Skip to main content

പിശാചിന്റെ കട്ടുകേള്‍വി

പരിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്നതിന് മുമ്പ് ജിന്നുകള്‍ വാനലോകത്തെ രഹസ്യങ്ങള്‍ കട്ടുകേള്‍ക്കുവാന്‍ ശ്രമിച്ചിരുന്നു. അവരുടെ ആ പതിവ് ഖുര്‍ആന്റെ അവതരണ ശേഷവും തുടര്‍ന്നപ്പോള്‍ വാനലോകത്തേക്കുള്ള പ്രവേശനം പരിപൂര്‍ണമായും തടയപ്പെട്ടതായി അവര്‍ കാണുകയും ചെയ്തു. ഇതിന്റെ രഹസ്യമറിയാതെ അവര്‍ ചുറ്റിനടക്കുന്ന സന്ദര്‍ഭത്തിലാണ് ഖുര്‍ആന്‍ പാരായണം കേള്‍ക്കുന്നത്. അപ്പോള്‍ ഈ ഖുര്‍ആന്റെ അവതരണമാണ് ഇതിന്റെ കാരണമെന്ന് മറ്റുള്ള ജിന്നുകളോട് ഇവര്‍ പറയുകയാണ്. 

അല്ലാഹു പറയുന്നു: തീര്‍ച്ചയായും ആകാശത്തിലെ ചില ഇരിപ്പിടങ്ങളില്‍ നാം (കട്ട്) കേള്‍ക്കുവാന്‍ വേണ്ടി ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരെങ്കിലും (കട്ട്) കേള്‍ക്കുകയാണെങ്കില്‍ അവന്‍ കണ്ടെത്തുന്നത് പതിയിരിക്കുന്നതായ തീജ്വാലയാണ് (72:9).

ഖുര്‍ആന്‍ അവതരണത്തിന് മുമ്പ് പിശാചുക്കള്‍ കട്ടുകേട്ട വാര്‍ത്തകള്‍ ജോത്സ്യന്മാരിലേക്കും മറ്റും എത്തിച്ചുകൊടുക്കാറുണ്ടായിരുന്നുവെന്നും ഖുര്‍ആന്‍ അവതരണ ശേഷം അതിന് സാധ്യമല്ലെന്നും, വല്ലവനും കട്ടുകേള്‍ക്കുന്ന പക്ഷം അവനെ നശിപ്പിക്കുന്ന തീജ്വാലകള്‍ അവനെ പിന്തുടര്‍ന്ന് നശിപ്പിക്കുമെന്നും പരിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമായി പറഞ്ഞ് തന്നു. പിശാചുക്കള്‍ ആകാശ ലോകത്ത് നടക്കുന്ന സംസാരം കേട്ട് ജ്യോത്സ്യന്മാരിലേക്ക് എത്തിച്ചുകൊടുക്കുന്നുവെന്ന് വാദിക്കുന്നത് അടിസ്ഥാനരഹിതമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ജിന്നുകള്‍ക്ക് കട്ടുകേള്‍ക്കാനുള്ള സ്വാതന്ത്ര്യം പരിപൂര്‍ണ്ണമായി എടുത്തുകളഞ്ഞതിനെ സംബന്ധിച്ച് അവര്‍തന്നെ പറയുന്നത് കാണൂ, 'തീര്‍ച്ചയായും നമുക്കറിയുകയില്ല ഭൂമിയിലുള്ളവര്‍ക്ക് തിന്മയാണോ ഉദ്ദേശിക്കപ്പെട്ടത് എന്ന്, അതല്ല അവരുടെ രക്ഷിതാവ് അവര്‍ക്ക് സന്മാര്‍ഗമാണോ എന്ന്' (72:10).

