Skip to main content

ഖബറുല്‍ ആഹാദ് (2)

ഖബറുല്‍ ആഹാദ് : ഏകനിവേദക പരമ്പരയോട് കൂടിയത് എന്നാണ് ഇതിന്റെ ഭാഷാര്‍ഥം. മുതവാതിറിന്റെ പദവിയിലെത്താത്ത ഹദീസുകള്‍ക്കെല്ലാം ഭൂരിപക്ഷം പണ്ഡിതരും 'ഖബറുല്‍ ആഹാദ്' എന്നു പറയുന്നു. എന്നാല്‍ ഹനഫി പണ്ഡിതന്മാര്‍ മുതവാതിറിനും ഖബറുല്‍ ആഹാദിനും മധ്യേ മൂന്നാമതൊരു ഇനം കൂടി ഉള്‍പ്പെടുത്തുന്നു. അതിന്നവര്‍ നല്‍കുന്ന നാമം 'അല്‍ മശ്ഹൂര്‍' എന്നാണ്.

മുതവാതിറായ ഹദീസിലെപ്പോലെ ഖബറുല്‍ ആഹാദില്‍ എല്ലാ കണ്ണിയിലും ഒരു സംഘം നിവേദകന്മാര്‍ ഉണ്ടാകുകയില്ല. എല്ലാ നിവേദക ശ്രേണിയിലും ഒറ്റ നിവേദകന്‍ മാത്രം എന്നല്ല ഖബറുല്‍ ആഹാദിന്റെ ഉദ്ദേശ്യം. മുതവാതിറിന്റെ പദവിയിലേക്ക് എത്താന്‍ മാത്രം നിവേദകന്‍മാരുടെ ശ്രേണിയില്ല എന്നു മാത്രമേയുള്ളൂ. നമ്മുടെ മുന്നിലുള്ള ഹദീസുകള്‍ ബഹുഭൂരിപക്ഷവും ഖബര്‍ ആഹാദ് ഇനത്തില്‍ പെട്ടവയാണ്. 

രണ്ടോ അതിലധികമോ നിവേദകരുള്ള ഹദീസുകളും ഖബറുല്‍ ആഹാദിന്റെ ഗണത്തില്‍ വരുന്നു. നിവേദക പരമ്പരയിലെ ഒരോ ഘട്ടത്തിലെയും നിവേദകരുടെ (റാവി) എണ്ണത്തെ ആസ്പദമാക്കി അല്‍-മശ്ഹൂര്‍, അല്‍അസീസ്, അല്‍ഗരീബ് എന്നിങ്ങനെ ഖബര്‍ ആഹാദില്‍പ്പെട്ട ഹദീസുകളെ മൂന്നായി തിരിച്ചിരിക്കുന്നു.

Feedback