Skip to main content

ഹദീസ് സ്വീകരണം

പൂര്‍വകാലത്ത് ഗുരുവര്യന്മാരില്‍നിന്ന് ഹദീസ് സ്വീകരിക്കുന്നതിന്ന് ഒരൊറ്റ മാര്‍ഗമേ നിലവിലുണ്ടായിരുന്നുള്ളൂ. ശിഷ്യര്‍ ഗുരുസമക്ഷം ഹാജരായി അദ്ദേഹത്തില്‍നിന്ന് ഹദീസ് കേള്‍ക്കുക. അത് ഉദ്ധരിക്കുക. സാങ്കേതികമായി ഇതിന് സിമാഅ് (കേള്‍വി) എന്ന് പറയുന്നു. ഖിറാഅത്ത് (ശിഷ്യര്‍ ഗുരുവിനെ കേള്‍പ്പിക്കല്‍), ഇജാസത്ത് (ഗുരു അനുമതി നല്‍കല്‍), മുനാവല (ഗുരു കൈകാര്യാവകാശം നല്‍കല്‍), മുകാതബ (എഴുതി നല്‍കല്‍), ഇഅ്‌ലാം (അറിയിക്കല്‍), വസ്വിയ്യത്ത് (അനുമതി നല്‍കിയതായി വ്യക്തമായി പ്രഖ്യാപിക്കല്‍), വിജാദ (പകര്‍ത്തല്‍) എന്നീ എട്ട് ഇനങ്ങളും ഹദീസ് നിവേദനത്തിന്റെ രീതികളായി പരിഗണിക്കപ്പെടുന്നു. ആ രീതികളെ സംക്ഷിപ്തമായി പരിചയപ്പെടാം.

സിമാഅ് 

ഹദീസ് നിവേദനത്തില്‍ ഏറ്റവും നല്ല രീതി സിമാഅ് (ഗുരു ശിഷ്യനെ കേള്‍പ്പിക്കല്‍) തന്നെയാകുന്നു. ഗുരുവിന്റെ പറഞ്ഞുകൊടുക്കല്‍ ഏതെങ്കിലും ഗ്രന്ഥത്തില്‍ നിന്നോ തന്റെ ഓര്‍മയില്‍ നിന്നോ ആവാം. എന്നിട്ടവ ശിഷ്യനെക്കൊണ്ട് എഴുതിക്കുകയോ എഴുതിക്കാതിരിക്കുകയോ ആവാം. ഹദ്ദസനാ,  അഖ്ബറനാ, അന്‍ബഅനാ, ദകറനാ, ഖാല ലനാ എന്നീ പ്രയോഗങ്ങളില്‍ ഏതെങ്കിലുമൊന്നുകൊണ്ടാണ് ഹദീസ് ഉദ്ധരിക്കുന്നതെങ്കില്‍ ഗുരു ശിഷ്യനെ കേള്‍പ്പിച്ച നബി വചനമായിരിക്കും എന്ന് ഉറപ്പിക്കാം.

ഖിറാഅത്ത് 

ശിഷ്യന്‍ ഓര്‍മയില്‍ നിന്നോ ഗ്രന്ഥത്തില്‍ നിന്ന് പഠിച്ചോ ഗുരുവിനെ കേള്‍പ്പിക്കുന്ന രീതിയാണിത്. വിദ്യാര്‍ഥി പഠിച്ച് അധ്യാപകന്റെ മുമ്പാകെ ചൊല്ലി കേള്‍പ്പിക്കുന്നതാകയാല്‍ ഇതിന് അറദ്വ് (സമര്‍പണം) എന്നും പേരുണ്ട്. തന്റെ ഓര്‍മയില്‍ നിന്നോ ഗ്രന്ഥത്തില്‍ നിന്നോ കേള്‍പ്പിക്കുന്നതിനു പകരം മറ്റു വല്ല ഗുരുവിനും ചൊല്ലിക്കേള്‍പ്പിക്കുന്നത് കേള്‍ക്കാനിടയായ ശിഷ്യന്‍ അത് തന്റെ ഗുരുവിനെ ചൊല്ലി കേള്‍പ്പിക്കുന്ന അവസ്ഥയുണ്ടാകാം. ഇത്തരം ഘട്ടത്തില്‍ ചൊല്ലിക്കേള്‍പ്പിക്കുന്ന ഹദീസ് ഗുരുവിന് ഓര്‍മയുള്ളതായിരിക്കണമെന്ന കാര്യം നിര്‍ബന്ധമാണ്. അല്ലെങ്കില്‍ തന്റെ സ്വീകാര്യയോഗ്യരായ ശിഷ്യന്മാരുടെ പക്കല്‍ അത് കണ്ടെത്താന്‍ ഗുരുവിന് കഴിയണം. എങ്കിലേ അതിന് അംഗീകാരം നല്‍കുകയുള്ളൂ. ഓര്‍മയില്‍ നിന്നെടുത്ത് ഗുരുവെ കേള്‍പ്പിക്കുന്നതാണ് ശ്രേഷ്ഠം. കാരണം തെറ്റ് വരാതിരിക്കാനുള്ള സുരക്ഷിത മാര്‍ഗമാണത്. സിമാഇന് ശേഷം രണ്ടാം സ്ഥാനത്താണ് ഖിറാഅത്തിന്റെ പദവി. സിമാഇനും ഖിറാഅത്തിനും ഒരേ പദവി കല്പിക്കുന്ന പണ്ഡിതരുമുണ്ട്. 

