Skip to main content

ഖബറുല്‍ ആഹാദിന്റെ പ്രാമാണികത

മുതവാതിറിന്റെ പദവിയിലെത്താത്ത ഹദീസുകള്‍ക്കെല്ലാം ഭൂരിപക്ഷം പണ്ഡിതരും 'ഖബറുല്‍ ആഹാദ്' എന്നു പറയുന്നു. ഹദീസുകളില്‍ ഭൂരിപക്ഷവും ഖബറുല്‍ആഹാദാണ്. ഖബറുല്‍ ആഹാദ് വഴി ലഭിക്കുന്ന അറിവ് സംശയാതീതമല്ലെന്നതിനാല്‍ ദീനില്‍ പ്രമാണയോഗ്യമല്ലെന്ന ഒരു അഭിപ്രായം നിലവിലുണ്ട്. ഹദീസുകളെ മൊത്തത്തില്‍ തള്ളിക്കളയാനുള്ള ഒരു പുകമറ എന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും ഈ വാദത്തിനില്ല. കാരണം ഖബറുല്‍ ആഹാദിനെ തള്ളിക്കളയുന്നതോടുകൂടി ഹദീസിന്റെ ഗണനീയമായ ഭാഗം അപ്രസക്തമായിത്തീരും. എന്നാല്‍ പ്രവാചകന് ശേഷമുള്ള ഇസ്‌ലാമിക സമൂഹത്തിന്റെ ഇന്നോളമുള്ള നടപടിക്രമം ആഹാദിനെ പ്രമാണമായി അംഗീകരിച്ചതിനുള്ള അനിഷേധ്യസാക്ഷ്യമാണ്.

ഖബറുല്‍ആഹാദ് പ്രകാരം പ്രവര്‍ത്തിക്കുന്നതിന് പണ്ഡിതന്മാര്‍ ഖുര്‍ആനില്‍നിന്നും പ്രവാചകചര്യയില്‍നിന്നും ഒട്ടേറെ തെളിവുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു '' സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെയടുത്ത് വന്നാല്‍ നിങ്ങള്‍ അതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം'' (49:6). ഈ സൂക്തത്തില്‍ വിശ്വസ്തരല്ലാത്തവരുടെ വാക്കുകള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം നിവേദകര്‍ വിശ്വസ്തനാണെങ്കില്‍ ഒരാളായാല്‍ പോലും സ്വീകരിക്കാമെന്ന് ഇതില്‍നിന്നും മനസ്സിലാക്കാവുന്നതാണ്.

അല്ലാഹു പറയുന്നു ''സത്യവിശ്വാസികള്‍ ആകമാനം (യുദ്ധത്തിന്) പുറപ്പെടാവതല്ല. എന്നാല്‍ അവരിലെ ഓരോ വിഭാഗത്തില്‍നിന്നും ഓരോ സംഘം പുറപ്പെട്ടുപോയിക്കൂടേ? എങ്കില്‍ (ബാക്കിയുള്ളവര്‍ക്ക് നബിയോടൊപ്പം നിന്ന്) മതകാര്യങ്ങളില്‍ ജ്ഞാനം നേടാനും തങ്ങളുടെ ആളുകള്‍ യുദ്ധരംഗത്ത് നിന്ന് അവരുടെ അടുത്തേക്ക് തിരിച്ചുവന്നാല്‍ അവര്‍ക്ക് താക്കീത് നല്‍കുവാനും കഴിയുമല്ലോ. അവര്‍ സൂക്ഷ്മത പാലിച്ചേക്കാം'' (9:122).

