ന വ്യക്തികളെ നിവേദകന്മാര്‍ (റുവാത്ത്) എന്ന് പറയുന്നു.

നിവേദനത്തിനും നിവേദകന്മാര്‍ക്കും നിരവധി നിബന്ധനകള്‍ ഹദീസ് പണ്ഡിതന്മാര്‍ നിശ്ചയിച്ചിട്ടുണ്ട്. നിശ്ചിത മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന ഹദീസുകളും പൂര്‍ത്തീകരിക്കാത്തവയും തമ്മില്‍ പ്രാമാണികതയില്‍ അന്തരമുണ്ടാകും. തലനാരിഴ കീറിയ ചര്‍ച്ചകളാണ് ഈ വിഷയത്തെക്കുറിച്ച് പണ്ഡിതന്മാര്‍ നടത്തിയിട്ടുള്ളത്.

ഹദീസ് സ്വീകാര്യമാവാന്‍ നിവേദകന്ന് അനിവാര്യമായി ഉണ്ടാവേണ്ട ഉപാധികളായി മുഹദ്ദിസുകള്‍ നിര്‍ണയിച്ച കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.

1) നിവേദകന്‍ ഇസ്‌ലാമിലെ വിശ്വാസകാര്യങ്ങളില്‍ ദൃഢബോധ്യമുള്ളവനും ശരീഅത്ത് നിയമങ്ങള്‍ കണിശമായി പാലിക്കുന്നവനുമാകണം. മുസ്‌ലിമാവുക എന്ന നിബന്ധന നിശ്ചയിക്കപ്പെട്ടത് ഹദീസ് നിവേദനം തീര്‍ത്തും ദീനിയായ കാര്യമായതിനാലാണ്. 

2) വകതിരിവുണ്ടാകുക: പ്രായപൂര്‍ത്തി എത്തുകയും ബുദ്ധിസ്ഥിരത ഉണ്ടാവുകയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടി, ഭ്രാന്തന്‍ എന്നിവരുടെ രിവായത്ത് സ്വീകാര്യമല്ല. എന്നാല്‍ പ്രായപൂര്‍ത്തി ആവുന്നതിന് മുമ്പ് ഹദീസ് ഹൃദിസ്ഥമാക്കുകയും പ്രായം തികഞ്ഞശേഷം അത് ഉദ്ധരിക്കുകയുമാണെങ്കില്‍ സ്വീകാര്യമാണ്. ഇബ്‌നുഅബ്ബാസ്(റ), ഇബ്‌നുസുബൈര്‍(റ), മഹ്മൂദ്ബ്‌നു റബീഅ്(റ) തുടങ്ങിയ ചെറുപ്രായക്കാരായ സ്വഹാബിമാരുടെ നിവേദനം സ്വീകരിച്ചത് ഇതിന് തെളിവാണ്.

3) ജീവിത വിശുദ്ധി (അദാലത്ത്): അല്ലാഹുവിന്റെ ആജ്ഞാനിരോധങ്ങള്‍ പാലിച്ച് വന്‍പാപങ്ങള്‍ പ്രവര്‍ത്തിക്കാതെയും ചെറുപാപങ്ങളിലേക്ക് വഴുതിപ്പോകാതെയുമുള്ള ജീവിതമാണ് സത്യസന്ധവും വിശുദ്ധവുമായ ജീവിതം. പുത്തനാചാരങ്ങള്‍ ചെയ്യുന്നവന്‍ (മുബ്തദിഅ്) ആവാതിരിക്കുകയെന്നതും ഇതിന്റെ തന്നെ താല്പര്യമാകുന്നു. ഉയര്‍ന്ന മാനുഷിക ഗുണങ്ങള്‍ ആര്‍ജിച്ചവരുമാകണം. ഈ ഗുണങ്ങള്‍ ഇല്ലായ്മ ചെയ്യുന്ന ചില ഉദാഹരണങ്ങള്‍ മുഹദ്ദിസുകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വഴിയില്‍ മാന്യമല്ലാത്ത രീതിയില്‍ മൂത്രമൊഴിക്കുക, പരിധിവിട്ട് തമാശക്കാരനാവുക പോലുള്ളവ.

4) കൃത്യത (ദ്വബ്ത്വ്): ഹദീസ് ഹൃദിസ്ഥമാക്കുന്നതും രേഖപ്പെടുത്തുന്നതും കൃത്യമായിട്ടായിരിക്കണം. തന്റെ ശൈഖില്‍ നിന്ന് കേട്ട അതേപടി മനസ്സില്‍ കാത്തുസൂക്ഷിക്കാനും മാറ്റത്തിരുത്തലുകളില്ലാതെ രേഖപ്പെടുത്തി വെക്കാനുമുള്ള കഴിവാണ് ദ്വബ്ത്വ്.

മതബോധമുള്ളവനും  സത്യസന്ധനുമാണെങ്കിലും ഉപരിസൂചിത നിബന്ധനകള്‍ പൂര്‍ത്തിയാവാത്ത നിവേദകനെ നിരാകരിക്കുന്നതാണ് പണ്ഡിതരീതി. ഇബ്‌നുസീരീന്‍ പറയുന്നു. ''ഹദീസ് വിജ്ഞാനം ദീനാകുന്നു. അതിനാല്‍ ആരില്‍നിന്നാണ് ആ ദീന്‍ സ്വീകരിക്കുന്നതെന്ന് നിങ്ങള്‍ ഗവേഷണം നടത്തുക''.

Feedback