ഇജാസ
 
തന്റെ ഗ്രന്ഥത്തില്‍ (മുഅല്ലഫാത്) നിന്നോ, തന്നില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ (മസ്മൂആത്) നിന്നോ നിവേദനം ചെയ്തുകൊള്ളുവാന്‍ ഗുരു ശിഷ്യന് നല്‍കുന്ന അനുവാദമാണ് ഇജാസ. ഗുരുവില്‍ നിന്ന് അവ ശിഷ്യന്‍ നേരിട്ട് കേട്ടതാവണമെന്നില്ല. അവ ഗുരുവിനെ ശിഷ്യന്‍ ചൊല്ലി കേള്‍പ്പിച്ചതാകാനും ഇടയില്ല. ഗുരുവിനും ശിഷ്യനും തമ്മില്‍ നേരില്‍ ഇതില്‍ ബന്ധമില്ല. ഇക്കാരണത്താല്‍ പ്രമുഖ ഹദീസ് പണ്ഡിതന്‍ ഇബ്‌നുഹസം ഇജാസയെ നിരാകരിച്ചിട്ടുണ്ട്. അനഭിലഷണീയം എന്നാണ് ഇജാസയെപ്പറ്റി അദ്ദേഹം പറഞ്ഞത്. ചില പണ്ഡിതന്മാര്‍ ഒരുപടി കൂടി കടന്ന് ഇങ്ങനെ പറഞ്ഞു. 'തന്നില്‍നിന്ന് കേള്‍ക്കാത്തവ നിവേദനം ചെയ്യാന്‍ ഒരാള്‍ മറ്റൊരാള്‍ക്ക് അനുവാദം നല്‍കുന്നത് തന്റെ മേല്‍ കള്ളം ആരോപിച്ചുകൊള്ളാന്‍ അനുമതി നല്‍കുന്നത് പേലെയാണ്. കാരണം നേരിട്ട് കേള്‍ക്കാത്തത് നിവേദനം ചെയ്യുവാന്‍ ശരീഅത്ത് അനുവാദം നല്‍കുന്നില്ല (അത്തദ്‌രീബ് പേജ് 131).

മുനാവല 


ഒരു ഗ്രന്ഥമോ എഴുതപ്പെട്ട രേഖയോ ശിഷ്യന് കൈമാറി, അത് തന്റേതായി നിവേദനം ചെയ്യാന്‍ ഗുരു അനുവദിക്കുന്ന രീതിയാണ് മുനാവല. ഇതിന് വിവിധ രൂപങ്ങളുണ്ട്. (1) തന്റെ ഹദീസ് രേഖ ശിഷ്യനു നല്‍കി ഗുരു ഇങ്ങനെ പറയുന്നു: ഇത് നിന്റെ ഉടമസ്ഥതയിലുള്ള രേഖയാണ്; അത് നിവേദനം ചെയ്യാന്‍ ഞാന്‍ നിനക്ക് അനുമതി നല്‍കുന്നു. (2) ഗ്രന്ഥം ശിഷ്യന് നല്‍കുന്ന ഗുരു, അത് നിവേദനം ചെയ്തതിന് ശേഷം ഗ്രന്ഥം തനിക്ക് തന്നെ തിരിച്ചേല്‍പ്പിക്കാന്‍ പറയുന്നതാണ് മുനാവലയില്‍ രണ്ടാമത്തേത്  (3) ഗുരുവിന്റെ രേഖകള്‍ അദ്ദേഹത്തിന്റെ മുമ്പാകെ ശിഷ്യന്‍ കൊണ്ടുവരുന്നു. ഗുരു അത് ശ്രദ്ധാപൂര്‍വ്വം പരിശോധിച്ച് നിവേദനം ചെയ്യാന്‍ അനുവാദം നല്‍കുന്നു. (4) ഗുരുവിന്റെ ഗ്രന്ഥം ശിഷ്യര്‍ നിവേദനം ചെയ്യാനുള്ള അനുവാദത്തിനായി അദ്ദേഹത്തിന്റെയടുക്കല്‍ കൊണ്ടുചെല്ലുന്നു. ഗുരു അത് വീണ്ടും പരിശോധിക്കാതെ അനുവാദം നല്‍കുന്നു. ഇതാണ് മുനാവലയില്‍ ഏറ്റവും താഴെ പടിയിലുള്ളത്. 