അദൃശ്യകാര്യം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ, അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് വഹ്‌യ് മുഖേന നബിമാര്‍ക്ക് അറിയിച്ചുകൊടുക്കുകയും ചെയ്യുന്നു. ആകാശലോകത്തേക്കുള്ള പിശാചിന്റെ പ്രവേശം പരിപൂര്‍ണ്ണമായും വിരോധിക്കുന്നതിന് മുമ്പ് മലക്കുകള്‍ തമ്മിലുള്ള സംഭാഷണം പിശാചുക്കള്‍ കട്ടുകേട്ട് ഭൂമിയിലുള്ള അവരുടെ മിത്രങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുമായിരുന്നു. അല്ലാഹു പറയുന്നു. ഞങ്ങള്‍ (രഹസ്യങ്ങള്‍ കണ്ടെത്താന്‍ വേണ്ടി) ആകാശത്തെ തൊട്ടുനോക്കി. അപ്പോള്‍ അത് ശക്തരായ പാറാവുകാരാലും തീ ജ്വാലകളാലും നിറയ്ക്കപ്പെട്ടതായി ഞങ്ങള്‍ കണ്ടെത്തി. (72:8) നബി(സ)യുടെ നിയോഗത്തോടെ പിശാചുക്കളുടെ പ്രവേശനം നിയന്ത്രിക്കപ്പെട്ടു. ചില കാവല്‍ക്കാരെ ഏര്‍പ്പെടുത്തുകയും നക്ഷത്രങ്ങളില്‍ നിന്നുള്ള ഉല്‍ക്കകളാല്‍ അവര്‍ എറിഞ്ഞു ആട്ടപ്പെടുകയും ചെയ്തു. ഇമാം ക്വുര്‍ത്വുബി(റ) ഉപരിസൂചിത ആയത്തിന്റെ തഫ്‌സീറില്‍ ഇപ്രകാരം പറയുന്നു. 'ധിക്കാരികളായ ജിന്നുകള്‍ ആകാശത്തിലെ വാര്‍ത്തകള്‍ മലക്കുകളില്‍ നിന്ന് കേട്ടു. അത് ജ്യോത്സ്യന്മാര്‍ക്ക് കൊടുക്കാന്‍ വേണ്ടി കട്ടുകേള്‍ക്കുമായിരുന്നു. എന്നാല്‍ മുഹമ്മദ് നബി(സ)യെ പ്രവാചകനായി നിയോഗിച്ചപ്പോള്‍ കരിച്ചുകളയുന്ന തീജ്വാലകള്‍ക്കൊണ്ട് അല്ലാഹു കാവല്‍ ഏര്‍പ്പെടുത്തി. അപ്പോള്‍ ജിന്നുകള്‍ പറഞ്ഞു. ഇപ്പോള്‍ ആരെങ്കിലും ശ്രദ്ധിച്ചു കട്ട് കേള്‍ക്കുകയാണെങ്കില്‍ പതിയിരിക്കുന്ന അഗ്നിജ്വാലയെ അവര്‍ക്ക് കണ്ടെത്താനാകും' (അല്‍ജാമിഅ് ലിഅഅകാമില്‍ ഖുര്‍ആന്‍ ഖുര്‍ത്വുബി 19-12).

ഖുര്‍ആന്‍ അവതരണത്തിന് മുമ്പ് വാനലോകത്ത് വെച്ച് മലക്കുകള്‍ തമ്മില്‍ നടത്തുന്ന സംഭാഷണങ്ങള്‍ പിശാചുക്കള്‍ കേള്‍ക്കുകയും അവരുടെ ആളുകള്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന സമ്പ്രദായം ഖുര്‍ആന്‍ അവതരണത്തോടെ അസാധ്യമാക്കുകയും അതിന് ശേഷം ആരെങ്കിലും കട്ടുകേള്‍ക്കാന്‍ ശ്രമിച്ചാല്‍ അതിന് സാധ്യമല്ലെന്നും അതിശക്തമായ തീജ്വാല അവരെ പിന്തുടരുമെന്നും ഖുര്‍ആന്‍ വ്യക്തമാക്കി. ഇനി ഒരിക്കലും കട്ടുകേള്‍ക്കാന്‍ സാധ്യവുമല്ല. ജാഹിലിയാ കാലത്ത് പിശാചുക്കള്‍ കട്ടുകേട്ട വിവരങ്ങളെക്കുറിച്ച് ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) ഇങ്ങനെ പറയുന്നു. 'ഞാന്‍ റസൂല്‍(സ)യോട് ചോദിച്ചു ജ്യോത്സ്യന്മാര്‍ ഞങ്ങളോട് ചില കാര്യങ്ങള്‍ പറയാറുണ്ടായിരുന്നു. അതില്‍ ചിലത് സത്യമാകാറുണ്ട്. അപ്പോള്‍ നബി(സ) പറഞ്ഞു, സത്യമായ വാക്ക് ജിന്നുകള്‍ തട്ടിയെടുക്കുന്നതാണ്. എന്നിട്ടത് അവരുടെ മിത്രങ്ങളുടെ കാതുകളിലേക്ക് നൂറുകളവുകളും കൂട്ടിച്ചേര്‍ത്ത് ഇട്ടുകൊടുക്കും' (മുസ്ലിം).
 

Feedback