Skip to main content

മലക്കുല്‍ മൗത്ത്

ഓരോ മനുഷ്യനും ഈ ഭൂമിയിലെ ജീവിതത്തിന് നിശ്ചയിക്കപ്പെട്ട അവധി എത്തിയാല്‍, അല്ലാഹു അവരുടെ ആത്മാവിനെ പിടികൂടുന്നു. ആത്മാവിനെ പിടികൂടാനുള്ള ചുമതല അല്ലാഹു ഏല്‍പ്പിച്ചിരിക്കുന്നത് മലക്കുല്‍ മൗത്തിനെയാണ്. വിശുദ്ധ ഖുര്‍ആനില്‍ മലക്കുല്‍ മൗത്ത് എന്നാണ് ആ മലക്കിനെ പരിചയപ്പെടുത്തിയത്. മലക്കുല്‍ മൗത്ത് എന്നത് മലക്കിന്റെ പേരാണോ ദൗത്യമാണോ എന്നതില്‍ ഭിന്ന വീക്ഷണങ്ങളുണ്ട്. എന്നാല്‍ അസ്‌റാഈല്‍ എന്ന പേര് ഖുര്‍ആനിലോ, സ്വീകാര്യമായ ഹദീസിലോ വന്നിട്ടില്ല. 

അല്ലാഹു പറയുന്നു: '(നബിയേ) പറയുക, നിങ്ങളുടെ കാര്യത്തില്‍ ഏല്‍പ്പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് നിങ്ങളെ മടക്കപ്പെടുന്നതുമാണ് (32:11).

അനേകം മലക്കുകളുടെ സാന്നിധ്യം ഓരോരുത്തരുടേയും മരണ വേളയില്‍ അനുഭവപ്പെടുന്ന കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നു. സത്യവിശ്വാസികള്‍ക്ക് മരണം ആനന്ദകരമായ അനുഭവമാകുന്നതും, സത്യനിഷേധികള്‍ക്ക് അത് ഹീനവും ഭയാനകവുമാക്കിത്തീര്‍ക്കുന്നതും, മലക്കുകളുടെ സാന്നിധ്യം തന്നെയാണ്. രണ്ട് അവസ്ഥകളും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു.

'(അവിശ്വാസികളിലേക്ക്) ഇറങ്ങിച്ചെന്ന് (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവയും തന്നെയാണ് സത്യം(സത്യവിശ്വാസികളുടെ ആത്മാവുകളെ) മൃതുലമായി പുറത്തെടുക്കുന്നവ തന്നെയാണ് സത്യം. ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ് സത്യം, എന്നിട്ടു മുന്നോട്ട് കുതിച്ചുപോകുന്നവയും, കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ് സത്യം (79:1-5).

സദ്‌വൃത്തരായ ആളുകളുടെ ആത്മാക്കളെ പിടിച്ചെടുക്കുന്ന വേളയില്‍ മലക്കുകള്‍ അവര്‍ക്ക് സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള സന്തോഷ വാര്‍ത്ത നല്‍കും. സത്യനിഷേധികള്‍ മരണത്തെ അഭിമുഖീകരിക്കുന്ന രംഗം അല്ലാഹു വിശദീകരിക്കുന്നു. സത്യം നിഷേധിച്ചവരെ മലക്കുകള്‍ മരിപ്പിക്കുന്ന രംഗം താങ്കളെങ്ങാനും കണ്ടിരുന്നെങ്കില്‍, അവരുടെ മുഖങ്ങളിലും പുറകു വശങ്ങളിലും അടിച്ചുകൊണ്ട് അവരോട് പറയും കത്തിയാളുന്ന നരകശിക്ഷ നിങ്ങള്‍ ആസ്വദിച്ചുകൊണ്ടിരിക്കുക (8:50).

ആത്മാവ് പിടിക്കുന്നതിനെ മലക്കുല്‍ മൗത്തിലേക്കും (32:11), മലക്കുകളിലേക്കും (6:61), അല്ലാഹുവിലേക്കും (39:42) ചേര്‍ത്തുകൊണ്ടു ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ കല്‍പ്പനപ്രകാരം മറ്റു മലക്കുകളുടെ സഹകരണത്തോടെ ചുമതലപ്പെടുത്തപ്പെട്ട മലക്ക് ആ കാര്യം നിര്‍വ്വഹിക്കുന്നുവെന്നാണ് ഇതിന്റെ വിവക്ഷ.
 

Feedback
  • Monday Apr 29, 2024
  • Shawwal 20 1445