മുകാതബ 

ഗുരു സ്വയം എഴുതിയോ തന്റെ നിവേദനം മറ്റൊരാളെക്കൊണ്ട് എഴുതിച്ചോ ശിഷ്യന് കൈമാറുക. അല്ലെങ്കില്‍ വിദൂരത്തുള്ള ശിഷ്യന് അയച്ചുകൊടുക്കുക. ഇതാണ് മുകാതബ. ഗുരു നേരിട്ട് എഴുതിയോ എഴുതിച്ചോ നല്‍കുന്ന ഹദീസുകളില്‍ യാതൊരു തരത്തിലുള്ള സംശയത്തിനും അവ്യക്തതക്കും ഇടമുണ്ടാകുന്നില്ല. കാരണം തന്റെ മുമ്പാകെ വെച്ചാണ് പ്രസ്തുത എഴുത്ത് നടക്കുന്നത് തന്നെ. ഗുരുവിന്റെ സന്നിധിയിലല്ലാത്ത ശിഷ്യന് അയക്കുന്ന നിവേദനത്തിലും അവ്യക്തത കലരുന്നില്ല. ഇതിലെ എഴുത്തുകാര്‍ സത്യസന്ധരും വിശ്വസ്തരുമായിരിക്കണമെന്ന നിബന്ധനയുണ്ട്.

ഇഅ്‌ലാം 

നിശ്ചിത ഗ്രന്ഥം / നിശ്ചിത ഹദീസ് തന്റെ നിവേദനങ്ങളില്‍ ഉണ്ടെന്ന് ഗുരു, ശിഷ്യനെ അറിയിക്കുകയും എന്നാല്‍ അത് നിവേദനം ചെയ്യാന്‍ വ്യക്തമായ രീതിയില്‍ അനുവാദം നല്‍കാതിരിക്കുകയും ചെയ്യുന്നതാണ് ഇഅ്‌ലാം. ഭൂരിപക്ഷം മുഹദ്ദിസുകളും ഹദീസ് സ്വീകരണത്തിന്റെ മാര്‍ഗങ്ങളിലൊന്നായി ഇഅ്‌ലാമിനേയും അംഗീകരിച്ചിട്ടുണ്ട്. തെറ്റായ കാര്യം ഗുരു ശിഷ്യനെ പഠിപ്പിക്കില്ല. അതിനാല്‍ നിവേദനത്തിനുള്ള അനുവാദം വ്യക്തമായി പറഞ്ഞില്ലെങ്കിലും ഹദീസ് കൈമാറ്റത്തില്‍ അക്കാര്യംകൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അവരുടെ വാദം. നിവേദനം ചെയ്യുന്നത് പ്രത്യേകം വിലക്കിയിട്ടുണ്ടെങ്കില്‍ അത് 'ഇഅ്‌ലാമിന്റെ' ഗണത്തില്‍ പെടുത്തി ഉദ്ധരിക്കുന്നത് നിഷിദ്ധമാണ്. 

വസ്വിയ്യത്ത് 
 
ഗുരു യാത്രാ മധ്യേ അല്ലെങ്കില്‍ മരണക്കിടക്കയില്‍ താന്‍ ഇന്ന വ്യക്തിക്ക് ഈ ഗ്രന്ഥം നിവേദനം ചെയ്യാന്‍ അനുമതി നല്‍കിയതായി വ്യക്തമായി പ്രഖ്യാപിക്കലാണ് വസ്വിയ്യത്ത്. വസ്വിയ്യത്ത് ചെയ്ത ആളുടെ വാക്കുകളോട് പൂര്‍ണമായും നീതി പൂലര്‍ത്താന്‍ വസ്വിയ്യത്ത് സ്വീകരിച്ച ആള്‍ക്ക് ബാധ്യതയുണ്ട്.

വിജാദ 

ഒരു മുഹദ്ദിസ് സ്വകരങ്ങള്‍ കൊണ്ട് എഴുതിയ ഹദീസുകള്‍ കണ്ടെത്തുന്ന ഒരാള്‍ അദ്ദേഹവുമായുള്ള മുന്‍ കൂടിക്കാഴ്ച നടന്നിട്ടില്ലെങ്കിലും ഈ ലിഖിതം ഇന്ന ഗുരുവിന്റെതാണെന്ന് അയാള്‍ക്ക് ഉറപ്പുണ്ടായാല്‍ മതി. അതൊക്കെ കാണപ്പെടുന്ന ഹദീസുകള്‍ ശൈഖിലേക്ക് ചേര്‍ത്ത് നിവേദനം ചെയ്യാവുന്നതാണ്.

Feedback