Skip to main content

മലക്കുകളിലുള്ള വിശ്വാസം

വിശ്വാസ കാര്യങ്ങളില്‍ (ഈമാന്‍ കാര്യങ്ങളില്‍) രണ്ടാമത്തേതാണ് മലക്കുകളിലുള്ള വിശ്വാസം. വഹ്‌യി(ദിവ്യബോധനം)ലൂടെ ലഭിച്ചതാണ് മലക്കുകളെ സംബന്ധിച്ച എല്ലാ വിവരങ്ങളും. അതിനാല്‍ മലക്കുകളുടെ അസ്തിത്വം ആരെങ്കിലും നിഷേധിച്ചാല്‍ അത് വഹ്‌യിന്റെയും പ്രവാചകത്വത്തിന്റെയും നിഷേധമാണ്. അല്ലാഹുവിലും പരലോകത്തിലുള്ള വിശ്വാസത്തോടൊപ്പമാണ് മലക്കുകളിലുള്ള വിശ്വാസത്തെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ളത്. 

എന്നാല്‍ അല്ലാഹുവിലും പരലോകത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുകയും …….. (2:177) 

മലക്കുകളെ സംബന്ധിച്ച് നമുക്ക് ലഭിച്ച അറിവുകള്‍ വളരെ പരിമിതമാണ്. മനുഷ്യ ചിന്തയുടെ പരിധിക്കും വിജ്ഞാനത്തിന്റെ അതിര്‍ത്തിക്കുമപ്പുറത്താണ് അത്. വഹ്‌യിന്റെ അടിസ്ഥാനത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ നിന്നും നബി(സ)യുടെ വചനങ്ങളില്‍ നിന്നും വ്യക്തമായ കാര്യങ്ങള്‍ അതേ പടി വിശ്വസിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. 

മലക്കുകളിലുള്ള വിശ്വാസം എന്ന് പറയുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.

1) മലക്കുകള്‍ അഭൗതിക സൃഷ്ടികളും അവരുടെ ലോകം നമുക്ക് അജ്ഞാതവുമായതിനാല്‍ (ഗൈബ്) അവരുണ്ട് എന്ന വിശ്വാസത്തിന് പ്രഥമപ്രാധാന്യമുണ്ട്.

2) മലക്കുകള്‍ ആരാണെന്നും എങ്ങനെയുള്ളവരാണെന്നും അല്ലാഹുവും അവന്റെ വഹ്‌യിന്റെ അടിസ്ഥാനത്തില്‍ റസൂല്‍(സ)യും പഠിപ്പിച്ചു തരുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളുക. അവര്‍ അല്ലാഹുവിന്റെ പരമ വിശുദ്ധരായ സൃഷ്ടികളാണ്. പാപസുരക്ഷിതരും, അല്ലാഹുവിന്റെ കല്‍പനകളെ യഥാവിധി അംഗീകരിക്കുന്നവരും യാതൊരു ധിക്കാരവും കാണിക്കാത്തവരുമാണ്.

3) മലക്കുകള്‍ക്ക് എന്ത് ചുമതലയാണോ അല്ലാഹു ഏല്‍പ്പിച്ചിരിക്കുന്നത് അത് ഏറ്റവും സൂക്ഷ്മവും കൃത്യവുമായി അവര്‍ നിര്‍വ്വഹിക്കുന്നു. അല്ലാഹുവിനെ ആരാധിച്ചും സ്തുതി കീര്‍ത്തനങ്ങളര്‍പ്പിച്ചും അവനെ അങ്ങേയറ്റം ഭയപ്പെട്ടും കഴിയുന്നവരാണവര്‍.

4) അല്ലാഹുവിന്റെ അധികാരങ്ങളിലും പ്രവര്‍ത്തനങ്ങളിലും തീരുമാനങ്ങളിലും യാതൊരുവിധ പങ്കും അവര്‍ക്കില്ല. അല്ലാഹുവിന്റെ അടിമകള്‍ എന്ന വിശേഷണമല്ലാതെ അവര്‍ക്ക് നല്‍കപ്പെടാന്‍ പാടില്ല.