ഉപരിസൂചിത സൂക്തത്തില്‍ സൂചിപ്പിച്ച വിഷയത്തില്‍ വിഭാഗം എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചിരിക്കുന്ന പദം 'താഇഫ' എന്നാണ്. മതകാര്യങ്ങളില്‍ ജ്ഞാനം നേടി ബോധവത്ക്കരണം നടത്താന്‍ പ്രാപ്തരാകേണ്ട വിഭാഗത്തെക്കുറിച്ചാണ് ഇവിടെ പരാമര്‍ശം. മുതവാതിറിന്റെ പരിധിക്കു താഴെയുള്ള എണ്ണം ആളുകള്‍ക്കു ത്വാഇഫ എന്നു പറയുന്നു. ഇമാംബുഖാരിയുടെ വീക്ഷണത്തില്‍ ഒരാള്‍ക്കുപോലും ത്വാഇഫ എന്നു പറയാവുന്നതാണ്. (സ്വഹിഹൂല്‍ ബുഖാരി 8:122), (കിതാബു അഖ്ബാറില്‍ ആഹാദ്). ഈ ആയത്തില്‍ അല്ലാഹു സൂചിപ്പിച്ച ജ്ഞാനസമ്പാദനവും ജനങ്ങളെ ബോധവത്ക്കരിക്കലും നിര്‍വഹിക്കുന്ന വിഭാഗം (മുതവാതിര്‍ പരിധിക്ക് താഴെയുള്ള എണ്ണം) 'ത്വാഇഫ' എന്ന പദത്തിന്റെ അര്‍ഥപരികല്പന ആയതിനാല്‍ അത് വിശ്വാസ്യയോഗ്യവും പിന്തുടരേണ്ടതുമാണ് എന്ന് മനസ്സിലാക്കാം. ഖബര്‍ ആഹാദ് ഇനത്തില്‍പ്പെട്ട ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്ന നിവേദകരുടെ എണ്ണം സ്വീകാര്യതക്ക് തടസ്സമല്ല.

നബി(സ്വ)യുടെ കാലം മുതല്‍ തന്നെ ഖബറുല്‍ആഹാദ് സ്വീകരിക്കപ്പെട്ടിരുന്നുവെന്നതിന് ധാരാളം തെളിവുകള്‍ കാണാവുന്നതാണ്. ഉദാഹരണമായി അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു: ഖുബാഇലെ പള്ളിയില്‍ ആളുകള്‍ ശാമിലേക്ക് തിരിഞ്ഞ് സുബ്ഹ് നമസ്‌കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ അവിടേക്ക് കടന്നുവന്ന് 'നബി(സ്വ)ക്ക് ഇന്നലെ രാത്രിയില്‍ നമസ്‌കാരത്തിന് കഅ്ബയിലേക്ക് തിരിഞ്ഞുനില്‍ക്കാന്‍ ആജ്ഞാപിച്ചുകൊണ്ടുള്ള ഖുര്‍ആന്‍ വാക്യം അവതരിച്ചു, അതിനാല്‍ നിങ്ങളും അങ്ങോട്ട് തിരിയുവിന്‍' എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ ശാമിലേക്ക് (ബൈത്തുല്‍ മുഖദ്ദസിന്റെ ഭാഗം) തിരിഞ്ഞു നിന്നിരുന്നവര്‍ ഒന്നടങ്കം കഅ്ബയുടെ നേരെ തിരിഞ്ഞു (ബുഖാരി).

കഅ്ബയുടെ മാറ്റം അവരെ അറിയിച്ചത് ഒരാളായിരുന്നു. എന്നിട്ടും അവര്‍ അനുസരിച്ച് പ്രവര്‍ത്തിച്ചു.

ഒരാളുടെ വാക്ക് തന്നെ വിശ്വാസ്യയോഗ്യമാണെന്ന് തെളിയുന്ന മറ്റൊരു സംഭവം ഇപ്രകാരമാണ്. അനസ്ബ്‌നുമാലിക്(റ) പറയുന്നു ''ഞാന്‍ അബൂത്വല്‍ഹക്കും അബൂഉബൈദഅല്‍ജര്‍റാഹിനും ഉബയ്യുബ്‌നു കഅ്ബിനും ഈത്തപ്പനക്കള്ള് ഒഴിച്ചുകൊടുത്തുകൊണ്ടിരിക്കെ മദ്യം നിഷിദ്ധമാക്കിയെന്ന് ഒരാള്‍ അവരോട് വന്നു പറഞ്ഞു. അപ്പോള്‍ അബൂത്വല്‍ഹ പറഞ്ഞു. ''അനസ്, താങ്കള്‍ ഈ വീപ്പ പൊട്ടിച്ചുകളയൂ''. ഞാന്‍ ഒരു മഴുവെടുത്ത് വീപ്പയുടെ താഴ്ഭാഗത്ത് അടിച്ചു. അപ്പോള്‍ അത് പൊട്ടിപ്പോയി (ബുഖാരി).

