Skip to main content

ജിബ്‌രീല്‍

അല്ലാഹുവിന്റെ സന്ദേശങ്ങള്‍ പ്രവാചകന്മാര്‍ക്ക് എത്തിക്കുന്ന ദൂതനായും മറ്റു മലക്കുകളുടെ ചുമതലകളുടെ മേല്‍നോട്ടം വഹിക്കുന്ന നേതാവായുമുള്ള മലക്കാണ് ജിബ്‌രീല്‍(അ). ജിബ്‌രീലിന് വിശ്വസ്തനായ ആത്മാവ് (റൂഹുല്‍ അമീന്‍), പരിശുദ്ധാത്മാവ് (റൂഹുല്‍ ഖുദുസ്) എന്നെല്ലാം അല്ലാഹു വിശേഷണ നാമങ്ങള്‍ നല്‍കിയിട്ടുണ്ട്. അല്ലാഹു പറയുന്നു. സര്‍വ്വലോക രക്ഷിതാവിന്റെയടുക്കല്‍ നിന്നും അവതീര്‍ണ്ണമായതാണിത്, തീര്‍ച്ച. വിശ്വസ്തനായ ആത്മാവ് (റൂഹുല്‍ അമീന്‍) അതുമായി താങ്കളുടെ ഹൃദയത്തില്‍ ഇറങ്ങിവന്നത് താങ്കള്‍ മുന്നറിയിപ്പുകാരില്‍ പെടുന്നതിന് വേണ്ടിത്തന്നെയാണ് (26:192-194).

“താങ്കളുടെ രക്ഷിതാവിന്റെ പക്കല്‍ നിന്നുള്ള സത്യവുമായി പരിശുദ്ധാത്മാവ് (റൂഹുല്‍ ഖുദുസ്) തന്നെയാണ് ഈ ഗ്രന്ഥവും കൊണ്ടുവന്നതെന്ന് താങ്കള്‍ പറയുക” (16:102).

ജിബ്‌രീല്‍(അ) എന്ന മലക്ക് സാക്ഷാല്‍ രൂപത്തില്‍ ദിവ്യസന്ദേശവുമായി നബി(സ)യുടെ സമീപത്തെത്തിയ സന്ദര്‍ഭത്തെ സൂചിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഇങ്ങനെ വായിക്കാം:

'അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉദ്‌ബോധനം മാത്രമാകുന്നു. ശക്തിമത്തായ കഴിവുള്ളവനാണ് (ജിബ്‌രീല്‍ എന്ന മലക്കാണ്) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്. അതേ, കരുത്തുള്ള വ്യക്തി. അങ്ങനെ അദ്ദേഹം (സാക്ഷാല്‍ രൂപത്തില്‍) നിലകൊണ്ടു. അദ്ദേഹമാകട്ടെ അത്യുന്നതമായ മണ്ഡലത്തിലായിരുന്നു. പിന്നെ അദ്ദേഹം അടുത്തുവന്നു. കൂടുതല്‍ അടുത്തു. അങ്ങനെ അദ്ദേഹം രണ്ട് വില്ലുകളുടെ അകലത്തിലോ, അതിനേക്കാള്‍ അടുത്തോ ആയി. അപ്പോള്‍ അല്ലാഹു തന്റെ ദാസന് ബോധനം നല്‍കിയതെല്ലാം അദ്ദേഹം ബോധനം നല്‍കി (53:3-10).

വിശുദ്ധ ഖുര്‍ആന്‍ അവതരിക്കാന്‍ തുടങ്ങിയത് റമദാനിലാണ്. തുടര്‍ന്ന് ഓരോ റമദാനിലും അത് വരെ അവതരിച്ച സൂറത്തുകള്‍ നബി(സ)യെക്കൊണ്ട് ജിബ്‌രീല്‍ ഓതിക്കുകയും ജിബ്‌രീല്‍ അംഗീകരിക്കുകയും ചെയ്തിരുന്നതായി അനേകം ഹദീസുകളില്‍ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. വഹ്‌യ് ലഭിച്ച ആദ്യ സന്ദര്‍ഭത്തില്‍ ശക്തിയായി ഭയന്ന മുഹമ്മദ് നബി(സ)യെ സാന്ത്വനിപ്പിച്ചുകൊണ്ട് പുരോഹിത പ്രമുഖനും ഖദീജ(റ)യുടെ ബന്ധുവുമായ വറകത്ത് ബ്‌നു നൗഫല്‍ ജിബ്‌രീലിനെ പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്.

മൂസാ നബിയുടെ അടുക്കല്‍ അല്ലാഹു അയച്ച അതേ 'നാമൂസ്' തന്നെയാണ് നിന്റെയടുക്കല്‍ വന്നതും. ജിബ്‌രീല്‍ എന്ന മലക്കിനെ ഉദ്ദേശിച്ചാണ് ഈ പ്രയോഗം നടത്തിയിട്ടുള്ളത്. 

അഞ്ചുനേരത്തെ നമസ്‌കാരത്തിന്റെ രൂപവും അതോരോന്നിന്റെയും സമയത്തിന്റെ ആദ്യവും അവസാനവും പഠിപ്പിക്കാന്‍ വേണ്ടി ജിബ്‌രീല്‍(അ) കഅ്ബയുടെ അടുക്കല്‍ രണ്ടു തവണ നബി(സ)ക്ക് ഇമാമായി നമസ്‌കരിക്കുകയുണ്ടായി (ബുഖാരി 3221, അബൂദാവൂദ് 377, തിര്‍മിദി 127).

ഒരിക്കല്‍ നബി(സ)ക്ക് അസുഖം ബാധിച്ചപ്പോള്‍ ജിബ്‌രീല്‍ അല്ലാഹുവിന്റെ നാമത്തില്‍ നബി(സ)ക്ക് വേണ്ടി മന്ത്രിച്ച സംഭവവും ഹദീസുകളില്‍ വന്നിട്ടുണ്ട്. (മുസ്‌ലിം 2186). ഇസ്‌റാഅ്, മിഅ്‌റാജ് യാത്രയില്‍ ജിബ്‌രീലി(അ)ന്റെ കൂടെയാണ് നബി(സ) പോയത്.

Feedback