5) അല്ലാഹുവിന് മാത്രം അര്‍പ്പിക്കപ്പെടേണ്ടുന്ന ഒരു ആരാധനയും മലക്കുകള്‍ക്ക് നല്‍കിക്കൂടാ. മലക്കുകളോട് പ്രാര്‍ത്ഥിക്കുന്നതും അവര്‍ക്ക് നേര്‍ച്ച വഴിപാടുകള്‍ നേരുന്നതും അവരുടെ പേരില്‍ പ്രതിഷ്ഠകളോ വിഗ്രഹങ്ങളോ സ്ഥാപിച്ച് പൂജാവഴിപാടുകള്‍ ചെയ്യുന്നതും വ്യക്തമായ ബഹുദൈവാരാധനയാണ്. 

6) സ്വന്തമായി തീരുമാനങ്ങളെടുക്കാനോ മറ്റു സൃഷ്ടികളുടെ പ്രാര്‍ഥനകേട്ട് ഉത്തരം ചെയ്യാനോ, അല്ലാഹുവിന്റെ തീരുമാനങ്ങള്‍ മറികടക്കാനോ അവര്‍ക്ക് സാധ്യമല്ല.

7) മലക്കുകളെ അല്ലാഹുവിന്റെ സന്താനങ്ങളായി വിശേഷിപ്പിക്കുന്നതും മഹാ പാപമാണ്.

8) പേര് പറയപ്പെട്ടവരെന്നോ പറയപ്പെടാത്തവരെന്നോ വ്യത്യാസം കൂടാതെ വിശദാംശങ്ങള്‍ അറിയിക്കപ്പെട്ടവരും അല്ലാത്തവരുമായ എല്ലാ മലക്കുകളിലും സമ്പൂര്‍ണമായി വിശ്വാസമര്‍പ്പിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ഥ വിശ്വാസമാകുന്നത്.

അല്ലാഹു പറയുന്നു. “തന്റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതില്‍ പ്രവാചകനും സത്യവിശ്വാസികളും വിശ്വസിച്ചിരിക്കുന്നു. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകള്‍, ഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്‍ എന്നിവയിലും വിശ്വസിച്ചവരാണ്. ഞങ്ങള്‍ അവന്റെ ദൂതന്മാര്‍ക്കിടയില്‍ ഒരു വിവേചനവും പുലര്‍ത്തുന്നവരല്ല (എന്ന് പ്രഖ്യാപിച്ചവരാണവര്‍). ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ നീ ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ, നിന്നിലേക്ക് തന്നെയാണ് മടക്കം (എന്ന് പറയുകയും ചെയ്തവരാണവര്‍) (2:285)”.

9) മലക്കുകളുമായി മറ്റാരെക്കാളും ആത്മബന്ധവും സൗഹൃദവും പുലര്‍ത്താന്‍ അവസരം ലഭിച്ചവര്‍ പ്രവാചകന്മാരാണ്. അവര്‍ക്കും മലക്കുകളെ കാണുവാന്‍ കഴിഞ്ഞിട്ടില്ല.

10) ഉപരിലോക വാസികളായ മലക്കുകളുമായി ബന്ധം സ്ഥാപിക്കാനും അവിടത്തെ വിവരങ്ങള്‍ കട്ടുകേള്‍ക്കാനും പിശാചുക്കള്‍ ശ്രമിച്ചപ്പോള്‍ അല്ലാഹു അവിടെ സുരക്ഷാ സംവിധാനവും പ്രതിരോധവും ഏര്‍പ്പെടുത്തി. അങ്ങോട്ട് ആര്‍ക്കും കടന്നുചെല്ലാന്‍ സാധ്യമല്ലാത്തവിധം സുരക്ഷിതമാക്കി.
 

Feedback