വിശ്വസ്തരുടെ നിവേദനങ്ങള്‍ നബി(സ്വ)യുടെ കാലത്ത് തന്നെ സ്വഹാബികള്‍ സ്വീകരിക്കുകയും തദവസരം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നുവെന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു.

പ്രബോധകന്മാരായി വിവിധ നാടുകളിലേക്ക് നബി(സ്വ) ഓരോരുത്തരെ നിയോഗിച്ച അനേകം സന്ദര്‍ഭങ്ങള്‍ ചരിത്രത്തില്‍നിന്ന് ഗ്രഹിക്കാന്‍ കഴിയും. മുആദുബ്‌നുജബല്‍(റ)നെ യമനിലേക്കും അബുഉബൈദ(റ)യെ നജ്‌റാനിലേക്കും നിയോഗിച്ചത് ഉദാഹരണമാണ്. വിവിധ പ്രദേശങ്ങളിലെ ഭരണാധികാരികള്‍ക്ക് സന്ദേശം കൈമാറാന്‍ നിയോഗിച്ചതും ഓരോ വ്യക്തിയെയായിരുന്നു. ഇവയൊക്കെ വിശ്വസ്തനായ ആളുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ചത് ഒരാള്‍ മാത്രമാണെങ്കില്‍ സ്വീകാര്യമാണെന്ന് വ്യക്തമാക്കുന്നു.

നബി(സ്വ)യുടെ വിയോഗത്തിന് ശേഷം ഖലീഫമാരുള്‍പ്പെടെയുള്ള സ്വഹാബിമാര്‍ ഏക നിവേദകന്‍ മാത്രമുള്ള ഹദീസുകള്‍ സ്വീകരിച്ചിരുന്നുവെന്നതിന് ധാരാളം തെളിവുകളുണ്ട്. വിരലുകളുടെ നഷ്ടപരിഹാരം, കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ പേരില്‍ ലഭിക്കുന്ന നഷ്ടപരിഹാരത്തുകയില്‍ ഭാര്യമാരുടെ അവകാശം, പ്ലേഗ് ബാധിച്ച നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിക്കല്‍ തുടങ്ങിയ ഒട്ടേറെ വിഷയങ്ങളില്‍ ഉമര്‍(റ) ഏകനിവേദകരുടെ ഹദീസുകള്‍ സ്വീകരിച്ചുകൊണ്ട് തന്റെ വീക്ഷണങ്ങള്‍ തിരുത്തിയതായി ഇമാം ശാഫിഈയുടെ 'അല്‍രിസാല' എന്ന ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ദീര്‍ഘമായി വിശദീകരിക്കുന്നുമുണ്ട്.

വിശുദ്ധ ഖുര്‍ആനും നബിചര്യയും ഇസ്‌ലാമിലെ അടിസ്ഥാന പ്രമാണങ്ങളാണ് എന്നതില്‍ പക്ഷാന്തരമില്ല. പ്രാമാണികമായ ഹദീസുകളാണ് നബിചര്യ എന്നുപറയുന്നത്. അതില്‍ മുതവാതിറും ഖബറുല്‍ ആഹാദും ഉള്‍പ്പെടുന്നു. ഈ രണ്ട് തരം ഹദീസുകളും പ്രമാണങ്ങളാണ് എന്നര്‍ഥം. എന്നാല്‍ വിശ്വാസകാര്യങ്ങള്‍ (ഈമാന്‍) സ്ഥിരീകരിക്കപ്പെടണമെങ്കില്‍ വിശുദ്ധ ഖുര്‍ആനും മുതവാതിറായ ഹദീസുകളും മാത്രമേ പര്യാപ്തമാവുകയുള്ളൂ എന്ന് ഒരു വിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Feedback