Skip to main content

ഖബറുല്‍ ആഹാദിന്റെ ഇനങ്ങള്‍

നിവേദകരുടെ എണ്ണം അടിസ്ഥാനമാക്കി ഖബറുല്‍ ആഹാദിനെ മശ്ഹൂര്‍, അസീസ്, ഗരീബ് എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്.

1) മശ്ഹൂര്‍ (സുപ്രസിദ്ധം)

പ്രസിദ്ധമായത് എന്നാണ് ഈ പദത്തിനര്‍ഥം. ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയുടെ ഓരോ തലത്തിലും മൂന്നില്‍ കുറയാത്ത ആളുകള്‍ ഉള്ള റിപ്പോര്‍ട്ടുകള്‍ക്കാണ് മശ്ഹൂര്‍ എന്നു പറയുന്നത്. മുസ്തഫീദ് എന്നും ഇതിന്ന് പേരുണ്ട്. മുതവാതിറിന്റെ പരിധിയിലേക്ക് ഇത്തരം ഹദീസുകള്‍ എത്തുന്നില്ല.

2) അസീസ് (സുശക്തം)

നിവേദകരുടെ ശൃംഖലയിലെ ഓരോ കണ്ണിയിലും രണ്ടില്‍ കുറയാത്ത ആളുകളുള്ള റിപ്പോര്‍ട്ടുകള്‍ക്കാണ് അല്‍ അസീസ് എന്നു പറയുന്നത്. ഒരു കണ്ണിയില്‍ മാത്രം രണ്ട് പേരും മറ്റ് ശ്രേണികളില്‍ മൂന്നോ അതില്‍ കൂടുതലോ നിവേദകന്മാരുണ്ടായാലും പ്രസ്തുത ഹദീസ് അസീസാണ്. 

അസീസിന് ഉദാഹരണം: 'തന്റെ മാതാപിതാക്കള്‍, സന്താനങ്ങള്‍, മറ്റു മനുഷ്യര്‍ എന്നിവരേക്കാള്‍ എന്നെ ഇഷ്ടപ്പെടാത്തിടത്തോളം നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല' എന്ന നബിവചനം അനസ്, അബൂഹുറയ്‌റ എന്നീ സ്വഹാബികളും അവരില്‍ നിന്ന് ഖതാദ, അബ്ദുല്‍ അസീസ് എന്നിവരും തുടര്‍ന്ന് സംഘങ്ങളായും റിപ്പോര്‍ട്ട് ചെയ്ത് കിട്ടിയത് ബുഖാരിയും മുസ്‌ലിമും രേഖപ്പെടുത്തുന്നു. സ്വഹാബി മുതല്‍ ഒടുവില്‍ രേഖപ്പെടുത്തുന്ന ഗ്രന്ഥകാരന്‍ വരെ രണ്ടില്‍ കുറയാത്ത ആളുകള്‍ ഓരോ കണ്ണിയിലും കാണുന്നത് കൊണ്ട് ഈ ഹദീസ് 'അസീസ്' ഇനത്തില്‍പ്പെട്ടതായി പരിഗണിക്കുന്നു.

3) ഗരീബ് (അപൂര്‍വം)

ഹദീസ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതിന്റെ പരമ്പരയില്‍ (സനദ്) മുഴുവന്‍ ഘട്ടങ്ങളിലോ ചിലതിലോ ഒരാള്‍ മാത്രമായിപ്പോകുന്ന റിപ്പോര്‍ട്ടുകള്‍ക്ക് 'അല്‍ഗരീബ്' എന്നു പറയുന്നു. 

ഫര്‍ദ് അഥവാ ഗരീബ് മുത്വലഖ് ആയി വന്ന ഹദീസിന് ഉദാഹരണം 'തീര്‍ച്ചയായും കര്‍മങ്ങള്‍ ഉദ്ദേശ്യമനുസരിച്ചാണ് വിലയിരുത്തപ്പെടുന്നത്' എന്ന ബുഖാരി ഉദ്ധരിച്ച ഹദീസ് നബി (സ്വ)യില്‍ നിന്ന് ഉമര്‍(റ) മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

പരമ്പരയുടെ ഇടക്ക് ഒരാള്‍ മാത്രമായി (സ്വഹാബിയല്ലാത്തവര്‍) വരുന്ന ഗരീബ് നസബിക്ക് ഉദാഹരണം 'നബി(സ്വ) തന്റെ ശിരസ്സില്‍ ഇരുമ്പ് തൊപ്പി ധരിച്ചുകൊണ്ട് മക്കയില്‍ പ്രവേശിച്ചു' എന്നതാണ്. ബുഖാരിയും മുസ്‌ലിമും രേഖപ്പെടുത്തിയ ഈ ഹദീസ് അനസില്‍ നിന്ന് സുഹ്‌രിയും സുഹ്‌രിയില്‍ നിന്നും മാലികും മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഗരീബായ ഹദീസുകളുടെ സമാഹാരങ്ങള്‍ താഴെ പറയുന്നു.

1. മുസ്‌നദ് - ബസ്സാര്‍

2. മജ്മഉല്‍ ഔസത്വ് - ത്വബ്‌റാനി (മരണം 368)

3. ഗറാഇബു മാലിക് - ദാറഖുത്വ്‌നി

4. അഫ്‌റാദ് - ദാറഖുത്‌നി

5. അസ്സുനനുല്ലത്തീ തഫര്‍റദ ബികുല്ലി സുന്നത്തിന്‍ മിന്‍ അഹ്‌ലില്‍ബല്‍ദ - അബൂദാവൂദ്.

Feedback