Skip to main content

മലക്കുകള്‍: വിശ്വാസത്തിന്റെ പ്രാധാന്യം

പരിശുദ്ധരും ആദരണീയരുമായ മലക്കുകളിലുള്ള വിശ്വാസത്താല്‍ സത്യവിശ്വാസി നേടുന്ന ഗുണങ്ങള്‍ മലക്കുകളിലുള്ള ദൃഢവിശ്വാസത്തിന്റെ അനിവാര്യതയെയാണ് ബോധ്യപ്പെടുത്തുന്നത്.

1) മലക്കുകളില്‍ വിശ്വസിച്ചാല്‍ അവരെ സൃഷ്ടിച്ച മഹാനും ഉന്നതനുമായ സ്രഷ്ടാവിന്റെ കഴിവും അധികാരവും മനസ്സിലാക്കുവാന്‍ സാധിക്കുന്നു. സൃഷ്ടികളുടെ മഹത്വങ്ങള്‍ സ്രഷ്ടാവിന്റെ മഹത്വത്തെയാണ് സൂചിപ്പിക്കുന്നത്.

2) മനുഷ്യരുടെ നന്മകള്‍ക്ക് വേണ്ട സംരക്ഷണവും മറ്റും മലക്കുകളിലൂടെ അല്ലാഹു മനുഷ്യന് നല്‍കിയിട്ടുണ്ടെന്ന് മനസ്സിലാക്കുമ്പോള്‍ അവന്‍ അല്ലാഹുവിന് നന്ദി ചെയ്യാന്‍ തയ്യാറാകുന്നു.

3) അല്ലാഹുവിന്റെ ഏകത്വത്തിലുള്ള വിശ്വാസവും പാരത്രിക ജീവിതത്തിലുള്ള വിശ്വാസവും പൂര്‍ണമാകുന്നത്, അല്ലാഹുവിന്റെ ആദരണീയ സൃഷ്ടികളായ മലക്കുകളിലുള്ള ദൃഢവിശ്വാസത്തിന്റെ പൂര്‍ത്തീകരണം കൊണ്ട് മാത്രമാണ്.

അല്ലാഹു പറയുന്നു. “സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതനിലും അവന്റെ ദൂതന് അവതരിപ്പിച്ച ഗ്രന്ഥത്തിലും അവന്‍ മുമ്പ് അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു” (4:136).

വഹ്‌യ് എത്തിക്കല്‍, മനുഷ്യരെ മരിപ്പിക്കല്‍, മനുഷ്യര്‍ക്ക് സംരക്ഷണം നല്‍കല്‍, മനുഷ്യരുടെ കര്‍മങ്ങള്‍ നിരീക്ഷിക്കല്‍, രേഖപ്പെടുത്തല്‍, മനുഷ്യരില്‍ അല്ലാഹുവിന്റെ ശിക്ഷ നടപ്പാക്കല്‍, മനുഷ്യര്‍ക്ക് കരുണ ചൊരിയല്‍, കാഹളത്തില്‍ ഊതല്‍ എന്നിവയൊക്കെ അല്ലാഹു മലക്കുകളാകുന്ന ദൂതന്മാരിലൂടെയാണ് നടപ്പിലാക്കുന്നത്. അല്ലാഹുവിലും അന്ത്യദിനത്തിലും പരലോകത്തിലുമുള്ള വിശ്വാസത്തിന്റെ പൂര്‍ത്തീകരണത്തിന് മലക്കുകളിലുള്ള വിശ്വാസം പരമ പ്രധാനം തന്നെയാണ്.

Feedback